

വീട്ടില്‍ നിന്ന് വണ്ടിയെടുത്ത്, ട്രാഫിക്കിലും കടയിലെ ക്യൂവിലും സമയം കളഞ്ഞ് സാധനങ്ങള്‍ വാങ്ങി, തിരിച്ചെത്തുക. വര്‍ഷങ്ങളോളം ശീലിച്ച ഈ രീതികള്‍ മലയാളിയുടെ നിഘണ്ടുവില്‍ നിന്ന് മാഞ്ഞുതുടങ്ങുകയാണ്. 'ആ സമയം കൊണ്ട് വീട്ടിലിരുന്ന് വിശ്രമിക്കുകയോ, ജോലി തീര്‍ക്കുകയോ ചെയ്യാം' എന്ന് ചിന്തിക്കുന്ന, സമാധാനത്തിനും സൗകര്യത്തിനും പരമപ്രാധാന്യം നല്‍കുന്ന ഒരു പുതിയ തലമുറയാണ് കേരളത്തിലും വളര്‍ന്നുവരുന്നത്.
കടയുടമയുമായുള്ള ചിരകാല സൗഹൃദവും മാസാവസാനം തീര്‍പ്പാക്കുന്ന കടവുമെല്ലാം നിറഞ്ഞുനിന്നിരുന്ന നാട്ടിന്‍പുറത്തെ 'പീടിക സംസ്‌കാരം' അടിമുടി മാറും. സ്മാര്‍ട്ട്‌ഫോണില്‍ വിരലമര്‍ത്തി, വെറും 10 മിനിറ്റിനുള്ളില്‍ ഉപ്പുമുതല്‍ ഐഫോണ്‍ വരെ സ്വീകരണ മുറിയിലെത്തിക്കുന്ന 'ക്വിക്ക് കൊമേഴ്‌സ്' കൊടുങ്കാറ്റില്‍ അടിപതറുകയാണ് കേരളത്തിലെ നഗരങ്ങളിലെ പരമ്പരാഗത റീറ്റെയ്ല്‍ വിപണി.
Watch Video: നാട്ടിലെ കടകള്‍ക്ക് പൂട്ടുവീഴും!
മെട്രോ നഗരങ്ങളില്‍ തുടക്കമിട്ട ബ്ലിങ്കിറ്റ് (Blinkit), സെപ്റ്റോ (Zepto), സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് (Instamart), ബിഗ്ബാസ്‌ക്കറ്റ് (BigBasket) എന്നീ ഭീമന്മാര്‍ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും കടന്ന് കേരളത്തിലെ പ്രധാന ടിയര്‍-2 നഗരങ്ങളിലേക്കും അര്‍ധ-നഗരങ്ങളിലേക്കും ആധിപത്യം സ്ഥാപിച്ചു തുടങ്ങുകയാണ്.
വിപണിയിലെ റിയല്‍ എസ്റ്റേറ്റ് വൃത്തങ്ങളുടെയും റീറ്റെയ്ല്‍ അനലിസ്റ്റുകളുടെയും കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ കൊച്ചി നഗരപരിധിയിലെ ഡാര്‍ക്ക് സ്റ്റോറുകളുടെ എണ്ണം 45ലധികമായി ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയിലെ പ്രധാന റെസിഡന്‍ഷ്യല്‍ മേഖലകളെ ലക്ഷ്യമിട്ട് ബ്ലിങ്കിറ്റും സെപ്റ്റോയും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും മത്സരിച്ച് പുതിയ സ്റ്റോറുകള്‍ തുറക്കുന്നു.
ഇരട്ട വരുമാനമുള്ള കുടുംബങ്ങള്‍, വര്‍ധിച്ചുവരുന്ന ഐടി പ്രൊഫഷണലുകള്‍, ട്രാഫിക്കിലും തിരക്കിലും സമയം പാഴാക്കാന്‍ മടിക്കുന്ന പുതുതലമുറ എന്നിവരാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. 'വിലക്കുറവിനേക്കാള്‍ സൗകര്യത്തിന് പ്രാധാന്യം' (Convenience over price) നല്‍കുന്ന പുതിയൊരു ഉപഭോക്തൃ വര്‍ഗം ഇവിടെ രൂപപ്പെട്ടുകഴിഞ്ഞു. പലചരക്ക് സാധനങ്ങള്‍ മാത്രമല്ല, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ആക്സസറീസുകള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം മിനിറ്റുകള്‍ക്കകം എത്താന്‍ തുടങ്ങിയതോടെ നഗരത്തിലെ സാധാരണ റീറ്റെയ്ല്‍ വ്യാപാരികളുടെ വരുമാനത്തില്‍ 20 മുതല്‍ 30 ശതമാനം വരെ പെട്ടെന്നുള്ള ഇടിവാണ് രേഖപ്പെടുത്തുന്നത്.
റെസിഡന്‍ഷ്യല്‍ ഏരിയകളോട് ചേര്‍ന്നുള്ള ചെറുകിട വെയര്‍ഹൗസുകളായ 'ഡാര്‍ക്ക് സ്റ്റോറുകള്‍' വഴിയാണ് ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ മിന്നല്‍ വേഗത്തില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്. പരമ്പരാഗത വ്യാപാരികളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് മറ്റൊരു നീക്കമാണ്; പ്രമുഖ എഫ്എംസിജി കമ്പനികള്‍ പ്രാദേശിക ഹോള്‍സെയ്ല്‍ വിതരണക്കാരെ മറികടന്ന് നേരിട്ട് ഡാര്‍ക്ക് സ്റ്റോറുകളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നു. വലിയ അളവില്‍ ചരക്കെടുക്കുന്നതിലൂടെ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന അധിക മാര്‍ജിന്‍, ഡിസ്‌കൗണ്ടുകളായും ക്യാഷ്ബാക്കുകളായും ഉപഭോക്താവിലേക്ക് ഒഴുക്കുന്നു.
ചെറുകിട വ്യാപാരികളെ വിപണിയില്‍ നിന്ന് പൂര്‍ണമായി പൂട്ടിക്കെട്ടിക്കാന്‍ വന്‍കിട കമ്പനികള്‍ വന്‍ നഷ്ടം സഹിച്ചും സാധനങ്ങള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്ന 'പ്രിഡേറ്ററി പ്രൈസിങ്' (Predatory Pricing) രീതിയാണിതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. എതിരാളികളെല്ലാം ഇല്ലാതായിക്കഴിഞ്ഞാല്‍ പിന്നീട് വില കുത്തനെ കൂട്ടി, നഷ്ടം നികത്തുന്നതാണ് ഈ കച്ചവട തന്ത്രം. വിദേശ പ്രത്യക്ഷ നിക്ഷേപമായി എത്തിയ 54,000 കോടിയിലധികം രൂപ ഈ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തന നഷ്ടം നികത്താനും വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി വിപണി പിടിച്ചെടുക്കാനുമാണ് വിനിയോഗിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ആരോപിക്കുന്നു.
ഇത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ തകര്‍ക്കുന്നുവെന്ന് വ്യക്തമാക്കി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും (CAIT) ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും കോമ്പറ്റീഷന്‍ കമ്മീഷന് (CCI) മുന്നില്‍ പരാതി നല്‍കിയിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.
ഈ വിപണി അട്ടിമറി മറ്റൊരു തലത്തില്‍ കൂടി കേരളത്തെ ബാധിക്കുന്നുണ്ട്. കൊമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് രംഗം. റോഡ് സൈഡുകളിലും പ്രധാന കവലകളിലും ഉയര്‍ന്ന വാടക നല്‍കി പ്രവര്‍ത്തിച്ചിരുന്ന പലചരക്ക് കടകള്‍ക്കും ചെറിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ബിസിനസ് കുറഞ്ഞതോടെ പ്രവര്‍ത്തനച്ചെലവ് താങ്ങാനാവാത്ത അവസ്ഥയാണ്. അതേസമയം, ഉള്‍വഴികളിലുള്ള പാര്‍ക്കിങ് സൗകര്യമുള്ള ചെറിയ ഗോഡൗണുകള്‍ക്ക് (ഡാര്‍ക്ക് സ്റ്റോറുകള്‍ക്ക്) ആവശ്യക്കാര്‍ ഏറുന്നുമുണ്ട്. വാട്‌സ്ആപ്പ് വഴിയുള്ള ഹോം ഡെലിവറിയിലൂടെയും മറ്റും ചില വ്യാപാരികള്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൃത്യമായ ഇന്‍വെന്ററി ട്രാക്കിങ്ങും അല്‍ഗോരിതം നിയന്ത്രിത വിതരണ ശൃംഖലയുമുള്ള ഭീമന്മാരോട് പൊരുതി നില്‍ക്കാന്‍ ഇത് പര്യാപ്തമല്ല.
വ്യാപാരി വ്യവസായി ഏകോപന സമിതി പോലുള്ള സംഘടനകള്‍ പരമ്പരാഗത തൊഴില്‍ മേഖല സംരക്ഷിക്കാന്‍ തെരുവിലിറങ്ങാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ ഉപഭോക്താവ് സ്വമേധയാ, തിരഞ്ഞെടുത്ത ഒരു സൗകര്യത്തെ സമരമുറകള്‍ കൊണ്ട് എത്രത്തോളം തടയാനാകുമെന്നത് വലിയൊരു ചോദ്യമാണ്. ഡെലിവറി എക്സിക്യൂട്ടിവുക
ളായി ആയിരക്കണക്കിന് യുവാക്കള്‍ക്ക് പാര്‍ട്ട് ടൈം തൊഴില്‍ ലഭിക്കുന്നുണ്ടെങ്കിലും പരമ്പരാഗത വ്യാപാരികളും അവരുടെ സഹായികളും ഉപജീവന ഭീഷണിയിലാണ്.
ക്വിക്ക് കൊമേഴ്‌സ് എന്നത് വെറുമൊരു സാങ്കേതിക ട്രെന്‍ഡ് അല്ല. മറിച്ച് ഉപഭോഗ സംസ്‌കാരത്തിലെ ഹാബിച്വല്‍ മാറ്റമാണ്. ബംഗളൂരു പോലുള്ള മെട്രോകളില്‍ നൂറുകണക്കിന് കിരാന സ്റ്റോറുകള്‍ അടച്ചുപൂട്ടേണ്ടി വന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. മാറുന്ന വിപണിയുടെ ഗതിവേഗത്തിനൊപ്പം നീന്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ അഭിമാനമായ പീടികസംസ്‌കാരം പഴയ ഓര്‍മ മാത്രമായി ചുരുങ്ങുമെന്നതില്‍ സംശയമില്ല.
''ആളുകളുടെ മുന്‍ഗണന സൗകര്യങ്ങളിലേക്ക് മാറിയതോടെ ഉപഭോക്തൃ സംസ്‌കാരത്തില്‍ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്. ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ തുടക്കത്തില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി ആകര്‍ഷിക്കുമെങ്കിലും ഭാവിയില്‍ അവര്‍ മിനിമം പര്‍ച്ചേസ് പരിധിയും ടിയേര്‍ഡ് പ്രൈസിങ്ങും കൊണ്ടുവരാനാണ് സാധ്യത. സൗകര്യം പ്രധാനമായിക്കഴിഞ്ഞ ഉപഭോക്താക്കള്‍ ഇതില്‍ തുടരും. അതിനാല്‍ ക്വിക്ക് കൊമേഴ്‌സ് ഒരിക്കലും അപ്രത്യക്ഷമാകില്ല. ഈ മാറ്റത്തില്‍ പരമ്പരാഗത വ്യാപാരികള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഫിസിക്കല്‍ സ്റ്റോറും ഒപ്പം ഹോം ഡെലിവറിയും സംയോജിപ്പിച്ചുള്ള 'ഹൈബ്രിഡ് മോഡല്‍' (Hybrid Model) കൊണ്ടുവരിക മാത്രമാണ് പോംവഴി.''
ഡോ. ടോണി തോമസ്, ഗ്ലോബല്‍ ടെക്നോളജി ലീഡര്‍
1. ONDC ശൃംഖലയില്‍ പങ്കാളികളാവുക: കേന്ദ്ര സര്‍ക്കാറിന്റെ ഓപണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍കൊമേഴ്‌സ് (ONDC) പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് പ്രാദേശിക ഡെലിവറി ഏജന്‍സികള്‍ വഴി സ്വന്തമായി ഓണ്‍ലൈന്‍ സാന്നിധ്യം ഉറപ്പാക്കുക.
2. ഹൈപ്പര്‍ലോക്കല്‍ വാട്‌സ്ആപ്പ് കൊമേഴ്‌സ് കാര്യക്ഷമമാക്കുക: വാട്‌സ്ആപ്പ് കാറ്റലോഗുകള്‍, ബ്രോഡ്കാസ്റ്റ് ലിസ്റ്റുകള്‍ എന്നിവ വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുകയും 15-30 മിനിറ്റിനകം തൊട്ടടുത്തുള്ള വീടുകളിലേക്ക് സൗജന്യ ഡെലിവറി നല്‍കുകയും ചെയ്യുക.
വന്‍കിട കമ്പനികളുടെ അമിത കിഴിവുകളോട് മത്സരിക്കാനാവാതെ സംസ്ഥാനത്തെ പലചരക്ക് കടകള്‍ പൂട്ടലിന്റെ വക്കിലാണ്. ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത്തരം അന്യായ കച്ചവട രീതികള്‍ക്കെതിരെ സംഘടന നടത്തുന്ന ശക്തമായ നിയമപോരാട്ടവും സമ്മര്‍ദ്ദവും തുടരും. എന്നാല്‍ സമരം കൊണ്ടുമാത്രം കാര്യമില്ല; ചെറുകിട വ്യാപാരികളും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കും ഹോം ഡെലിവറിയിലേക്കും മാറി, സ്വയം നവീകരിക്കേണ്ടതുണ്ട്. നാട്ടിന്‍പുറങ്ങളിലെ കടകള്‍ പൂട്ടുന്നത് നമ്മുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും തൊഴിലിനെയും തകര്‍ക്കുമെന്ന കാര്യം ഉപഭോക്താക്കളും തിരിച്ചറിയണം.
രാജു അപ്സര, സംസ്ഥാന പ്രസിഡന്റ്, KVVES
3. പ്രാദേശിക, ഫ്രഷ് ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക: ഡാര്‍ക്ക് സ്റ്റോറുകളില്‍ പലപ്പോഴും ലഭിക്കാത്ത ഫ്രഷായ നാടന്‍ പച്ചക്കറികള്‍, മീന്‍, ഇറച്ചി, പ്രാദേശിക ബേക്കറി പലഹാരങ്ങള്‍, നാടന്‍ എണ്ണകള്‍ എന്നിവ ലഭ്യമാക്കി ഗുണമേന്മയില്‍ ക്വിക്ക് കൊമേഴ്‌സിനേക്കാള്‍ വ്യത്യാസം കാണിക്കുക.
4. വ്യക്തിബന്ധങ്ങളും റിലേഷന്‍ഷിപ്പ് ബാങ്കിങ്ങും നിലനിര്‍ത്തുക: സ്ഥിരം ഉപഭോക്താക്കള്‍ക്ക് മാസാവസാന ക്രെഡിറ്റ് (കടം നല്‍കല്‍) സൗകര്യം, സാധനങ്ങള്‍ തിരഞ്ഞെടുത്ത് വാങ്ങാനുള്ള സ്വാതന്ത്ര്യം, എളുപ്പത്തിലുള്ള റിട്ടേണ്‍/റീപ്ലേസ്‌മെന്റ് എന്നിവ വഴി വലിയ ആപ്പുകള്‍ക്ക് നല്‍കാനാവാത്ത വ്യക്തിഗത ശ്രദ്ധ നല്‍കുക.
5. കൂട്ടായ്മകളിലൂടെയുള്ള ബള്‍ക്ക് പര്‍ച്ചേസിങ്: വ്യാപാരി വ്യവസായി ഏകോപന സമിതി പോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ചെറുകിട വ്യാപാരികള്‍ ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ച് എഫ്എംസിജി കമ്പനികളില്‍ നിന്ന് നേരിട്ട്, മൊത്തമായി സാധനങ്ങള്‍ വാങ്ങി വലിയ മാര്‍ജിന്‍ ഉറപ്പാക്കുക.
6. ഹൈബ്രിഡ് സ്റ്റോര്‍ മാതൃക സ്വീകരിക്കുക: കടയുടെ മുന്‍ഭാഗം സാധാരണ ഉപഭോക്താക്കള്‍ക്ക് വരാവുന്ന രീതിയിലും പിന്‍ഭാഗം ഫോണ്‍/ഡിജിറ്റല്‍ ഓര്‍ഡറുകള്‍ വേഗത്തില്‍ പാക്ക് ചെയ്ത് അയക്കാനുള്ള ഒരു 'മിനി ഡാര്‍ക്ക് സ്റ്റോര്‍' ആയും പുനഃക്രമീകരിക്കുക.
7. മൈക്രോ-ലോയല്‍റ്റി പ്രോഗ്രാമുകള്‍: സ്ഥിരം ഉപഭോക്താക്കള്‍ക്കായി പോയിന്റുകള്‍ നല്‍കുന്ന സിസ്റ്റമോ, നിശ്ചിത തുകക്കുള്ള പ്രതിമാസ വാങ്ങലുകള്‍ക്ക് ചെറിയ ക്യാഷ്ബാക്കുകളോ ഓഫറുകളോ ഏര്‍പ്പെടുത്തുക.
കൊച്ചി, കാക്കനാട് മേഖലകളില്‍ ക്വിക്ക് കൊമേഴ്‌സ് കാരണം സൂപ്പര്‍മാര്‍ക്കറ്റുകളുടെ കച്ചവടത്തില്‍ 40 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. നിലവില്‍ വന്‍ നഷ്ടം സഹിച്ചാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ സര്‍വീസ് നടത്തുന്നത്. ആളുകളെ പൂര്‍ണമായി ഇതിലേക്ക് 'അടിമകളാക്കി' (ഒമയശൗേമഹ മററശര)േ മാറ്റുകയാണ് കമ്പനികളുടെ തന്ത്രം. എതിരാളികള്‍ ഇല്ലാതാവുകയും ജനം ഇതിലേക്ക് മാത്രമായി ചുരുങ്ങുകയും ചെയ്യുമ്പോള്‍ ഉയര്‍ന്ന ഡെലിവറി ചാര്‍ജുകള്‍ ചുമത്തി അവര്‍ ലാഭമുണ്ടാക്കും. യുപിഐ ആപ്പുകളിലും മറ്റും കണ്ടതുപോലെ ഒടുവില്‍ ഇതിന്റെ അധിക ബാധ്യത വരാന്‍ പോകുന്നത് സാധാരണ ഉപഭോക്താക്കള്‍ക്ക് തന്നെയായിരിക്കും.
ജോര്‍ഫിന്‍ പെട്ട, സംസ്ഥാന പ്രസിഡന്റ്, സ്വാക്
8. ഡിജിറ്റല്‍ ബില്ലിങ്ങും ഇന്‍വെന്ററി മാനേജ്‌മെന്റും: കടകളിലെ സ്റ്റോക്ക് അതത് സമയം കൃത്യമായി അറിയാനും ആവശ്യമില്ലാത്ത ചരക്കുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും പോസ്, ക്ലൗഡ് ബില്ലിങ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക.
9. സ്പെഷ്യാലിറ്റി & നിഷ് കാറ്റഗറികള്‍ കൊണ്ടുവരിക: ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍, പരമ്പരാഗത ആയുര്‍വേദ പലചരക്കുകള്‍, ഇറക്കുമതി ചെയ്ത സ്നാക്കുകള്‍ തുടങ്ങി ആപ്പു കളില്‍ പരിമിതമായി മാത്രം ലഭിക്കുന്ന പ്രത്യേക കാറ്റഗറികള്‍ സ്റ്റോക്ക് ചെയ്യുക.
10 .റെസിഡന്റ്സ് അസോസിയേഷനുകളുമായി ടൈ-അപ്പ്: സമീപത്തെ ഫ്‌ളാറ്റുകളുമായും റെസിഡന്‍ഷ്യല്‍ കോളനികളുമായും നേരിട്ട് കരാറുകളിലെത്തി, അവിടങ്ങളിലെ നിവാസികള്‍ക്ക് മാത്രമായിമുന്‍ഗണന ഡെലിവറിയും പ്രത്യേക ഡിസ്‌കൗണ്ടുകളും നല്‍കുക.
As 10-minute delivery apps like Blinkit and Zepto expand across Tier-2 cities in Kerala, traditional supermarkets face up to 40% sales slump—here is how local shops can adapt and thrive.
Read DhanamOnline in English
Subscribe to Dhanam Magazine