പോപ്പുലര്‍ വെഹിക്കിള്‍സിന് നാലാം പാദ വരുമാനത്തില്‍ 28 ശതമാനം വര്‍ധന, കേരളത്തിനു പുറത്തേക്കും കൂടുതല്‍ ശ്രദ്ധ

കമേഴ്സ്യൽ, ഇവി സെഗ്‌മെന്റുകളിൽ മികച്ച മുന്നേറ്റം
Popular Vehicles & Services
Published on

പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് ഗ്രൂപ്പായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് (PVSL) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദ (Q4FY26) ഫലങ്ങള്‍ പുറത്തുവിട്ടു. കമേഴ്‌സ്യല്‍ വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും (EV) വില്‍പ്പനയിലുണ്ടായ കരുത്തുറ്റ മുന്നേറ്റത്തിന്റെ കരുത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ മികച്ച വര്‍ധന രേഖപ്പെടുത്തി. നാലാം പാദത്തില്‍ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 1,372.4 കോടി രൂപയില്‍ നിന്ന് 27.8 ശതമാനം വര്‍ധിച്ച് 1,754.5 കോടി രൂപയിലെത്തി. എന്നാല്‍ മുന്‍ പാദമായ 2025 ഒക്ടോബര്‍-ഡിസംബര്‍ (Q3FY26) കാലയളവിലെ 1,785.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 1.7 ശതമാനത്തിന്റെ നേരിയ കുറവുണ്ടായിട്ടുണ്ട്.

പുതിയ ഡീലര്‍ഷിപ്പുകള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനച്ചെലവുകളും പുതിയ ലേബര്‍ കോഡ് നടപ്പാക്കിയതു മൂലമുണ്ടായ ഒറ്റത്തവണ ബാധ്യതകളും (Rs 1.3 Cr) നാലാം പാദത്തിലെ അറ്റാദായത്തെ (Bottom-line) ബാധിച്ചു. നാലാം പാദത്തില്‍ കമ്പനി 5 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 13.7 കോടി രൂപയുടെ നഷ്ടമായിരുന്നു. അതേസമയം, തൊട്ടുമുന്‍പത്തെ പാദത്തില്‍ (Q3FY26) കമ്പനി 70 ലക്ഷം രൂപയുടെ നേരിയ ലാഭം കൈവരിച്ചിരുന്നു.

എബിറ്റ്ഡ 93.5% വര്‍ധിച്ചു

ലാഭക്ഷമതയുടെ പ്രധാന അളവുകോലായ എബിറ്റ്ഡ (EBITDA - നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ലാഭം) നാലാം പാദത്തില്‍ വന്‍ വര്‍ധന പ്രകടിപ്പിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിലെ 29.7 കോടി രൂപയില്‍ നിന്ന് 93.5 ശതമാനം വര്‍ധിച്ച് 57.5 കോടി രൂപയായി എബിറ്റ്ഡ ഉയര്‍ന്നു. എബിറ്റ്ഡ മാര്‍ജിന്‍ 2.2 ശതമാനത്തില്‍ നിന്ന് 3.3 ശതമാനത്തിലേക്ക് മെച്ചപ്പെടുകയും ചെയ്തു. എന്നാല്‍ മുന്‍ പാദവുമായി (Q3FY26 - 58.2 കോടി രൂപ) താരതമ്യം ചെയ്യുമ്പോള്‍ എബിറ്റ്ഡയില്‍ 1.3 ശതമാനത്തിന്റെ നേരിയ കുറവ് കാണാം.

മാര്‍ച്ചില്‍ അവസാനിച്ച മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിലും വരുമാനത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ പോപ്പുലറിന് സാധിച്ചു. പ്രവര്‍ത്തന വരുമാനം 15.2 ശതമാനം വര്‍ധിച്ച് 6,381.1 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 5,541.2 കോടി രൂപയായിരുന്നു. എബിറ്റ്ഡ 16 ശതമാനം വര്‍ധിച്ച് 175.4 കോടിയില്‍ നിന്ന് 203.4 കോടി രൂപയിലെത്തി. ഹൊണ്ട, പിയാജിയോ ബിസിനസുകള്‍ വിറ്റഴിച്ചതിലൂടെയുണ്ടായ 15.3 കോടി രൂപയുടെ അസാധാരണ നേട്ടവും (Exceptional Gain) ഈ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ പുതിയ ഏറ്റെടുക്കലുകളുടെ ഭാഗമായുള്ള ഉയര്‍ന്ന പലിശച്ചെലവും (Finance Cost), തേയ്മാനച്ചെലവും (Depreciation) കാരണം മുഴുവന്‍ വര്‍ഷത്തെ അറ്റനഷ്ടം 12.5 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 10.5 കോടി രൂപയായിരുന്നു.

കേരളത്തിന് പുറത്തേക്കും കൂടുതല്‍ ശ്രദ്ധ

കേരളത്തിന് പുറത്തുള്ള വിപണികളിലേക്ക് അതിവേഗം ബിസിനസ് വ്യാപിപ്പിക്കുക എന്ന തന്ത്രപരമായ ലക്ഷ്യത്തില്‍ വലിയ മുന്നേറ്റമാണ് കമ്പനി നടത്തുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് പുറത്തുനിന്നുള്ള വരുമാന വിഹിതം 28 ശതമാനമായിരുന്നത് 2026-ല്‍ 46.7 ശതമാനമായി ഉയര്‍ത്താന്‍ പോപ്പുലറിന് കഴിഞ്ഞു. വരുമാനത്തിന്റെ 53.4 ശതമാനവും ഇപ്പോഴും കേരളത്തില്‍ നിന്നാണെങ്കിലും, പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ (Q1FY27) കേരളത്തിന് പുറത്തുനിന്നുള്ള വരുമാന വിഹിതം 50 ശതമാനത്തിന് മുകളിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ തമിഴ്നാട്ടില്‍ നിന്ന് 25.2 ശതമാനവും കര്‍ണാടകയില്‍ നിന്ന് 10.9 ശതമാനവും വരുമാനം കമ്പനി കണ്ടെത്തുന്നുണ്ട്. പഞ്ചാബിലെ ഭാരത് ബെന്‍സ് ഡീലര്‍ഷിപ്പ്, തെലങ്കാനയിലെ മാരുതി സുസുക്കി ഡീലര്‍ഷിപ്പ്, തെലങ്കാന-ആന്ധ്ര വിപണികളിലെ ഔഡി (Audi) ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പ് എന്നിവ ഈ വര്‍ഷം ഏറ്റെടുത്തത് വരും പാദങ്ങളില്‍ കമ്പനിക്ക് കൂടുതല്‍ ഗുണം ചെയ്യും.

മാരുതി സുസുക്കി ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ പുതിയ വില്‍പ്പനയില്‍ നിന്ന് നാലാം പാദത്തില്‍ വരുമാനം 17.7 ശതമാനം വര്‍ധിച്ച് 654.2 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 556 കോടി രൂപയായിരുന്നു. ടാറ്റാ മോട്ടോഴ്സ്, ഭാരത് ബെന്‍സ് എന്നിവയുള്‍പ്പെടുന്ന വാണിജ്യ വാഹന സെഗ്മെന്റില്‍ നിന്ന് നാലാം പാദത്തില്‍ വരുമാനം 46.3 ശതമാനം വര്‍ധിച്ച് 644.9 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 440.8 കോടി രൂപ മാത്രമായിരുന്നു.

ഏതര്‍ (Ather) ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. വരുമാനം 113.1 ശതമാനം വര്‍ധിച്ച് 23.6 കോടിയില്‍ നിന്ന് 50.3 കോടി രൂപയായി ഉയര്‍ന്നു.

പ്രശസ്ത ടയര്‍ ബ്രാന്‍ഡായ ബികെടിയുടെ (BKT) കേരളത്തിലെയും കര്‍ണാടകയിലെയും ടു-വീലര്‍, പാസഞ്ചര്‍ കാര്‍ ടയര്‍ വിതരണാവകാശം സ്വന്തമാക്കിയത് സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസിന് പുതിയ ഊര്‍ജ്ജം നല്‍കും.

'തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിച്ച ഒരു വര്‍ഷമായിരുന്നു കടന്നുപോയതെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് പ്രൊമോട്ടറും മാനേജിംഗ് ഡയറക്ടറുമായ നവീന്‍ ഫിലിപ്പ് പറഞ്ഞു. സെപ്റ്റംബറിലെ ജി.എസ്.ടി പരിഷ്‌കരണങ്ങള്‍ക്ക് ശേഷം എന്‍ട്രി ലെവല്‍ കാര്‍ വിപണിയിലുണ്ടായ ഉണര്‍വ് നാലാം പാദത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. പുതിയ അക്വിസിഷനുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ (FY27) ഉയര്‍ന്ന മാര്‍ജിനുള്ള സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസുകളില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com