യു.എസ് -ചൈന വ്യാപാര യുദ്ധത്തില്‍ 'വെടിനിറുത്തല്‍'; സമാധാനത്തിന്റെ പാതയില്‍ സ്വര്‍ണം, കുറവ് ഇങ്ങനെ

കേരളത്തിലെ വില നിര്‍ണയത്തില്‍ അനിശ്ചിതത്വം മാറുന്നില്ല
gold ring
gold making chargecanva
Published on

യു.എസ് -ചൈന വ്യാപാര ആശങ്കകളില്‍ അയവ് വന്നതോടെ സ്വര്‍ണവിലയില്‍ ഇടിവ്. കേരളത്തില്‍ ഇന്ന് പവന്‍ വില 400 രൂപ കുറഞ്ഞ് 70,440 രൂപയും ഗ്രാം വില 50 രൂപ കുറഞ്ഞ് 8,805 രൂപയുമായി. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കൂടിയിരുന്നു. ജസ്റ്റിന്‍ പാലത്ര സംസ്ഥാന പ്രസഡിന്റായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ആണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം വില വീണ്ടും വര്‍ധിച്ചിപ്പിച്ചത്. രാജ്യാന്തര സ്വര്‍ണ വിലയില്‍ 26 ഡോളറിന്റെ മുന്നേറ്റമുണ്ടായിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. രൂപ ഡോളറിനെതിരെ 85.34 നിലവാരത്തിലുമെത്തിയിരുന്നു.

അതേസമയം, എസ്.അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള എ.കെ.ജി.എസ്.എം.എ ഇന്നലെ വില പരിഷ്‌കരിച്ചില്ലെങ്കിലും ഇന്ന് കൂട്ടി. ഗ്രാമിന് 40 രൂപ വര്‍ധിപ്പിച്ച് 8,805 രൂപയും പവന്‍ വില 320 രൂപ ഉയര്‍ത്തി 70,440 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 7,220 രൂപയിലാണ് വ്യാപാരം.

വെള്ളി വില ഇന്ന് ഗ്രാമിന് 108 രൂപയില്‍ തുടരുന്നു.

ചൈന- യുഎസ് താരിഫ് യുദ്ധം അവസാനിച്ചതോടെ രാജ്യാന്തര വില 3,226 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. നിലവിലേതില്‍ നിന്ന് 115 ശതമാനമാണ് ഇരു രാജ്യങ്ങളും തീരുവ കുറയ്ക്കുക. അതുപ്രകാരം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് ചുമത്തിയിരുന്ന തീരുവ 30 ശതമാനമാകും. യു.എസ് ചരക്കുകള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ 125 ശതമാനം തീരുവ 10 ശതമാനവുമാകും. 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്.

യു.എസിലും ഇന്ത്യയിലും പണപ്പെരുപ്പ ട്രെന്‍ഡ് അനുകൂലമായി വരുന്നത് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ക്കും വഴി തെളിക്കുന്നുണ്ട്. ഇത് സ്വര്‍ണവില വീണ്ടും ഉയര്‍ത്താനിടയാക്കും. ഇന്ത്യയില്‍ പണപ്പെരുപ്പം (Retail Inflation) മാര്‍ച്ചിലെ 3.3 ശതമാനത്തില്‍ നിന്ന് 3.16 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം കുറഞ്ഞത്. 2019 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com