പരീക്ഷ ജയിച്ചാലും ഒരു വര്‍ഷം വരെ 'നല്ല നടപ്പ്', ഡ്രൈവിംഗ് ടെസ്റ്റ്‌ കൂടുതല്‍ പ്രായോഗികമാക്കും, മാറ്റത്തിന്‌ മോട്ടോര്‍ വാഹന വകുപ്പ്

ഡ്രൈവിംഗ് പരീക്ഷ ജയിച്ചാല്‍ ഉടന്‍ ഇനി ലൈസന്‍സ് ലഭിക്കില്ല. പരമ്പരാഗത രീതികളില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ആറുമാസത്തെയോ ഒരു വര്‍ഷത്തെയോ നിരീക്ഷണ കാലയളവിനു ശേഷം ലൈസന്‍സ് ലഭ്യമാക്കാനാണ് ആലോചനയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്. നാഗരാജു.

അതായത് ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക. പ്രൊബേഷന്‍ കാലയളവില്‍ അപകടങ്ങള്‍ ഉണ്ടാക്കിയാല്‍ ലൈസന്‍സ് ലഭിക്കില്ല. ലൈസന്‍സ് ലഭിച്ചാലുടന്‍ വണ്ടിയുമെടുത്ത് റോഡിലിറങ്ങുന്നതു വഴിയുള്ള അപകടങ്ങള്‍ കൂടുന്നതാണ് ഇത്തരമൊരു നീക്കത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പിനെ എത്തിച്ചിരിക്കുന്നത്. ഡ്രൈവര്‍ക്ക് കൂടുതല്‍ പ്രായോഗിക അറിവും പ്രാഗല്‍ഭ്യവും ഉറപ്പു വരുത്താനാണ് നിരീക്ഷണകാലയളവ് ഏര്‍പ്പെടുത്തുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കാനും ലൈസന്‍സിംഗ് പ്രക്രിയ ക്രമപ്പെടുത്താനുമാണ് പുതിയ മാറ്റങ്ങള്‍ വഴി ഉദ്ദേശിക്കുന്നത്.

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വകുപ്പ് ആലോചിക്കുന്നുണ്ട്. ഡ്രൈവിംഗിലെ പ്രായോഗിക പരിജ്ഞാനം സംബന്ധിച്ച ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലാണ്. മൂന്ന് മാസത്തിനകം ഇതു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തെറ്റായ ഉത്തരങ്ങള്‍ക്ക് ഇനി നെഗറ്റീവ് മാര്‍ക്കും ഉണ്ടാകും. പരമ്പരാഗത രീതിയിലുള്ള എച്ച്, എട്ട് എന്നിവ ഒഴിവാക്കി സംസ്ഥാനത്തെ റോഡുകളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകും ട്രാക്ക് ടെസ്റ്റ് നടത്തുക.

Related Articles
Next Story
Videos
Share it