സാന്ത്വന ചികിത്സാ രംഗത്ത് വിശ്വസ്തതയുടെ അടയാളം; മികവിന്റെ കയ്യൊപ്പുമായി കാന്‍കെയര്‍

കൊച്ചിയില്‍ വിവിധയിടങ്ങളിലായി 150 കിടക്കകളോടെയുള്ള സംവിധാനങ്ങള്‍ കാന്‍കെയറിനുണ്ട്. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും രോഗീപരിചരണത്തില്‍ മികച്ച പരിശീലനം ലഭിച്ച ജീവനക്കാരുമടങ്ങുന്ന ഒരു ടീമാണ് കാന്‍കെയറില്‍ സേവന സന്നദ്ധരായുള്ളത്.
Kancare
ഡോ. ബോബി സാറ തോമസ്
Published on

ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് മരുന്നുകള്‍ക്കപ്പുറം 'സാന്ത്വന സ്പര്‍ശത്തിന്' എത്രത്തോളം പ്രസക്തിയുണ്ടെന്ന് തെളിയിക്കുകയാണ് ഡോ. ബോബി സാറ തോമസ് കാന്‍കെയര്‍ എന്ന അസിസ്റ്റഡ് ലിവിങ് സംരംഭത്തിലൂടെ.

റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയിലും, വേദനിക്കുന്നവരിലേക്ക് ആശ്വാസമായി ആഴ്ന്നിറങ്ങാന്‍ കണ്ടെത്തിയ വഴിയാണ് ഇന്ന് അനേകര്‍ക്ക് തണലേകുന്ന കാന്‍കെയര്‍. അമൃത ആശുപത്രിയിലെ സേവനത്തിനിടയില്‍ ലഭിച്ച ചെറിയ ഇടവേളയില്‍ പാലിയേറ്റീവ് ട്രെയിനിംഗില്‍ പങ്കെടുക്കാനായതാണ് ഡോക്ടറുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമായത്.

ഒറ്റ മുറിയില്‍ തുടക്കം

ഒരു സുഹൃത്ത് നല്‍കിയ ചെറിയൊരു മുറിയിലാണ് കാക്കനാട് കാന്‍കെയര്‍ ആരംഭിക്കുന്നത്. ഒരു നഴ്സും ഒരു ഡ്രൈവറുമായി വീടുകളിലെത്തി ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിത്തുടങ്ങി. ഒരു വര്‍ഷത്തില്‍ തന്നെ നൂറോളം രോഗികള്‍ക്ക് സേവനം നല്‍കാനും കഴിഞ്ഞു. രണ്ടാം വര്‍ഷം അത് 200 ആയി. രോഗം ബാധിച്ച് കിടപ്പിലായവരെ നേരില്‍ കണ്ടപ്പോഴാണ് പാലിയേറ്റീവ് കെയര്‍ രംഗത്തെ പരിതാപകരമായ സാഹചര്യം ഡോ. ബോബി സാറ നേരിട്ടറിയുന്നത്.

അക്കാലത്ത് കിടപ്പുരോഗികളെ പരിചരിക്കുന്ന പലര്‍ക്കും മതിയായ പരിശീലനം ലഭിച്ചിട്ടില്ലായിരുന്നു. വീടുകളില്‍ പോയി സേവനം നല്‍കുന്നതിനിടെ ഒരു രോഗിയാണ് ഡോക്ടറോട് കാന്‍സര്‍ രോഗികളെ പരിചരിക്കാന്‍ ഒരു സെന്റര്‍ തുടങ്ങാന്‍ പറയുന്നത്. അങ്ങനെ ഒരു കേന്ദ്രം വന്നാല്‍ അവിടെ വരാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം ഐടി പ്രൊഫഷണലായ ജീവിതപങ്കാളിയോട് കൂടി ചര്‍ച്ച ചെയ്യുകയും കാന്‍കെയര്‍ ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി തുടങ്ങുകയും ചെയ്തു.

അതിവേഗ വളര്‍ച്ച

2018ല്‍ 10 കിടക്കകളോടെയായിരുന്നു ആരംഭം. 2019 ഓടെ കിടക്കകളുടെ എണ്ണം 25 ആയി. കാന്‍കെയറിന്റെ സേവനം തേടിയവര്‍ തന്നെയാണ് മറ്റുള്ളവരോട് സെന്ററിനെ കുറിച്ച് പറഞ്ഞത്. അങ്ങനെ പാലിയേറ്റീവ് കെയര്‍ രംഗത്ത് കാന്‍കെയറിന്റെ ഉയര്‍ന്ന നിലവാരം ആളുകള്‍ അറിയാന്‍ തുടങ്ങി. അതോടെ വളര്‍ച്ചയും അനിവാര്യമായി.

ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന് ബാങ്ക് വായ്പ ലഭിക്കാത്തതുകൊണ്ട് 2021ല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. ഇന്ന് കൊച്ചിയില്‍ വിവിധയിടങ്ങളിലായി 150 കിടക്കകളോടെയുള്ള സംവിധാനങ്ങള്‍ കാന്‍കെയറിനുണ്ട്. കാക്കനാട്, കളമശ്ശേരി, എളമക്കര എന്നിവിടങ്ങളിലാണത്. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും രോഗീപരിചരണത്തില്‍ മികച്ച പരിശീലനം ലഭിച്ച ജീവനക്കാരുമടങ്ങുന്ന ഒരു ടീമാണ് കാന്‍കെയറില്‍ സേവന സന്നദ്ധരായുള്ളത്.

മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ കേരളത്തില്‍ കൂടിവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മതിയായ പരിചരണം ലഭ്യമാേക്കണ്ടതുണ്ട്. പ്രൊഫഷണല്‍ സമീപനമുള്ള മികച്ച സെന്ററുകള്‍ ഇവിടെ ആവശ്യമായി വന്നതാണ് വളര്‍ച്ചയില്‍ നാഴികക്കല്ലായത്. ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതും പ്രായാധിക്യമുള്ളവരില്‍ ഡിമന്‍ഷ്യ പോലുള്ളവ വ്യാപകമാകുന്നതും സമൂഹത്തില്‍ ഇത്തരം സെന്ററുകളുടെ പ്രസക്തി കൂട്ടുന്നു വെന്ന് ഡോ. ബോബി സാറ തോമസ് പറയുന്നു.

വിപുലീകരണ പദ്ധതികള്‍

കാന്‍കെയറിന്റെ എല്ലാ രംഗത്തും പ്രൊഫഷണല്‍ ടീമാണുള്ളത്. അതുതന്നെയാണ് ഇതിന്റെ സവിശേഷതയും. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ തുടങ്ങി കേരളത്തില്‍ സാധ്യമായിടത്തേക്കെല്ലാം പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കാന്‍കെയര്‍. വിപുലീകരണത്തിനായി പാര്‍ട്ണര്‍ഷിപ്പ്, ഫ്രാഞ്ചൈസി രീതികളും പരിഗണനയിലുണ്ട്.

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com