Begin typing your search above and press return to search.
10 ദിവസംകൊണ്ട് സപ്ലൈകോ നേടിയത് 170 കോടിയുടെ വിറ്റുവരവ്
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 19 മുതല്‍ 28വരെ സപ്ലൈകോ വില്‍പ്പനശാലകളില്‍ 170 കോടിയുടെ വിറ്റുവരവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. സപ്ലൈകോയുടെ 1,527 വില്‍പ്പനശാലകളിലായാണ് ഓണം ഫെയര്‍ നടന്നത്. 14 ജില്ലാ ഫെയറുകളില്‍ മാത്രം 6.5 കോടി രൂപയുടെ വില്‍പ്പന നടന്നു. മുന്‍ വര്‍ഷമിത് 2.51 കോടിയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
13 ഇനം സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിനാണ് പ്രധാനമായും സപ്ലൈകോയെ ആശ്രയിക്കുന്നത്. പൊതു വിപണിയില്‍ 1,200 രൂപയോളം വിലയുള്ള 13 ഇനം ആവശ്യസാധനങ്ങള്‍ നിശ്ചിത അളവില്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ ഏകദേശം 650 രൂപയ്ക്കാണ് ലഭ്യമാക്കിയത്. ഓണക്കാല വിപണി ഇടപെടലിലൂടെ മാത്രം സപ്ലൈകോയ്ക്ക് ഏകദേശം 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് ഏകദേശം 32 ലക്ഷം കാര്‍ഡുടമകള്‍ സംസ്ഥാനത്തെ സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാൻ എത്തി. റേഷന്‍ കടകളിലൂടെ ഓഗസ്റ്റിൽ 83 ശതമാനം പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റിയതായും മന്ത്രി പറഞ്ഞു.
ഓണക്കിറ്റ് വിതരണം
സംസ്ഥാനത്തെ 5,87,000 എ.എ.വൈ (മഞ്ഞ) കാര്‍ഡ് ഉടമകളില്‍ 5,24,428 പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവന്‍ കിറ്റുകളും സഞ്ചരിക്കുന്ന റേഷന്‍കടകള്‍ വഴി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിച്ചു നല്‍കി. ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥര്‍ നേരിട്ട് കിറ്റുകള്‍ എത്തിച്ചു.
സെപ്റ്റംബര്‍ ഒന്നുവരെ ഇ-പോസ് വഴി 5,10,754 ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളില്‍ 8,162 കിറ്റുകളും 5,543 എണ്ണം ആദിവാസി ഈരുകളിലും വിതരണം ചെയ്തു. ബാക്കി കിറ്റുകളുടെ വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story