ഡിമാന്‍ഡ് ഉയര്‍ന്നു തന്നെ, തീരുവയിലും വിലക്കയറ്റത്തിലും പെട്ട് കയര്‍ മേഖല, തിരിച്ചു പിടിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി കയര്‍കോര്‍പ്പറേഷനും സര്‍ക്കാരും

കേരളത്തിലെ കയർ വ്യവസായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തമിഴ്നാടുമായുള്ള ഉയർന്ന ഉൽപ്പാദനച്ചെലവ് വ്യത്യാസവുമാണ്
Dr. Pratheesh G Panicker,
Managing Director, Coir Corporation Ltd
Published on

ആഗോളതലത്തില്‍ കോവിഡ് കാലത്ത് വലിയ മുന്നേറ്റം നടത്തിയ കേരളത്തിലെ കയര്‍ വ്യവസായം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡിനു ശേഷമുണ്ടായ സാമ്പത്തിക വ്യതിയാനങ്ങളും അന്താരാഷ്ട്ര തലത്തിലെ യുദ്ധങ്ങളും വിദേശ വിപണിയിലെ ട്രെന്‍ഡ് മാറ്റങ്ങളുമാണ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായത്. എന്നാല്‍, പ്രതിസന്ധികളില്‍ തളരാതെ ആഭ്യന്തര വിപണിയെ ശക്തമാക്കിയും കൃത്യമായ മുന്‍കരുതലുകള്‍ എടുത്തും മേഖലയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരും കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനും. നിലവില്‍ 2500 കോടിയോളമാണ് കേരളത്തില്‍ നിന്നുള്ള കയര്‍ കയറ്റുമതി. ഇതില്‍ തമിഴ്‌നാടിന്റെ ചെറിയൊരു പങ്കുമുണ്ട്. കയറിന്റെ ആഗോള വിപണിയാകട്ടെ 6,000 കോടിയുടേതുമാണ്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളാണ് നമ്മുടെ കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കിയത്. എങ്കിലും ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ഉല്‍പ്പാദനച്ചെലവ് കുറച്ചും ഈ ഘട്ടത്തെ മറികടക്കാനുള്ള കൃത്യമായ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രതീഷ് ജി. പണിക്കര്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു.

കോവിഡ് കാലത്തെ അപ്രതീക്ഷിത കുതിപ്പും തുടര്‍ന്നുള്ള തിരിച്ചടിയും

കോവിഡ് സമയത്ത് ലോകമെമ്പാടുമുള്ള ആളുകള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായപ്പോള്‍, വീട്ടുപകരണങ്ങളും മാറ്റുകളും (Mats) വന്‍തോതില്‍ റീപ്ലേസ് ചെയ്യുന്ന ട്രെന്‍ഡ് ഉടലെടുത്തു. യു.എസ്.എ, യു.കെ, യൂറോപ്പ് തുടങ്ങിയ വിദേശ വിപണികളില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ലഭിക്കുകയും കയറ്റുമതി മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാകുകയും ചെയ്തു.

എന്നാല്‍ കോവിഡിനു ശേഷം അന്താരാഷ്ട്ര വിപണി വീണ്ടും പഴയ നിലയിലേക്ക് തിരിച്ചെത്തി. എങ്കിലും നിലവിലിപ്പോള്‍ പശ്ചിമേഷ്യന്‍ യുദ്ധം മൂലമുണ്ടായ തിരിച്ചടി മുന്‍വര്‍ഷങ്ങളിലെ സ്വാഭാവിക കയറ്റുമതിയെ ബാധിച്ചതിനേക്കാള്‍ ഭയങ്കരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

വിദേശ വിപണിയിലെ ട്രെന്‍ഡ് മാറ്റവും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവും

മുന്‍പ് വിദേശ വിപണിയില്‍ ബി.സി-1 (BC1), ഫൈബര്‍ മാറ്റ്‌സ് തുടങ്ങിയ പരമ്പരാഗത (Traditional) ഹാന്‍ഡ് മേഡ് കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്. എന്നാല്‍ കോവിഡിനു ശേഷം വിപണി പോളിവിനൈല്‍ ക്ലോറൈഡ് ഉപയോഗിച്ചുള്ള 'പി.വി.സി ടഫ്റ്റഡ് മാറ്റ്‌സ്' (PVC Tufted Mats) ലേക്ക് പൂര്‍ണ്ണമായി മാറി. പി.വി.സി ടഫ്റ്റഡ് മാറ്റ്‌സിന് പ്രധാനമായി ആവശ്യമായ പി.വി.സി റെസിന്‍, ഡി.ഒ.ടി.പി (DOTP) ഓയില്‍ എന്നിവ പെട്രോളിയം ഉപോല്‍പ്പന്നങ്ങളാണ് (Petroleum By-products). ആഗോള സംഘര്‍ഷങ്ങള്‍ കാരണം ഇവയുടെ വില അടുത്തിടെ മൂന്നിരട്ടിയോളം വര്‍ധിച്ചു. ഇതോടെ ഒരു ചതുരശ്ര മീറ്ററിന് 300 രൂപയുണ്ടായിരുന്ന മാറ്റിന്റെ ഉല്‍പ്പാദനച്ചെലവ് മാത്രം 450 രൂപയായി (150 രൂപയുടെ വര്‍ധന) മാറി.

എന്നാല്‍ ഉത്പാദന ചെലവിലുണ്ടായ ഈ വലിയ വര്‍ധന ഉള്‍ക്കൊള്ളാന്‍ യു.എസ് ഉള്‍പ്പെടെയുള്ള വിദേശ റീറ്റൈയ്ലര്‍മാര്‍ തയ്യാറാകുന്നില്ല. ഇത് നിര്‍മാതക്കളെ വലിയ നഷ്ടം സഹിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പലരും കോടികളുടെ നഷ്ടം സഹിച്ചാണ് കഴിഞ്ഞ ഓര്‍ഡറുകള്‍ പലതും പൂര്‍ത്തിയാക്കിയത്. ക്ലെയ്ന്റിസിനെ നിലനിര്‍ത്തുക എന്നതു മാത്രമാണ് ഇതു വഴി ഉദ്ദേശിച്ചത്.

അതേസമയം, കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളും, റീസൈക്കിള്‍ ചെയ്ത പെറ്റ് ബോട്ടിലുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന ചെലവുകുറഞ്ഞ ഫൈബര്‍ ഉല്‍പ്പന്നങ്ങളും കയറിന് ബദലായി വിദേശ വിപണി പിടിക്കുന്നത് കടുത്ത വെല്ലുവിളിയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുനരുപയോഗം ചെയ്യുന്ന പെറ്റ് ബോട്ടിലുകളില്‍ നിന്ന് (PET bottles) നിര്‍മ്മിക്കുന്ന ഫൈബറുകള്‍ ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. കയറുല്‍പ്പന്നങ്ങള്‍ക്കും പെട്രോളിയം അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കുമ്പോള്‍ വിദേശ ഉപഭോക്താക്കള്‍ ചെലവ് കുറഞ്ഞ ഇത്തരം പെറ്റ് ബോട്ടില്‍ ഫൈബര്‍ ഉല്‍പ്പന്നങ്ങളിലേക്ക് മാറാന്‍ സാധ്യത കൂടുതലാണ്.

കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കി താരിഫും ഷിപ്പിംഗ് നിരക്കുകളും

'സാധാരണ നിലയില്‍ മുന്‍കൂട്ടി ഉണ്ടാക്കുന്ന കരാറുകള്‍ വിപണിയിലെ പെട്ടെന്നുള്ള വിലക്കയറ്റത്തില്‍ കയറ്റുമതിക്കാര്‍ക്ക് വലിയ ഭാരമാകുന്നുണ്ട്. ഇതിനുപുറമെയാണ് താരിഫിലുണ്ടായ വര്‍ധനയും ഷിപ്പിംഗ് തടസങ്ങളും ഈ മേഖലയെ ബാധിക്കുന്നത്. മുന്‍പ് 5%-7% ആയിരുന്ന താരിഫ് പെട്ടെന്ന് 58% വരെയായി ഉയര്‍ന്നിട്ടുണ്ട്.

കയര്‍ കയറ്റുമതി പ്രധാനമായും ഒരു സീസണല്‍ ബിസിനസ് ആയതിനാല്‍ ഒരു കൃത്യമായ റേറ്റില്‍ എഗ്രിമെന്റ് വച്ചാണ് നിര്‍മ്മാതാക്കള്‍ ഓര്‍ഡര്‍ എടുക്കുന്നത്. എന്നാല്‍ പിന്നീട് ഉണ്ടാകുന്ന ഇത്തരം പെട്ടെന്നുള്ള താരിഫ് മാറ്റങ്ങളും റേറ്റ് വ്യത്യാസങ്ങളും ക്ലയന്റുകള്‍ ഏറ്റെടുക്കില്ല. അതിനാല്‍ ഈ സാമ്പത്തിക നഷ്ടം കയറ്റുമതിക്കാര്‍ തന്നെ സഹിക്കേണ്ടി വരുന്നു.

ഉദാഹരണത്തിന് ഡിസംബറിലെ ഹാലോവീന്‍ സീസണിലേക്കുള്ളവ മെയ്-ജൂണ്‍ മാസങ്ങളില്‍ തന്നെ നടന്നിട്ടുണ്ട്. ഇനി നിരക്ക് കുറച്ചാലും അതിന്റെ നേട്ടം കയറ്റുമതിക്കാര്‍ക്ക് ലഭിക്കില്ല. കയര്‍ കോര്‍പ്പറേഷന്‍ ഇത്തരം ഓര്‍ഡറുകള്‍ നിലവില്‍ ബില്‍ ചെയ്യുന്നത് സെറ്റില്‍മെന്റിന് വിധേയമായി (subject to settlement) എന്ന രീതിയിലാണ്. അതുകൊണ്ട് തന്നെ വലിയ നഷ്ടം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ കാരണം കപ്പലുകള്‍ മറ്റ് റൂട്ടുകള്‍ വഴി സഞ്ചരിക്കുന്നതിനാല്‍ യാത്രാസമയവും ഷിപ്പിംഗ് നിരക്കുകളും ക്രമാതീതമായി ഉയര്‍ന്നതും കയറ്റുമതിക്കാരെ ബാധിച്ചിട്ടുണ്ട്.

കേരളത്തിലെ ചകിരി ക്ഷാമവും തമിഴ്നാട് ആശ്രയത്വവും

നിലവില്‍ കേരളത്തിന് ആവശ്യമായ ചകിരിയുടെ 20 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 80 ശതമാനത്തിലധികത്തിനും അയല്‍ സംസ്ഥാനമായ തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. ബംഗാള്‍ ഇലക്ഷന്‍ സമയത്ത് തമിഴ്നാട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത് അവിടെ ഉല്‍പ്പാദനം തടസപ്പെടുത്തി. ഇതോടെ സാധാരണ കിലോയ്ക്ക് 35-40 രൂപ (കഴിഞ്ഞവര്‍ഷം 53-57 രൂപ) ഉണ്ടായിരുന്ന ചകിരിയുടെ വില ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 75 രൂപ വരെയായി ഉയര്‍ന്നു.

ചകിരിയുടെ ക്ഷാമവും ഉയര്‍ന്ന വിലയും കാരണം കൃത്യസമയത്ത് ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനും ഉല്‍പ്പാദനം തുടരാനും കയറ്റുമതിക്കാര്‍ പ്രയാസപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ കയർ വ്യവസായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തമിഴ്നാടുമായുള്ള ഉയർന്ന ഉൽപ്പാദനച്ചെലവ് വ്യത്യാസവുമാണ്. പണ്ട് നാട്ടിൻപുറങ്ങളിൽ തേങ്ങയിട്ട ഉടൻ തൊണ്ട് വെള്ളത്തിലിട്ട് ചീയ്യാൻ വെച്ച് തല്ലി ചകിരിയാക്കുന്ന സുഗമമായ രീതി നിലവിലുണ്ടായിരുന്നെങ്കിൽ, ഇന്നിവിടെ കൃത്യസമയത്ത് തേങ്ങയിടാനും തൊണ്ട് ശേഖരിക്കാനും ആളില്ലാതെ ഇവ നശിച്ചുപോകുന്ന അവസ്ഥയാണുള്ളത്.

നിലവിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിൽ മാത്രമാണ് പ്ലാന്റേഷൻ മാതൃകയിൽ കുറച്ചെങ്കിലും തൊണ്ട് ലഭിക്കുന്നത്. എന്നാൽ തമിഴ്നാട്ടിൽ വൻകിട പ്ലാന്റേഷൻ രീതിയായതിനാൽ മിൽ ഉടമകൾ തോട്ടങ്ങൾ ലീസിനെടുത്ത് വർഷം മുഴുവൻ തുടർച്ചയായി തൊണ്ട് ലഭ്യമാക്കുകയും, പൊള്ളാച്ചി പോലെയുള്ള സ്ഥലങ്ങളിൽ ദിവസക്കൂലി 350 രൂപ മാത്രമായതിനാൽ കുറഞ്ഞ ചെലവിൽ പ്രൊസസ്സ് ചെയ്യുകയും ചെയ്യുന്നു. അതേസമയം, കേരളത്തിൽ ഡി.ആർ.സി വ്യവസ്ഥ പ്രകാരം തൊഴിലാളിക്ക് 1,000 മുതൽ 1,200 രൂപ വരെ കൂലി നൽകേണ്ടി വരുന്നതിനാലും, തമിഴ്നാട്ടിൽ നിന്നുള്ളവർ കേരളത്തിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് തൊണ്ട് ശേഖരിച്ചു കൊണ്ടുപോകുന്നതിനാലും തമിഴ്നാടിന്റെ നിരക്കിനോട് മത്സരിക്കാനാകാതെ കേരളത്തിലെ ഡി-ഫൈബറിംഗ് മില്ലുകൾ ഭൂരിഭാഗവും പ്രവർത്തനം നിർത്തേണ്ടി വന്നു.

പ്രതിസന്ധി മറികടക്കാന്‍ ബഹുമുഖ പദ്ധതികള്‍

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും ആഭ്യന്തര വിപണി സജീവമാക്കാനും ബഹുമുഖ പദ്ധതികളാണ് സര്‍ക്കാരും കയര്‍ കോര്‍പ്പറേഷനും ആസൂത്രണം ചെയ്തിരിക്കുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള വില വ്യതിയാനങ്ങൾ മറികടക്കാൻ കേരളത്തിൽ തന്നെ പ്ലാന്റേഷൻ മാതൃകയും പഞ്ചായത്ത് തലത്തിൽ കാര്യക്ഷമമായ തൊണ്ട് ശേഖരണ മെക്കാനിസവും നടപ്പിലാക്കി, അടഞ്ഞുപോയ ഡി-ഫൈബറിംഗ് മില്ലുകളെ റീവാംപ് (Revamp) ചെയ്യാനുള്ള നീക്കത്തിലാണ് നിലവിൽ സർക്കാർ.

കേരളത്തില്‍ നിര്‍ജ്ജീവമായിക്കിടക്കുന്ന ഡി-ഫൈബറിംഗ് മില്ലുകളെ ഘട്ടംഘട്ടമായി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതുകൂടാതൈ 'ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം' ക്യാമ്പയിന്‍ നടത്താനും അദ്ദേശിക്കുന്നുണ്ട്. വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ 6 മാസം നീളുന്ന പ്രചാരണ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും ഒരു കയറുല്‍പ്പന്നമെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം.

ചകിരിക്ഷാമ പരിഹരിക്കാനായി 45 ദിവസത്തിലൊരിക്കല്‍ തെങ്ങുകളില്‍ നിന്ന് വീടുകള്‍ വഴി തൊണ്ടുകള്‍ ശേഖരിച്ച് ഡി-ഫൈബര്‍ ചെയ്യുന്ന സ്‌കീം കൃഷി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഇത് സൗജന്യമായി റോ മെറ്റീരിയല്‍ ലഭ്യമാക്കാനും ചകിരിവില ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.

ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് മറ്റൊരു ശ്രമം. നിലവില്‍ കയറുത്പന്നങ്ങളുടെ ആകെ വില്‍പ്പനയില്‍ 10-15% മാത്രമാണ് ആഭ്യന്തര വിപണിയിലുള്ളത്. ഇത് ഉയര്‍ത്താനായി ലുലു, റിലയന്‍സ്, വി-മാര്‍ട്ട് തുടങ്ങിയ വന്‍കിട റീട്ടെയ്ല്‍ ശൃംഖലകള്‍ വഴി വിപണനം വ്യാപിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ ലുലു മാളിലെ ഷോപ്പില്‍ നിന്ന് മാത്രം ഒരു വര്‍ഷം കൊണ്ട് 2 കോടി രൂപയുടെ വിറ്റുവരവാണ് കയര്‍ കോര്‍പ്പറേഷന്‍ നേടിയത്.

വരുന്ന സാമ്പത്തിക വർഷത്തിൽ 260 കോടി രൂപയുടെ ടേണോവർ കൈവരിക്കാനാണ് കയര്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ പ്രധാനമായും കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്ന സ്ഥാനത്തുനിന്ന്, ഇപ്പോൾ പ്രാദേശിക-ആഭ്യന്തര വിപണികളിൽ വലിയ സാന്നിധ്യമായി മാറാൻ കയർ കോർപ്പറേഷന് സാധിച്ചിട്ടുണ്ട്. ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും ശക്തമായ വിപണന തന്ത്രങ്ങളിലൂടെയും ആഭ്യന്തര വിപണിയിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്താൻ സ്ഥാപനത്തിനാകുന്നുണ്ട്.

നിലവിൽ അന്താരാഷ്ട്ര വിപണിയിൽ കയർ ഉൽപ്പന്നങ്ങൾക്ക് മികച്ച സ്വീകാര്യതയും ആവശ്യകതയുമുണ്ട്. പരിസ്ഥിതി സൗഹൃദവും പൂർണ്ണമായും ബയോഡീഗ്രേഡബിളുമായ (Biodegradable) ഒരു ഉൽപ്പന്നം എന്ന നിലയിലാണ് വിദേശ വിപണികളിൽ ഇതിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ ഭാവി വളരെ സുരക്ഷിതമാണെന്നും ഡോ. പ്രതീഷ് ജി. പണിക്കര്‍ വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com