Begin typing your search above and press return to search.
പ്രകൃതി മുതൽ സുകൃതി വരെ, ഒരു വനിത സംരംഭം
ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് 'പ്രകൃതി'യുടെ പ്രവര്‍ത്തനം
ഉല്‍പ്പന്നം നിര്‍മിച്ച ശേഷം വാഹനത്തിലേറ്റി വിപണിയിലെത്തിക്കാനും അതിന് നേതൃത്വം നല്‍കാനും കാസര്‍കോട് ഒരു 'പെണ്‍പട' ഉണ്ട്. കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക കാഞ്ഞിരത്തിങ്കാലിലെ 'പ്രകൃതി' ഉല്‍പ്പന്ന നിര്‍മാണ കേന്ദ്രത്തിലാണ് ഈ വനിതാ കൂട്ടായ്മയുള്ളത്.
ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള 'പ്രകൃതി' 2018 ജൂണ്‍ 20നാണ് യൂണിറ്റിന് തുടക്കം കുറിച്ചത്. ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, വാഷിംഗ് പൗഡര്‍, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, ടോയ്ലറ്റ് ക്ലീനര്‍, ഫ്ളോര്‍ ക്ലീനര്‍, ഗ്ലാസ് ക്ലീനര്‍, ഫിനോയില്‍, ബ്ലീച്ചിംഗ് പൗഡര്‍, പവര്‍ സ്റ്റിഫ്നര്‍, കാര്‍ ഷാംപൂ, ഫാബ്രിക് ഷാംപൂ, സാനിറ്റൈസര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് പ്രകൃതി എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്നത്. അതോടൊപ്പം സുകൃതി എന്ന ബ്രാന്‍ഡില്‍ ചന്ദനത്തിരി, കര്‍പ്പൂരം തുടങ്ങിയവയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എല്‍.ഇ.ഡി ബള്‍ബ്, സ്റ്റീല്‍ സ്‌ക്രബ്ബര്‍, കോട്ടണ്‍ വേസ്റ്റ് തുടങ്ങിയവയും ഈ സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്നു. സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വാഹനങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതും വനിതകളാണ്. ഉഷ പറയമ്പള്ളം, ഉഷ പി.ആര്‍ എന്നീ യുവതികളാണ് രണ്ടു വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍.
ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവര്‍ വാഹനമോടിച്ച് എത്തുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വിപണിയിലെ മത്സരവും വലിയ വെല്ലുവിളിയാണെങ്കിലും രാസവസ്തുക്കള്‍ പരമാവധി ഒഴിവാക്കി എണ്ണയും ഉപോല്‍പ്പന്നങ്ങളും ഉപയോഗിച്ച് ഹാന്‍ഡ്മെയ്ഡായി നിര്‍മിക്കുന്ന പ്രകൃതി, സുകൃതി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് സഹകരണ സംഘം സെക്രട്ടറി എ. സുധീഷ് കുമാര്‍ പറയുന്നു. കെ. ഉമാവതിയാണ് പ്രസിഡന്റ്. കെ. ഉഷ, പി. ശോഭന, എ. പുഷ്പ, ടി. സിന്ധു, സി. ശ്രീജ, അനിത കാലിച്ചാമരം, ഉഷ താനത്തിങ്കാല്‍, സജീത മോഹനന്‍, അനിത കാമലം, ടി. മാധവി തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
(This article was originally published in Dhanam Magazine August 15th issue)
Next Story
Videos