പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത് 4,500 കോടിയുടെ പദ്ധതികള്‍

ഇന്ന് തലസ്ഥാനത്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത് 4,500 കോടിയുടെ വിവിധ പദ്ധതികള്‍. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ, വൈദ്യുതീകരിച്ച ദിണ്ഡിഗല്‍-പഴനി-പാലക്കാട് തീവണ്ടിപ്പാത എന്നിവ നാടിന് സമര്‍പ്പിച്ചു.

തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണം, നേമം-തിരുവനന്തപുരം സെന്‍ട്രല്‍-കൊച്ചുവേളി ഉള്‍പ്പെടുന്ന റെയില്‍ മേഖലയുടെ വികസനം, തിരുവനന്തപുരം-ഷൊര്‍ണൂര്‍ മേഖലയിലെ തീവണ്ടിപ്പാതയിലെ വേഗം കൂട്ടല്‍ എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി തിരുവനന്തപുരം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു.

1,900 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍

ട്രാക്കുകളുടെ വികസനം ഉള്‍പ്പെടെ കേരളത്തിലെ റെയില്‍വേ മേഖലയുടെ സമഗ്ര വികസനത്തിനായി 1,900 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കമിടുന്നത്

* തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് സ്‌റ്റേഷനുകളുടെ നവീകരണത്തിനായി 1,140കോടി രൂപയാണ് ചെലവഴിക്കുന്നത് പ്രത്യേക ലൗഞ്ചുകള്‍, അറൈവല്‍-ഡിപ്പാര്‍ച്ചര്‍ ഇടനാഴികള്‍, ബഹുനില പാര്‍ക്കിംഗ് സംവിധാനം, സ്റ്റേഷനിലേക്ക് എത്താനും പുറത്തേക്കു പോകാനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ എല്ലാ സ്‌റ്റേഷനുകളിലുമുണ്ടാകും.

* നേമവും കൊച്ചുവേളിയും ഉള്‍പ്പെടുന്ന തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസനത്തിന് 157 കോടി രൂപയാണ് ചെലവ്. കൊച്ചുവേളിയെ ഉപഗ്രഹ ടെര്‍മിനലായി നവീകരിക്കാനും നേമത്തു പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുമുള്ളതാണു പദ്ധതി. കൊച്ചുവേളി ടെര്‍മിനലിന്റെ നവീകരണം മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി.

* 381 കോടി രൂപ ചെലവിലാണ് തിരുവനന്തപുരം- ഷൊര്‍ണ്ണൂര്‍ സെക്ഷനിലെ 326.83 കിലോമീറ്ററിലെ ട്രാക്കുകള്‍ നവീകരിക്കുന്നത്.

* പാലക്കാട്-പളനി-ഡിണ്ടിഗല്‍ 179 കിലോമീറ്റര്‍ വൈദ്യുതീകരിച്ച പാത പൂര്‍ത്തിയാക്കുന്നത് 242 കോടി രൂപ ചെലവിലാണ്.

വാട്ടര്‍ മെട്രോ

കൊച്ചി നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടര്‍ മെട്രോ പദ്ധതിയുടെ മൊത്തം ചെലവ് 1,137 കോടി രൂപയാണ്. 15 റൂട്ടുകളാണ് വാട്ടര്‍മെട്രോയ്ക്കായി കണ്ടെത്തിയിരിക്കുന്നത്. ഓരോ റൂട്ടിലേക്കും വാട്ടര്‍ മെട്രോയുടെ പരമാവധി നിരക്ക് 40 രൂപയായിരിക്കും.

വൈറ്റില, കാക്കനാട്, ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ബോള്‍ഗാട്ടി, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ ടെര്‍മിനലുകള്‍ റെഡിയായി.ആദ്യ സര്‍വീസ് ഹൈക്കോടതി-വൈപ്പിന്‍ റൂട്ടില്‍ ഇന്നാരംഭിക്കും. വൈറ്റില-കാക്കനാട് റൂട്ടില്‍ ഏപ്രില്‍ 27 മുതല്‍ സര്‍വീസ് ആരംഭിക്കും.

ഡിജിറ്റല്‍ ലൈഫ് സയന്‍സ് പാര്‍ക്ക്

പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിര്‍മിക്കുന്ന സയന്‍സ് പാര്‍ക്ക് ടെക്‌നോപാര്‍ക്ക് നാലാം ഘട്ടത്തിന്റെ ഭാഗമാണ്. കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ മൊത്തം പദ്ധതി വിഹിതം 1,515 കോടിയാണ്. 200 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it