പ്രോജക്ട് മാനേജ്മെന്റിലെ മികവിന് പി.എം.ഐ കേരള അവാർഡുകൾ; ബി.പി.സി.എൽ, യു.എസ്.ടി ഉൾപ്പെടെ പ്രമുഖർക്ക് അംഗീകാരം

പ്രോജക്ട് ഓഫ് ദി ഇയർ (ലാർജ്) വിഭാഗത്തിൽ കൊച്ചിൻ ഷിപ്‌യാർഡും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയും റണ്ണർ അപ്പുകളായി
PMI Kerala Awards 2026 recognized outstanding achievements in project management
പി.എം.ഐ കേരള പ്രോജക്ട് ഓഫ് ദ ഇയർ അവാർഡ് (ലാർജ് വിഭാഗം) ലഭിച്ച ബി.പി.സി.എല്ലിനു വേണ്ടി കേരള ചാപ്റ്റർ ബോർഡ് ഓഫ് ഡയറക്ടർമാരിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന ബിപിസിഎൽ പ്രതിനിധികൾ.
Published on

പ്രോജക്ട് മാനേജ്മെന്റ്, നവീകരണം, സുസ്ഥിരത, പരിവർത്തനം എന്നീ മേഖലകളിലെ മികവുകൾ മുൻ നിർത്തി "പി.എം.ഐ കേരള അവാർഡ്സ് 2026" പുരസ്‌കാര ദാനം കൊച്ചിയില്‍ നടന്നു. പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി.എം.ഐ) കേരള ചാപ്റ്റർ നാലാമത് സി.എക്സ്.ഒ മീറ്റിന്റെ കൂടി ഭാഗമായാണ് അവാർഡ് നൈറ്റ് സംഘടിപ്പിച്ചത്. ബിസിനസ് വളർച്ചയ്ക്കും നവീകരണത്തിനും സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി മേഖലകളിലെ ഗുണപരമായ മാറ്റങ്ങൾക്കും സംഭാവന നൽകിയ പദ്ധതികളെയാണ് പുരസ്‌കാരങ്ങളിലൂടെ ആദരിച്ചത്. സംസ്ഥാനത്തെ പ്രോജക്ട് മികവിനുള്ള ഏറ്റവും ശ്രദ്ധേയമായ അംഗീകാരമാണിത്.

പ്രോജക്ട് ഓഫ് ദി ഇയർ (ലാർജ്) വിഭാഗത്തിൽ ബി.പി.സി.എൽ ജേതാക്കളായി. കൊച്ചിൻ ഷിപ്‌യാർഡും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയും റണ്ണർ അപ്പുകളായി. പ്രോജക്ട് ഓഫ് ദി ഇയർ (മീഡിയം) പുരസ്‌കാരം യു.എസ്.ടി സ്വന്തമാക്കി. എച്ച് ആൻഡ് ആർ ബ്ലോക്കാണ് റണ്ണർ അപ്പ്. പ്രോജക്ട് ഓഫ് ദി ഇയർ (സ്മോൾ) വിഭാഗത്തിലും എച്ച് ആൻഡ് ആർ ബ്ലോക്കിനാണ് പുരസ്‌കാരം.

സസ്റ്റെയിനബിലിറ്റി പ്രോജക്ട് ഓഫ് ദി ഇയർ അവാർഡ് ഏരീസ് നേടി. സോഷ്യൽ പ്രോജക്ട് ഓഫ് ദി ഇയർ പുരസ്‌കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്ക് (യു.എൽ.സി.സി) ലഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ബിസിനസ് മൂല്യം സൃഷ്ടിച്ചതിനുള്ള സർവീസ് ഇൻഡസ്ട്രിയിലെ എ.ഐ എക്സലൻസ് അവാർഡ് എച്ച് ആൻഡ് ആർ ബ്ലോക്കിന് ലഭിച്ചു. ഫാക്ട് ഇന്നൊവേറ്റീവ് മാനുഫാക്ചറിംഗ് പ്രോജക്ട് അവാർഡ് നേടി. നിർമാണ മേഖലയിൽ ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് അവാർഡ് കെ-ഡിസ്കിന് ലഭിച്ചു.

വിവിധ മേഖലകളിൽ പ്രോജക്ട് മാനേജ്മെന്റ് രീതികൾ കൂടുതൽ പക്വത കൈവരിക്കുന്നതിന്റെ തെളിവാണ് ലഭിച്ച നാമനിർദേശങ്ങളുടെ നിലവാരവും വൈവിധ്യവുമെന്ന് പി.എം.ഐ കേരള ചാപ്റ്റർ പ്രസിഡന്റ് അഖില ഗൗരി ശങ്കർ പറഞ്ഞു. അവാർഡ് ദാനച്ചടങ്ങിന് മുൻപായി നടന്ന പി.എം.ഐ കേരള സി.എക്സ്.ഒ മീറ്റ് 2026-ൽ വിവിധ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള 50 ലേറെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com