പ്രോട്ടീന്‍ പൗഡറുകള്‍ സ്ഥിരമായി കഴിക്കാറുണ്ടോ? ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍

വിപണിയില്‍ ലഭിക്കുന്ന പ്രോട്ടീന്‍ പൗഡറുകള്‍, പ്രോട്ടീന്‍ സപ്ലിമെന്റ്‌സ് എന്നിവ ഗുണനിലവാരം കുറഞ്ഞതും ഉള്ളടക്കത്തെ കുറിച്ച് കൃത്യമല്ലാത്ത വിവരങ്ങള്‍ നല്‍കി വില്‍ക്കപ്പെടുന്നതുമാണെന്ന് എറണാകുളം രാജഗിരി ആശുപത്രിയിലെ ക്ലിനിക്കല്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ഹെപറ്റോളജിസ്റ്റായ സിറിയക്ക് എബി ഫിലിപ്സിന്റ നേതൃത്വത്തില്‍ 36 പ്രമുഖ ഹെര്‍ബല്‍ പ്രോട്ടീന്‍ പൗഡറുകള്‍ പരിശോധിച്ചതില്‍ 70 ശതമാനവും തെറ്റായ പോഷക വിവരങ്ങള്‍ നല്‍കിയാണ് വില്‍ക്കുന്നതെന്ന് കണ്ടെത്തി. പലതിലും അവകാശപ്പെട്ടതിലും 50 ശതമാനത്തില്‍ താഴെയാണ് യഥാര്‍ത്ഥ പോഷക ഗുണം.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

മിക്ക പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞതും കരളിനെ അപകടപ്പെടുത്തുന്നതുമാണെന്ന് ഗവേഷകര്‍ കണ്ടത്തി. ഗവഷേകര്‍ അവലോകനം ചെയ്യുന്ന (peer-reviewed) പ്രസിദ്ധീകരണമായ മെഡിസിനിലാണ് രാജഗിരി ആശുപത്രി ഗവേഷകരുടെ പഠന ഫലം പ്രസിദ്ധപ്പെടുത്തിയത്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഇത് സംബന്ധിച്ചു നടത്തുന്ന ആദ്യ പഠനമാണിത്.അമേരിക്കന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന പ്രോട്ടീന്‍ പൗഡറുകളുടെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് നേരത്തെ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

അവബോധക്കുറവ്
ഹെര്‍ബല്‍ പ്രോട്ടീന്‍ പൗഡര്‍ വ്യവസായവും അവര്‍ പുറത്തിറക്കുന്ന ഉത്പന്നങ്ങളും സൂക്ഷ്മ പരിശോധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അടിസ്ഥാന സുരക്ഷാ പഠനങ്ങള്‍ക്കും വിധേയമാക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
2022-23ല്‍ ഇന്ത്യയില്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഹെര്‍ബല്‍ പ്രോട്ടീന്‍ പൗഡറുകള്‍ ഉള്‍പ്പടെ ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ സപ്ലിമെന്റുകള്‍ വിറ്റതിനെതിരെ 38,053 സിവില്‍ കേസും 4,817 ക്രിമിനല്‍ കേസുകളും എടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക് സഭയെ അറിയിച്ചിരുന്നു.
ഈ ഗവേഷണ റിപ്പോര്‍ട്ട് ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കപെടേണ്ടതിന്റെ ആവശ്യകതയും പ്രോട്ടീന്‍ പൗഡറുകളെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതില്‍ മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധരുടെ നിസംഗതയും വെളിവാക്കുന്നതായി ഡോ. സിറിയക്ക് എബി ഫിലിപ്സ് അഭിപ്രായപ്പെട്ടു. ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ സ്ഥാപകനും പ്രശസ്ത ഗ്യാസ്ട്രോ എന്റോളജിസ്റ്റുമായ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ മകനാണ് ഡോ. സിറിയക്ക് എബി ഫിലിപ്‌സ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it