ബത്തേരി- മൈസൂർ പാത നിരോധനം ഭയന്ന് വയനാട്
വയനാടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 766 ൽ ബത്തേരിക്കും മുതൽ ഗുണ്ടൽപേട്ടിനും ഇടയിൽ പൂർണമായും ഗതാഗതം നിരോധിക്കാനുള്ള നിർദ്ദേശത്തിൽ പകച്ചിരിക്കുകയാണ് വയനാട്. പ്രധാന വരുമാന മാർഗമായ കൃഷിയെയും ടൂറിസത്തെയും വളരെയധികം ബാധിക്കുന്നതാകും നിരോധനം.
ഭൂമി ശാസ്ത്രപരമായി വയനാടിന് എളുപ്പത്തിൽ ബന്ധപ്പെടാനാകുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായാണ്. പാത അടക്കുന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലാകും വയനാടെന്നാണ് നിരോധന നിർദ്ദേശത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുന്ന എൻഎച്ച് 766 ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റി പറയുന്നത്. നേരത്തേ തന്നെ രാത്രിയാത്രാ നിരോധനമുള്ള പാത പൂർണമായി അടച്ചാൽ എന്താണെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞത്. വയനാട്ടിൽ വൈത്തിരിയിൽ മാത്രം നൂറിലേറെ റിസോർട്ടുകളുണ്ട്.
നൂറു കണക്കിന് റിസോർട്ടുകളാണ് ജില്ലയിൽ പലയിടങ്ങളിലായി ഉള്ളത്. ഇവിടെ താമസിക്കാനെത്തുന്നവരിൽ 80 ശതമാനത്തിലേറെയും ബാംഗ്ലൂരിൽ നിന്നും മറ്റുമുള്ള ടെക്കികളാണ്. നിരോധനം വന്നാൽ വയനാട്ടിലേക്കുള്ള ഏറ്റവുമടുത്ത വഴി അടയുന്നതോടെ ടൂറിസ്റ്റുകൾ മറ്റിടങ്ങൾ തേടി പോകും. ഇതോടെ റിസോർട്ടുകൾ അടച്ചു പൂട്ടേണ്ടി വരും - വൈത്തിരിയിലെ ടീ ഗാർഡൻസ് ഹോളിഡേ ഹോംസ് ഉടമ ജയകൃഷ്ണൻ പറയുന്നു. കാർഷിക വിളകൾക്ക് മികച്ച വിപണിയായ മൈസൂരിലേക്കും മറ്റും എത്തിക്കാൻ ആവാതെ വരികയും വയനാട്ടിലേക്കുള്ള ചരക്കുഗതാഗതം തടസ്സപ്പെടുകയും ചെയ്യുമെന്നതാണ് മറ്റൊരു തിരിച്ചടി.
മാത്രമല്ല പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വരവും പ്രയാസമാകും.മാനന്തവാടിയിൽ നിന്ന് കുട്ട വഴി 250 കിലോമീറ്റർ അധികം സഞ്ചരിച്ച് എത്താനുള്ള വഴിയാണ് പകരം സംവിധാനമായി നിർദ്ദേശിക്കുന്നത്. ഇത് പ്രായോഗികമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള എളുപ്പ വഴി എന്ന നിലയിലും നൂറു കണക്കിന് മലയാളികൾ ദിവസവും യാത്ര ചെയ്യുന്ന വഴി കൂടിയാണിത്.അടുത്ത ദിവസം എം.പി രാഹുൽ ഗാന്ധി സമരക്കാർക്ക് പിന്തുണയുമായി എത്തുന്നതോടെ പ്രശ്നം ദേശീയ ശ്രദ്ധയാകർഷിക്കുമെന്നാണ് കരുതുന്നത്.