

ധനം വായനക്കാര്‍ക്കായി ഈ ഓണം നാളുകളിൽ ഓഹരി വിപണിയിൽ നിന്ന് മികച്ച നേട്ടം കൊയ്യാൻ അനുയോജ്യമായ മൂന്ന് കരുത്തുറ്റ ഓഹരികള്‍ നിര്‍ദേശിച്ചിരിക്കുകയാണ് പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ ഡിബിഎഫ്എസ് (DBFS) മാനേജിംഗ് ഡയറക്ടർ പ്രിൻസ് ജോർജ്. ഫെഡറൽ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ്ഫിന, ഫുഡ് ഡെലിവറി ഭീമന്മാരായ സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണൽ ലിമിറ്റഡ്, ഫാർമ മേഖലയിലെ കരുത്തരായ സൈഡസ് ലൈഫ് സയൻസസ് എന്നിവയാണ് ഈ 'ഓണം പോർട്ട്‌ഫോളിയോ'യിൽ ഇടം നേടിയിരിക്കുന്നത്.
വിപണിയിലെ താത്കാലിക അസ്ഥിരതകൾക്കിടയിലും ശക്തമായ അടിസ്ഥാന ഘടകങ്ങളും (Fundamentals) വരുമാന വളർച്ചയും നിലനിർത്തുന്ന ഈ മൂന്ന് കമ്പനികളുടെ വിശദാംശം പരിശോധിക്കാം:
ഫെഡറല്‍ ബാങ്കിന്റെ കീഴിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണിത്. പ്രധാനമായും ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി ഈടാക്കാതെയുള്ള വായ്പകളും സ്വര്‍ണപ്പണയ വായ്പകളുമാണ് ഇവര്‍ നല്‍കുന്നത്. 17 സംസ്ഥാനങ്ങളിലായി 757 ശാഖകളുണ്ട്.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (അഡങ) 34.7% വര്‍ധിച്ച് 21,136 കോടി രൂപയായി. ഇത് കമ്പനി ലക്ഷ്യമിട്ട 20-25 ശതമാനത്തേക്കാള്‍ കൂടുതലാണ്. നികുതിക്ക് ശേഷമുള്ള ലാഭം 52.5% ഉയര്‍ന്ന് 114.4 കോടി രൂപയായി. ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെടുന്നുണ്ട്. 2027 സാമ്പത്തിക വര്‍ഷം 200 പുതിയ ശാഖകള്‍ കൂടി തുറക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ കമ്പനിയുടെ ഭാവി വളര്‍ച്ചാസാധ്യതകള്‍ അനുകൂലമാണ്. ഫെഡ്ഫിനയുടെ നിലവിലെ വിപണി മൂല്യം 5,800 കോടി രൂപയാണ്. മികച്ച പ്രവര്‍ത്തന ഫലങ്ങളും ലാഭവിഹിതം വര്‍ധിക്കാനുള്ള സാധ്യതയും ഉള്ളതിനാല്‍ ഈ ഓഹരി ആകര്‍ഷകമായ വിലയിലാണ് ലഭ്യമായിരിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ പി/ഇ അനുപാതം 14.77 ആണ്.
ഇന്ത്യയിലെ പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ, ക്വിക്ക് കൊമേഴ്സ് സ്ഥാപനമായ ബ്ലിങ്കിറ്റ്, റെസ്റ്റൊറന്റുകള്‍ക്കായുള്ള ഹൈപ്പര്‍പ്യൂര്‍, ഇവന്റ്‌സ് പ്ലാറ്റ്ഫോമായ ഡിസ്ട്രിക്റ്റ് എന്നിവയുടെ മാതൃകമ്പനിയാണിത്. ഇതില്‍ ബ്ലിങ്കിറ്റാണ് ഇപ്പോള്‍ കമ്പനിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത്. 2027 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ആകെ വരുമാനത്തിന്റെ 77.5 ശതമാനവും, അതായത് 15,664 കോടി രൂപയും ബ്ലിങ്കിറ്റില്‍ നിന്നാണ്. ഈ വിഭാഗം ആദ്യമായി ലാഭത്തിലേക്ക് എത്തിയിട്ടുമുണ്ട്. 2027 ഒന്നാം പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 182% വര്‍ധിച്ച് 20,211 കോടി രൂപയായും ലാഭം 268% വര്‍ധിച്ച് 92 കോടി രൂപയായും ഉയര്‍ന്നു. ക്വിക്ക് കൊമേഴ്സ് രംഗത്തെ കടുത്ത മത്സരത്തിനിടയിലും ബ്ലിങ്കിറ്റിന്റെ ലാഭക്ഷമതയാണ് കമ്പനിയുടെ ഭാവി നിര്‍ണയിക്കുന്നത്. കൂടുതല്‍ ഡെലിവറി സെന്ററുകള്‍ തുടങ്ങിക്കൊണ്ട് കമ്പനി ഇപ്പോള്‍ നല്ല രീതിയില്‍ വരുമാനം നേടിത്തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ കമ്പനിയുടെ വരുമാനവും ലാഭവും കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
ബ്രാന്‍ഡഡ്/ജനറിക് മരുന്നുകള്‍, യുഎസ് ജനറിക്‌സ്, എപിഐകള്‍, ഉപഭോക്തൃ ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ സജീവമായഇന്ത്യന്‍ ഫാര്‍മ ഭീമനാണ് സൈഡസ്. കൂടാതെ യുഎസില്‍ വോളിയം അനുസരിച്ച് അഞ്ചാമത്തെ വലിയ ജനറിക് ഫാര്‍മ കമ്പനിയുമാണ്. 2026 സാമ്പത്തിക വര്‍ഷം കമ്പനി 27,148 കോടി രൂപ വരുമാനം നേടി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 16.89% കൂടുതലാണ്.
പ്രതിഓഹരി വരുമാനം 50.09 രൂപയായി ഉയര്‍ന്നു. അമിതവണ്ണവും ശരീരഭാരവും കുറക്കാനുള്ള സെമാഗ്ലുടൈഡ് (Semaglutide) മരുന്നിന്റെ സാധ്യതകള്‍ കമ്പനിയുടെ വരുമാനവും ലാഭവും ഗണ്യമായിവര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പി/ഇ അനുപാതം 22.22 ആണ്. ഓഹരി വാങ്ങാന്‍ വളരെ അനുയോജ്യമായ ഒരു വിലയാണിത്.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Financial experts highlight Fedfina, Eternal Ltd, and Zydus Life Sciences as promising stock investments during this Onam festival season.
(ധനം മാഗസീന്‍ 2026 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine