
കേരളത്തിലെ ഇലക്ട്രോണിക്സ്-ഗൃഹോപകരണ രംഗത്ത് മൂന്നര പതിറ്റാണ്ടിലേറെക്കാലമായുണ്ട് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്. സംസ്ഥാനത്തെ 70 പട്ടണങ്ങളിലായി 84 റീറ്റെയ്ല്‍ സ്റ്റോറുകളുമായി തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട്. കടുത്ത മത്സരമുള്ള, വമ്പന്മാര്‍ മേയുന്ന ഈ രംഗത്ത് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ വിജയരഹസ്യമെന്താണ്? ''കസ്റ്റമേഴ്‌സിന്റെ സംതൃപ്തി. അത് ഉറപ്പാക്കാന്‍ ഏതറ്റം വരെ സഞ്ചരിക്കാനും ഞങ്ങള്‍ക്ക് മടിയില്ല. ഇടപാടുകാര്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഈ യാത്രയുടെ ഇന്ധനം,'' മാനേജിംഗ് ഡയറക്റ്റര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറയുന്നു.
അമേരിക്കന്‍ കമ്പനിയായിരുന്ന അരാംകോയില്‍ സീനിയര്‍ എന്‍ജിനീയര്‍ പദവിയില്‍ സൗദി അറേബ്യ കേന്ദ്രീകരിച്ച് ഏറെ വര്‍ഷങ്ങള്‍ ചെലവിട്ട പീറ്റര്‍ പോള്‍, ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത് തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ്. ബിസിനസില്‍ വളര്‍ച്ച വേണം. അത് സുസ്ഥിരമാകണം. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ളതുമാകണം. 1990ല്‍ പെരുമ്പാവൂരില്‍ ആദ്യ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഷോറൂം തുറക്കുന്ന ആദ്യംദിനം മുതലേ ഈ കാഴ്ചപ്പാടുണ്ട്. ''പിട്ടാപ്പിള്ളില്‍ മൂല്യങ്ങളുള്ള ഒരു പ്രസ്ഥാനമായി വളരണമെന്നായിരുന്നു എന്റെ ലക്ഷ്യം,'' പീറ്റര്‍ പോള്‍ പറയുന്നു.
ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും കേരളത്തിലെ കുടുംബങ്ങളില്‍ ആഡംബര വസ്തുക്കളായിരുന്ന കാലം. ഷോപ്പിലെത്തുന്ന ഇടപാടുകാരന് ഗൃഹോപകരണങ്ങള്‍ വില്‍പ്പന നടത്തി, പണം വാങ്ങുന്നതില്‍ ഒതുങ്ങിയിരുന്നില്ല പിട്ടാപ്പിള്ളിലിന്റെ ബിസിനസ്. ''എംഡി ഞങ്ങളോട് എന്നും പറയുന്ന കാര്യമുണ്ട്. ഉപഭോക്താക്കള്‍ വാങ്ങുന്നതെന്തും അവര്‍ വീടുകളിലെത്തിച്ച് ഉപയോഗിച്ച് സംതൃപ്തരാകുന്നതു വരെ ആ സെയ്ല്‍ ക്ലോസ് ചെയ്യുന്നില്ല. ഉപഭോക്താക്കളെ സംതൃപ്തരാക്കിയാല്‍ മാത്രമേ അവര്‍ വീണ്ടും വീണ്ടും ഷോപ്പിലേക്ക് വരൂ,'' പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും പീറ്റര്‍ പോളിന്റെ മകളുടെ ഭര്‍ത്താവുമായ കിരണ്‍ വര്‍ഗീസ് പറയുന്നു.
വിപണിയില്‍ മത്സരം സ്വാഭാവികം. അതില്‍ നാം ഭയക്കേണ്ടതില്ല. വമ്പന്മാരോട് നേരിട്ട് മത്സരിക്കാനും പോകേണ്ട. സ്വന്തം ഉപഭോക്താക്കളെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുക. അവര്‍ നഷ്ടപ്പെടാതെ നോക്കുക. ഇതാണ് തന്റെ വഴിയെന്നാണ് പീറ്റര്‍ പോള്‍ പറയുന്നത്. ''കേരളത്തിലെ ഡിജിറ്റല്‍-ഇലക്ട്രോണിക്സ് ഗൃഹോപകരണ വിപണി വിശാലമാണ്. ഇതില്‍ നമ്മള്‍ നേടിയിരിക്കുന്ന വിപണി വിഹിതം കുറയാതെ നോക്കണം. ഒപ്പം നേടിയെടുക്കാന്‍ പറ്റുന്ന ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് ക്ഷമയോടെ പ്രവര്‍ത്തിക്കണം. ഇ-കൊമേഴ്സ് വമ്പന്മാര്‍ വന്നപ്പോള്‍ ഓഫ്‌ലൈൻ സ്റ്റോറുകള്‍ക്ക് തിരിച്ചടിയാവുമെന്ന ആശങ്ക ശക്തമായിരുന്നു. പക്ഷേ ഇപ്പോഴും ഓഫ്‌ലൈൻ സ്റ്റോറുകള്‍ പ്രസക്തിയോടെ നിലനില്‍ക്കുന്നില്ലേ? മാറ്റങ്ങള്‍ വരും. മത്സരം കൂടും. നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഉപഭോക്താവിനെയും ബിസിനസിനെയുമാണ്,'' പീറ്റര്‍ പോള്‍ പറയുന്നു.
ബിസിനസില്‍ ലാഭം വേണം. പക്ഷേ ലാഭം കൂട്ടാന്‍ കുറുക്കുവഴികള്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് സ്വീകരിക്കാറില്ല. കൂടുതല്‍ ലാഭം തരുന്ന ബ്രാന്‍ഡുകളെ തിരഞ്ഞെടുത്ത് ഷോറൂമില്‍ അണിനിരത്തുന്ന ശൈലി ഇവര്‍ക്കില്ല. ''ഇത്തരത്തിലുള്ള ബിസിനസ് രീതികള്‍ക്ക് സുസ്ഥിരതയുണ്ടാവില്ല. വിശ്വാസ്യതയുള്ള പ്രസ്ഥാനമായി പിട്ടാപ്പിള്ളിലിനെ വളര്‍ത്തുകയായിരുന്നു ലക്ഷ്യം'' പീറ്റര്‍ പോള്‍ നയം വ്യക്തമാക്കുന്നു.
1500 ഓളം ജീവനക്കാര്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിനൊപ്പമുണ്ട്. ഇതില്‍ ഏത് തലത്തിലുള്ളവരുമായി തന്റെ കാഴ്ചപ്പാടുകള്‍ എത്രവട്ടം വേണമെങ്കിലും പറയാന്‍ പീറ്റര്‍ പോളിന് മടിയില്ല.
''ഒരേ കാര്യം തന്നെ അദ്ദേഹം എത്രവട്ടം വേണമെങ്കിലും ആവര്‍ത്തിച്ച് പറയും. അദ്ദേഹം ലക്ഷ്യമിടുന്നതെന്തോ അതിലേക്ക് ടീമിനെ എത്തിക്കുകയും ചെയ്യും,'' പീറ്റര്‍ പോളിന്റെ മകളും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഡയറക്റ്ററുമായ മരിയ പോള്‍ പറയുന്നു. ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ് മരിയ ഇപ്പോള്‍.
സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ ഇടപാടുകാരെ ചേര്‍ത്തുനിര്‍ത്തുന്ന പിട്ടാപ്പിള്ളില്‍, ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി പ്രത്യേക ചികിത്സാ സഹായ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന് വേണ്ടി സാധ്യമായ എല്ലാ പിന്തുണയും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് നല്‍കിവരുന്നു. ''ലഹരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ഇന്നത്തെ പോലെ തീവ്രമാകുന്നതിന് മുമ്പേ, ഞങ്ങള്‍ ആ രംഗത്തുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 70 ഓളം സ്‌കൂളുകളില്‍ ഫുട്ബോള്‍ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കി. അതുപോലെ തന്നെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെ, പൊടിയും പുകപടലങ്ങളും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തടയാന്‍ ട്രാഫിക് പൊലീസുകാര്‍ക്കും മറ്റും ഉന്നത ഗുണമേന്മയുള്ള മാസ്‌കുകള്‍ പിട്ടാപ്പിള്ളില്‍ വിതരണം ചെയ്തിരുന്നു. ഗ്രൂപ്പിലെ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി ചെലവാകുന്ന 30,000 രൂപ വരെയുള്ള ആശുപത്രി ബില്ലുകള്‍ റീ ഇംമ്പേഴ്സ് ചെയ്തു നല്‍കുന്നുണ്ട്. മറ്റ് സേവന വേതന വ്യവസ്ഥകള്‍ക്ക് പുറമേയാണിത്,'' കിരണ്‍ വര്‍ഗീസ് പറയുന്നു. പിട്ടാപ്പിള്ളിലിന്റെ ലാഭം ഗുഡ്‌വില്‍ മാത്രമാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു പീറ്റര്‍ പോള്‍.
പുതിയ കാലത്ത് പുതിയ ലക്ഷ്യങ്ങളോടെയാണ് പിട്ടാപ്പിള്ളിലിന്റെ മുന്നേറ്റം. ഇതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലും ആഭ്യന്തര വിപണിയിലും ശക്തമായ സാന്നിധ്യമുള്ള 30 വര്‍ഷത്തെ പാരമ്പര്യമുള്ള ഒപ്റ്റിമ ബ്രാന്‍ഡുമായി പിട്ടാപ്പിള്ളില്‍ പങ്കാളിത്തത്തിലേര്‍പ്പെട്ടു കഴിഞ്ഞു. ഒപ്റ്റിമ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതോടെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഈ ബ്രാന്‍ഡില്‍ പുറത്തിറക്കാന്‍ പിട്ടാപ്പിള്ളിലിന് സാധിക്കും. നിലവില്‍ കൂളറുകള്‍ വിപണിയിലെത്തിക്കുകയും ചെയ്തു.
പാര്‍ട്ണര്‍ഷിപ്പ് ബിസിനസായിരുന്ന പിട്ടാപ്പിള്ളില്‍ ഇപ്പോള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. പുതിയ ആശയങ്ങളും ആധുനിക കാഴ്ചപ്പാടുകളും നല്‍കി, ഗ്രൂപ്പിന് യുവത്വം പകര്‍ന്ന് ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജം കൊണ്ടുവന്നുകൊണ്ട് കിരണ്‍ വര്‍ഗീസ്, മരിയ പോള്‍, അജോ തോമസ് എന്നിവര്‍ പീറ്റര്‍ പോളിന് കരുത്തായി ഒപ്പമുണ്ട്.
''ക്ഷമയും നിതാന്ത പരിശ്രമവുമാണ് വിജയം സമ്മാനിക്കുക. എളുപ്പത്തില്‍ യാതൊന്നും നേടാനാവില്ല. പണത്തെ മുമ്പില്‍ നിര്‍ത്തിയുള്ള ചിന്ത വേണ്ട. ലാഭം എക്കാലവും ഒരുപോലെയാകില്ല. കയറ്റിറക്കങ്ങള്‍ കാണും. അതെല്ലാം മുന്നില്‍ക്കണ്ട് ബിസിനസ് നടത്തുക. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വലുപ്പം വിപണിക്കുണ്ട്. ഏവര്‍ക്കും സാധ്യതയുമുണ്ട്,''നവ സംരംഭകരോടും യുവ സമൂഹത്തോടുമായി പീറ്റര്‍ പോള്‍ പറയുന്നു.
(Originally published in Dhanam Magazine 30 June 2025 issue.)
Actively present in the electronics and home appliances retail sector for 36 years, these are the secrets of Pittappillil Agencies success.
Read DhanamOnline in English
Subscribe to Dhanam Magazine