ആസ്റ്ററിന്റെ ഇന്ത്യ ബിസിനസ് വില്‍ക്കുന്നു? ഏറ്റെടുക്കാനൊരുങ്ങി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍

മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ (Aster DM Healthcare Ltd) ഇന്ത്യ ബിസിനസ് ഉള്‍പ്പെടെയുള്ള ആസ്തികള്‍ ഏറ്റെടുക്കാന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.പി.ഇ.എ ഇ.ക്യു.ടി (BPEA EQT), ഒന്റാറിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാന്‍ ബോര്‍ഡ് (OTTP) എന്നിവയടക്കുള്ള സ്ഥാപനങ്ങള്‍ താത്പര്യം അറിയിച്ചതായാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ബിസിനസിലാണ് ബി.പി.ഇ.എ ഇ.ക്യു.ടിയും ഒ.പി.പിയും താത്പര്യം കാണിച്ചിരിക്കുന്നത്. ബ്ലാക്ക് സ്‌റ്റോണ്‍, കെ.കെ.ആര്‍ ആന്‍ഡ് കമ്പനി എന്നിവ ഇന്ത്യ ബിസിനസ് ഏറ്റെടുക്കാന്‍
താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഗള്‍ഫ് ബിസിനസും

താത്പര്യം കാണിച്ചിട്ടുള്ള കമ്പനികള്‍ ഒരുമിച്ച് ഏറ്റെടുക്കാനോ അല്ലെങ്കില്‍ ആസ്റ്ററിന്റെ മുഴുവന്‍ ബിസിനസ് സ്വന്തമാക്കാനോ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. ആസ്റ്ററിന്റെ ഗള്‍ഫ് ബിസിനസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റല്‍ ഏറ്റെടുക്കുമെന്ന് ബ്ലൂംബര്‍ഗ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
250 കോടി ഡോളറാണ് (ഏകദേശം 20,700 കോടി രൂപ) ആസ്റ്ററിന്റെ മൊത്തം ബിസിനസിന്റെ മൂല്യം കണക്കാക്കുന്നത്. ഇതില്‍ 100 കോടി ഡോളര്‍ ( ഏകദേശം 8,300 കോടി രൂപ) ഗള്‍ഫ് ബിസിനസാണ്. ഇന്ത്യ ബിസിനസ് 150 കോടി ഡോളറും (ഏകദേശം 12,400 കോടി രൂപ).
തുടക്കം ഒറ്റ ക്ലിനിക്കുമായി
1987ല്‍ ദുബൈയില്‍ ഒറ്റ ക്ലിനിക്കുമായി തുടങ്ങിയ ആസ്റ്ററിന് ഇന്ന് ഗള്‍ഫിലും ഇന്ത്യയിലുമായി 33 ആശുപത്രികളും നൂറുകണക്കിന് ക്ലിനിക്കുകളും ഫാര്‍മസികളുമുണ്ട്. ഇന്ത്യയിലെ ബിസിനസ് വിപുലപ്പെടുത്തി വരുന്ന ആസ്റ്റര്‍ 2026 ആകുമ്പോള്‍ നൂറ് ബെഡുകള്‍ കൂടി ആശുപത്രി ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അവസാനം പുറത്തിറക്കിയ ഇന്‍വെസ്റ്റര്‍ പ്രസന്റേഷനില്‍ കമ്പനി സൂചിപ്പിച്ചിരുന്നു. ആസ്റ്ററിന്റെ ആശുപത്രികളുടെ പകുതിയിലധികവും ഇന്ത്യയില്‍ ആണെങ്കിലും ജൂണ്‍ പാദ വരുമാനത്തിന്റെ കാല്‍ഭാഗം മാത്രമാണ് രാജ്യത്ത് നിന്നുള്ളത്. ഇന്ത്യയില്‍ ആസ്റ്ററിന് 17 ആശുപത്രികള്‍, 257 ഫാര്‍മസികള്‍, 205 ലാബുകളുമുണ്ട്.
ആസ്റ്റര്‍ ഓഹരികള്‍ ഈ വര്‍ഷം ഇത് വരെ 40 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം, കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി 4.43 ശതമാനം നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് 0.55 ശതമാനം ഇടിഞ്ഞ് 323.50 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആസ്റ്ററിന്റെ മൊത്ത വരുമാനം 12,011 കോടി രൂപയാണ്. ലാഭം 475 കോടി രൂപയും.
Related Articles
Next Story
Videos
Share it