

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന (പി.എം-വി.ബി.ആര്‍.വി). ഇതുപ്രകാരം സ്വകാര്യ മേഖലയില്‍ ആദ്യ ജോലി സമ്പാദിക്കുന്നവര്‍ക്ക് കേന്ദ്രം 15,000 രൂപ സമ്മാനമായി നല്‍കും. തൊഴില്‍ നല്‍കുന്നതിന് തൊഴിലുടമയ്ക്കും ഇന്‍സെന്റീവുണ്ട്.
മൊത്തം 99,446 കോടി രൂപയുടെ ആനുകൂല്യമാണ് ഈ പദ്ധതി വഴി ലഭ്യമാക്കുക. രാജ്യത്തെ 3.5 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് മൂന്നരകോടി ആളുകള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. 2025 ഓഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31നും ഇടയ്ക്ക് ലഭ്യമാക്കുന്ന തൊഴിലവസരങ്ങളാണ് പദ്ധതി കണക്കിലെടുക്കുക.
നേരത്തെ പറഞ്ഞപോലെ ആദ്യ ജോലി സ്വകാര്യ മേഖലയില്‍ സ്വന്തമാക്കുന്നവര്‍ക്കാണ് 15,000 രൂപയുടെ ആനുകൂല്യം ലഭിക്കുക. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം എന്ന് നിബന്ധനയുണ്ട്. മാത്രമല്ല എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. 2025 ഓഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31 നും മധ്യേ ഇ.പി.എഫ്.ഒ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. 2025 ഓഗസ്റ്റിലെയോ അതിനു ശേഷമോ ഉള്ള മാസങ്ങളിലെയോ ഇ.പി.എഫ്.വിഹിതം അടയ്ക്കുകയും വേണം.
കുറഞ്ഞത് ആറ് മാസമെങ്കിലും ആദ്യ കമ്പനിയില്‍ ജോലി തുടരുന്നവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത.
രണ്ട് ഗഡുക്കളായാണ് 15,000 രൂപ നല്‍കുക. ആദ്യ ജോലി സ്വകാര്യമേഖലയില്‍ നേടിയ ഒരാളാണെങ്കില്‍ നിങ്ങള്‍ക്ക് ആറ് മാസത്തിനു ശേഷം ആദ്യ ഗഡു ലഭിക്കും. 12 മാസത്തിനു ശേഷം രണ്ടാം ഗഡുവും. എന്നാല്‍ രണ്ടാം ഗഡു സേവിംഗ്‌സ് പദ്ധതിയിലേക്കാകും നിക്ഷേപിക്കുക. യുവാക്കളില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ കൂടി ലക്ഷ്യമിട്ടാണിത്. നിശ്ചിത കാലയളവിനു ശേഷം ഈ തുക പിന്‍വലിക്കാനാകും.
ആധാര്‍ ബ്രിഡ്ജ് പേയ്‌മെന്റ് സിസ്റ്റം (ABPS) വഴി ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫറായാണ് പേയ്‌മെന്റ് നല്‍കുക.
കമ്പനികളും ആനുകൂല്യത്തിന് അര്‍ഹത നേടാനായി ഇ.പി.എഫ്.ഒ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. പുതുതായി ജീവനക്കാരെ നിയമിക്കുന്ന കമ്പനികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നിലവില്‍ 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനമാണെങ്കില്‍ 5 പേര്‍ക്ക് പുതുതായി ജോലി നല്‍കണം. 50 താഴെയാണെങ്കില്‍ കുറഞ്ഞത് രണ്ട് പേര്‍ക്ക് നല്‍കിയാല്‍ മതി.
ഓരോ നിയമനത്തിനും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ 3,000 രൂപ വീതം കമ്പനിക്ക് ലഭിക്കും. രണ്ട് വര്‍ഷത്തേക്ക് ഓരോ മാസവും ഇത് ലഭിക്കും. മാനുഫാചറിംഗ് മേഖലയ്ക്ക് ഇത് നാല് വര്‍ഷമാണ്. തൊഴിലുടമകള്‍ക്കുള്ള പേയ്‌മെന്റ് പാന്‍ ബന്ധിത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും.
PM Modi unveils Viksit Bharat Rozgar Yojana, offering ₹15,000 for first-time private sector employees with 3.5 crore beneficiaries targeted.
Read DhanamOnline in English
Subscribe to Dhanam Magazine