വൈദ്യുതി മുടങ്ങിയാല്‍ ഇനി കെഎസ്ഇബി പണം തരും, വോള്‍ട്ടേജ് വ്യതിയാനത്തിന് നഷ്ടപരിഹാരം ഇരട്ടിയാക്കി, കമ്മീഷന്റെ പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

കറന്റ് വരാന്‍ വൈകുന്ന ഓരോ മണിക്കൂറിനും നിശ്ചിത തുക പിഴയീടാക്കാനും പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു
power grid and kseb logo
Fuel surchargeimage credit : CMAanva and kseb
Published on

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. സേവനങ്ങളില്‍ വീഴ്ച വരുത്തിയാല്‍ കെഎസ്ഇബി നല്‍കേണ്ടി വരുന്ന നഷ്ടപരിഹാര തുകയില്‍ വന്‍ വര്‍ധനയാണ് കമ്മീഷന്‍ വരുത്തിയിരിക്കുന്നത്.

പുതിയ 'സ്റ്റാന്‍ഡേര്‍ഡ് ഓഫ് പെര്‍ഫോമന്‍സ്' (SoP) ചട്ടങ്ങള്‍ പ്രകാരം പരാതി നല്‍കി നിശ്ചിത സമയപരിധി കഴിഞ്ഞും വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ 100 രൂപ വീതം നഷ്ടപരിഹാരം നല്‍കണം. കറന്റ് വരാന്‍ വൈകുന്ന ഓരോ മണിക്കൂറിനും നിശ്ചിത തുക പിഴയീടാക്കാനും പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു.

വോള്‍ട്ടേജ് വ്യതിയാനം മൂലമുള്ള പരാതികള്‍ പരിഹരിക്കാന്‍ വൈകിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരം 25 രൂപയില്‍ നിന്നും 200 രൂപയായി ഉയര്‍ത്തി.

പരാതി പരിഹാരത്തിന് സമയപരിധി

എത്ര സമയത്തിനുള്ളില്‍ വൈദ്യുതി പുനസ്ഥാപിക്കണമെന്നതിനും കൃത്യമായ കണക്കുണ്ട്. ഫ്യൂസ് പോയാല്‍ നഗരങ്ങളില്‍ 4 മണിക്കൂറിനുള്ളിലും ഗ്രാമങ്ങളില്‍ 6 മണിക്കൂറിനുള്ളിലും പരിഹരിക്കണം. ലൈന്‍ തകരാറുകള്‍ക്ക് നഗരങ്ങളില്‍ 6 മണിക്കൂറും ഗ്രാമങ്ങളില്‍ 8 മണിക്കൂറുമാണ് അനുവദനീയമായ സമയം.

ട്രാന്‍സ്‌ഫോര്‍മര്‍ തകരാറുകളാണെങ്കില്‍ നഗരങ്ങളില്‍ പരമാവധി 18 മണിക്കൂറിനുള്ളിലും ഗ്രാമങ്ങളില്‍ 24 മണിക്കൂറിനുള്ളിലും പരിഹരിക്കണം. മീറ്റര്‍ തകരാറിലായാല്‍ 3 പ്രവൃത്തി ദിവസത്തിനുള്ളില്‍ അത് മാറ്റി നല്‍കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

ഓട്ടോമാറ്റിക് നഷ്ടപരിഹാര സംവിധാനം

ഉപഭോക്താക്കള്‍ ഓരോ തവണയും ഓഫീസില്‍ കയറിയിറങ്ങി നഷ്ടപരിഹാരം ആവശ്യപ്പെടേണ്ട സാഹചര്യം ഒഴിവാക്കാന്‍ 'ഓട്ടോമാറ്റിക് കോമ്പന്‍സേഷന്‍ മെക്കാനിസം' നടപ്പിലാക്കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. കെഎസ്ഇബിയുടെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ ആ തുക അടുത്ത മാസത്തെ വൈദ്യുതി ബില്ലില്‍ കുറവ് ചെയ്ത് നല്‍കണം. ഇതിനായി ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ട്രാക്ക് ചെയ്യാന്‍ പ്രത്യേകം പോര്‍ട്ടലും സജ്ജമാക്കും.

മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍

  • വൈദ്യുതി ബില്ലിലെ തെറ്റുകള്‍ തിരുത്താന്‍ പരാതി ലഭിച്ച് 3 ദിവസത്തിനുള്ളില്‍ നടപടി എടുക്കണം.

  • അപേക്ഷ നല്‍കി എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍ നിശ്ചിത ദിവസത്തിനുള്ളില്‍ കണക്ഷന്‍ നല്‍കിയിരിക്കണം.

  • വൈദ്യുതി മുടക്കം കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പ് അറിയിച്ചിരിക്കണം. ഇത് ഒരു ദിവസം 10 മണിക്കൂറില്‍ കൂടാന്‍ പാടില്ല. നിയമലംഘനത്തിന് 100 രൂപയാണ് പിഴ.

  • നെറ്റ്വര്‍ക്ക് വിപുലീകരണം ആവശ്യമില്ലാത്ത സാഹചര്യങ്ങളിലും സബ്‌സ്റ്റേഷന്‍ നിര്‍മ്മാണം ആവശ്യമായ സാഹചര്യങ്ങളിലും വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ പരാജയത്തിന് 200 രൂപ വീതം നഷ്ടപരിഹാരം നല്‍കണം.

  • നിലവിലുള്ള സംവിധാനത്തില്‍ നിന്ന് കണക്ഷന്‍ നല്‍കാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ സമയപരിധി പാലിച്ചില്ലെങ്കില്‍ 100 രൂപ നഷ്ടപരിഹാരം നല്‍കണം.

  • കണക്റ്റഡ് ലോഡ് വര്‍ദ്ധിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ നിശ്ചയിച്ചിട്ടുള്ള സമയപരിധി ലംഘിച്ചാല്‍ 100 രൂപ നല്‍കണം.

  • ഉടമസ്ഥാവകാശം മാറ്റുന്നതിനോ (Transfer) സര്‍വ്വീസ് കണക്ഷന്‍ കാറ്റഗറി മാറ്റുന്നതിനോ ഉള്ള കാലതാമസത്തിന് 100 രൂപ വീതം നഷ്ടപരിഹാരം നല്‍കണം

  • കണക്ഷന്‍ വിച്ഛേദിക്കുമ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നല്‍കാന്‍ വൈകിയാല്‍ 10 ശതമാനം പലിശ സഹിതം തുക നല്‍കണം.

ഒന്‍പതോളം സേവനങ്ങള്‍ക്ക് ഉപഭോക്താവ് അപേക്ഷിക്കാതെ തന്നെ ഓട്ടോമാറ്റിക്കായി ബില്ലിലൂടെ നഷ്ടപരിഹാരം ലഭ്യമാകും.

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ (സ്റ്റാന്‍ഡേര്‍ഡ്സ ഓഫ് പെര്‍ഫോമന്‍സ് ഓഫ് ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സീസ്) റഗുലേഷന്‍സ്, 2015ന്റെ ഒന്നാം ഭേദഗതി കമ്മീഷന്‍ 2026 മാര്‍ച്ച് 5നാണ് പ്രസിദ്ധീകരിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ്, ഉപഭോക്ത്യ സൗഹൃദം, വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം, വിവിധ സേവനങ്ങള്‍ ലഭ്യമാക്കേണ്ട സമയക്രമം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാതലായ മാറ്റങ്ങളാണ് പുതിയ റഗുലേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com