വില കൂട്ടാതെ ഇനി രക്ഷയില്ലെന്ന് ഭക്ഷണശാലകള്‍

പച്ചക്കറി, പലവ്യഞ്ജനം, കോഴി, മത്സ്യം അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകുതിച്ചുയര്‍ന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ ഭക്ഷണശാലകള്‍. വില വര്‍ധിപ്പിക്കാതെ ഇനി പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഉടമകള്‍ പറയുന്നു. പല ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തന ചെലവ് പോലും ലഭിക്കാത്ത അവസ്ഥയാണ്. ചെറിയ ഭക്ഷണശാലകള്‍ പലതും പൂട്ടി.

പ്രതിദിന ചെലവ് 4,000 രൂപ വരെ ഉയര്‍ന്നു
പാല്‍, പച്ചക്കറി, മത്സ്യം, ഇറച്ചി, മുട്ട എന്നിങ്ങനെ എല്ലാത്തിന്റെയും വില കഴിഞ്ഞ ഒരു മാസത്തില്‍ വര്‍ധിച്ചു. 100-110 രൂപയുണ്ടായിരുന്ന ചിക്കന്‍ വില കഴിഞ്ഞ ഒരു മാസത്തിനടുത്തായി 175 രൂപയാണ്. ചിക്കന്‍ വാങ്ങാന്‍ മാത്രം പ്രതിദിനം 3,000-4,000 രൂപ ഭക്ഷണശാലകള്‍ക്കു അധികമായി ചെലവു വരുന്നു. ഇതുകൂടാതെ മത്സ്യത്തിനും മുട്ടയ്ക്കും പച്ചക്കറിക്കുമൊക്കെ വില കുതിച്ചുയര്‍ന്നത് ഭക്ഷണശാലകളുടെ ചെലവ് നിയന്ത്രണാതീതമാക്കുന്നു. മത്തിക്ക് കിലോ 250 രൂപവരെയായി. അയല, കിളിമീന്‍, ചെമ്മീന്‍ തുടങ്ങിയവയ്ക്കും പൊള്ളുന്ന വിലയാണ്. ഇതുകൂടാതെ വെള്ളക്കരം, മാലിന്യനീക്കത്തിനുള്ള ചാര്‍ജുകള്‍ എന്നിവയും കൂടി.
വില കൂട്ടാതെ പറ്റില്ല
മഴക്കാലമായതിനാലും പൊതുവേ വിപണി മോശമായതിനാലും ഉള്ള കച്ചവടം നഷ്ടപ്പെടുത്തേണ്ട എന്നു കരുതിയാണ് ഇതുവരെ വിലവര്‍ധിപ്പിക്കാതെന്ന് ഹോട്ടലുടമകള്‍ പറയുന്നു. എന്നാല്‍ ഇനി മുന്നോട്ടു പോകാനാകില്ലെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വില ഉയര്‍ത്താതെ നിവൃത്തിയില്ലെന്നും ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍ പറഞ്ഞു. ഹോട്ടല്‍ ഭക്ഷണ വിലയില്‍ വര്‍ധനയുണ്ടായാല്‍ സാധാരണക്കാരന്റെ ബജറ്റ് വീണ്ടും താളം തെറ്റും.
അടച്ചു പൂട്ടലിലേക്ക്
ചിക്കന്‍ വിഭവങ്ങള്‍ മാത്രം നല്‍കുന്ന ഭക്ഷണശാലകള്‍ പലതും ഇതിനകം തന്നെ അടച്ചു പൂട്ടിയ സ്ഥിതിയാണ്. നല്ല കച്ചവടം നടക്കുന്ന ഭക്ഷണശാലകള്‍ മാത്രമാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. ലാഭമില്ലാത്ത അവസ്ഥയില്‍ മുന്നോട്ട് അധികകാലം പോകാനാകില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ട്രോളിംഗ് നിരോധന സമയങ്ങളില്‍ ചിക്കന്‍ വിഭവങ്ങള്‍ നല്‍കിയാണ് ഹോട്ടലുകള്‍ പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പല ഭക്ഷണശാലകളും ചിക്കന്‍ വിഭവങ്ങളുടെ എണ്ണം കുറച്ചു. ദിനവും 50 കിലോ കോഴിയിറച്ചി വാങ്ങിയിരുന്ന പലഹോട്ടലുകളും 25 കിലോയായി കുറച്ചെന്ന് കോഴി വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
മാലിന്യ നീക്കം, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, വേസ്റ്റ് വാട്ടര്‍ ചാര്‍ജ് എന്നിവയൊക്കെ കൂടിയാകുമ്പോള്‍ ലാഭം തീരെയില്ലാത്ത അവസ്ഥയാണ്. വ്യവസായം തന്നെ മടുത്ത സ്ഥിതിയിലാണെന്നും നിയന്ത്രണങ്ങള്‍ അല്ലാതെ അനുകൂലമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു.
അതേ സമയം, വിപണിയിലെ അമിത വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകള്‍ സംസ്ഥാനത്തു സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it