Begin typing your search above and press return to search.
ഓണ്‍ലൈന്‍ ബുക്കിംഗ് മിന്നിച്ചു, പി.ഡബ്യു.ഡിയുടെ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളെ ഏറ്റെടുത്ത് ജനം
പൊതുമരാമത്ത് വകുപ്പിന്റെ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച ശേഷം ബുക്കിംഗിലും വരുമാനത്തിലും വന്‍വര്‍ധന. 2021 നവംബറിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 11 കോടി രൂപയുടെ വരുമാനമാണ് ഓണ്‍ലൈന്‍ ബുക്കിംഗ് വഴി മാത്രം നേടിയത്. രണ്ട് ലക്ഷത്തോളം പേരാണ് ഓണ്‍ലൈന്‍ ബുക്കിംഗ് വഴി റൂമെടുത്തത്.
മുന്‍പ് റസ്റ്റ് ഹൗസുകളില്‍ മുറി ലഭിക്കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടവകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കണമായിരുന്നു. അതുകൊണ്ട് തന്നെ അധികം പേരും സേവനം പ്രയോജനപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം വന്നതോടു കൂടി കൂടുതല്‍ പേര്‍ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിലെ ജീവനക്കാര്‍ റസ്റ്റ് ഹൗസ് ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന ടീം വര്‍ക്കാണ് ഇതൊരു വിജയമാക്കി തീര്‍ത്തതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
പേരുമാറി 'ജനകീയ'മായി
സര്‍ക്കാരിന്റെ ഉന്നതപദവി വഹിക്കുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങളായാണ് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പി.എ മുഹമ്മദ് റിയാസ് വന്നതിനു ശേഷമാണ് ഇത് പൊതുജനങ്ങള്‍ക്കായും തുറന്നുകൊടുത്തത്.
മൊത്തം 156 റസ്റ്റ് ഹൗസുകളാണ് കേരളത്തിലുണ്ട്. ഇതിലെല്ലാം കൂടി 1,161 റൂമുകളുമുണ്ട്. നിലവില്‍ 143 എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ബാക്കിയുള്ളവ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. എട്ട് റസ്റ്റ് ഹൗസുകളുടെ നവീകരണത്തിനായി 20 കോടി രൂപ അനുവദിച്ചിരുന്നു.
കുറഞ്ഞ ചെലവില്‍ താമസം
റസ്റ്റ് ഹൗസുകളെ രണ്ട് ക്ലാസുകളായി തിരിച്ചാണ് മുറികളുടെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്ലാസ് 1ല്‍ ഉള്‍പ്പെടുന്ന റസ്റ്റ്ഹൗസുകളില്‍ നോണ്‍ എ.സി റൂമുകള്‍ക്ക് 600 രൂപയും എ.സി റൂമുകള്‍ക്ക് 1000 രൂപയുമാണ് നിരക്ക്. ക്ലാസ് 2ല്‍ നോണ്‍ എ.സി റൂമുകള്‍ക്ക് 400 രൂപയും എ.സി റൂമുകള്‍ക്ക് 750 രൂപയുമാണ്. ഇതു കൂടാതെ സ്യൂട്ട് റൂമുകള്‍ക്ക് എല്ലാ ക്ലാസിലും 2,000 രൂപയാണ് നിരക്ക്.
എറണാകുളം മുന്നില്‍
ഏറ്റവും കൂടുതല്‍ പേര്‍ റസ്റ്റ് ഹൗസ് സേവനം പ്രയോജനപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയശേഷം 1.57 കോടി രൂപയുടെ വരുമാനമാണ് എറണാകുളം ജില്ലയിലെ റസ്റ്റ് ഹൗസുകള്‍ നേടിയത്. 1.47 കോടി വരുമാനവുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 1.03കോടി വരുമാനവുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. മൂന്നാര്‍, തേക്കടി, പൊന്‍മുടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പീപ്പിള്‍സ് റസ്റ്റ് ഹൗസുകളുണ്ട്. പൊന്മുടി റസ്റ്റ് ഹൗസിലും നിലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
ഭക്ഷണശാലകളും
പീപ്പിള്‍സ് റസ്റ്ററന്റുകളുടെ ഭാഗമായി ഭക്ഷണശാലകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ വകുപ്പിന് നേരിട്ട് ഭക്ഷണശാലകള്‍ തുറക്കാനാകാത്തതിനാല്‍ ഏജന്‍സികള്‍ വഴിയാണ് നടത്തിപ്പ്. ലാഭകരമല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണശാലകള്‍ ഏറ്റെടുക്കാന്‍ ഏജന്‍സികള്‍ തയ്യാറല്ലാത്തതിനാല്‍ ആ പദ്ധതി മുന്നോട്ടുപോയില്ല. തിരുനന്തപുരം, കൊല്ലം, എറണാകുളം തുടങ്ങിയ മുഖ്യ റസ്റ്റ്ഹൗസുകളില്‍ മാത്രമാണ് നിലവില്‍ ഭക്ഷണ ശാലകളുള്ളത്. റസ്റ്റ് ഹൗസുകളിലെ താമസക്കാര്‍ക്ക് 24 മണിക്കൂറും സ്‌നാക്‌സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്നത് പരിഗണിച്ചു വരികയാണ്.
Next Story