Begin typing your search above and press return to search.
പോപ്പുലറിന്റെ ഒന്നാംപാദ ലാഭത്തില്‍ ഇടിവ്, ഓഹരിയും നഷ്ടത്തില്‍
കേരളത്തില്‍ നിന്നുള്ള പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് 2024-25 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തിലിത് 7.75 കോടിയും മാര്‍ച്ച് പാദത്തില്‍ 20 കോടിയുമായിരുന്നു. പാദാനുപാദ ലാഭത്തിലും വാര്‍ഷിക ലാഭത്തിലും ജൂൺ പാദത്തില്‍ ഇടിവുണ്ടായി.
ഇക്കാലയളവില്‍ വരുമാനം 1,298.44 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 1,210.12 കോടി രൂപയേക്കാള്‍ 7 ശതമാനം അധികമാണിത്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ വരുമാനം 1,372 കോടി രൂപയായിരുന്നു.
ആഡംബര കാറുകള്‍ ഒഴികെയുള്ള പാസഞ്ചര്‍ കാര്‍ വിഭാഗം 645.16 കോടി രൂപയുടെ വരുമാനം നേടി. ആഡംബര വിഭാഗത്തിന്റെ വരുമാനം 88.9 കോടി രൂപയും വാണിജ്യ വാഹനങ്ങളുടെ വരുമാനം 479.8 കോടി രൂപയുമാണ്.
മാര്‍ച്ച് 31ന് പോപ്പുലർ 1.54 കോടി രൂപയുടെ ആസ്തി വിറ്റഴിച്ചിരുന്നു. അതു വഴി ജൂണ്‍ ഒന്നിന് 3.14 കോടി രൂപ ലഭിച്ചത് കഴിഞ്ഞ പാദത്തിലെ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഓഹരി ഇടിവില്‍
ലാഭം കുറഞ്ഞത് ഇന്ന് കമ്പനിയുടെ ഓഹിരികളുടെ പ്രകടനത്തെ ബാധിച്ചു. രാവിലെ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞാണ് ഓഹരിയുടെ വ്യാപാരം. ഈ മാസം ഇതുവരെ 20 ശതമാനത്തിലധികം താഴ്ന്നിട്ടുണ്ട് ഓഹരി വില. ഒരു വര്‍ഷക്കാലയളവെടുത്താലും 20 ശതമാനത്തോളം നഷ്ടത്തിലാണ് ഓഹരി.
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഡീലര്‍മാരിലൊന്നാണ് പോപ്പുലര്‍ വെഹിക്കിള്‍സ്. മാരുതി സുസുക്കി കൂടാതെ ഹോണ്ട കാര്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ടാറ്റ മോട്ടോഴ്‌സ്, ഡയംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്, ഏഥര്‍ എനര്‍ജി എന്നിങ്ങനെ ഏഴ് പ്രമുഖ ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പ് ശൃംഖല പോപ്പുലറിനുണ്ട്.
Next Story
Videos