

തൃശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ (SIB) പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (MD & CEO) മഹേഷ് മുരളീധര്‍ പൈ നിയമിതനാകുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇതുസംബന്ധിച്ച അംഗീകാരം ബാങ്കിന് കൈമാറി. 2026 ഒക്ടോബര്‍ 1 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
ബാങ്കിന്റെ നിലവിലെ എംഡിയും സിഇഒയുമായ പി.ആര്‍. ശേഷാദ്രിയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ അമരക്കാരനെത്തുന്നത്. ജൂലൈ 16-ന് കൂടുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ നിയമനത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കും. തുടര്‍ന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതിയും തേടും. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ക്ക് സമര്‍പ്പിച്ച ഫയലിംഗിലാണ് പുതിയ നിയമനം സംബന്ധിച്ച് വ്യക്തമാക്കിയത്.
ബാങ്കിംഗ് രംഗത്ത് 30 വര്‍ഷത്തിനടുത്ത് വിപുലമായ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് 50-കാരനായ മഹേഷ് മുരളീധര്‍ പൈ. നിലവില്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജരായി ഡിജിറ്റല്‍ ബാങ്കിംഗ്, ഇന്നൊവേഷന്‍ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്.
കാനറ ബാങ്കിന്റെ ഗോള്‍ഡ് ലോണ്‍ വെര്‍ട്ടിക്കല്‍ ആരംഭിക്കുന്നതിലും ബാങ്കിന്റെ ഏറ്റവും വലിയ സോണുകളിലൊന്നിന് നേതൃത്വം നല്‍കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള കാനറ ബാങ്കിന്റെ അന്താരാഷ്ട്ര ഓപ്പറേഷന്‍സിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാനറ ബാങ്ക് ടാന്‍സാനിയ ലിമിറ്റഡ്, കര്‍ണാടക സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയില്‍ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഫിംഡ (FIMMDA), സ്വിഫ്റ്റ് ഇന്ത്യ ഡൊമസ്റ്റിക് സര്‍വീസസ്, സെക്കന്‍ഡറി ലോണ്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ എന്നിവയിലും ബാങ്കിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.കോര്‍പ്പറേറ്റ് ഗവേണന്‍സ്, സ്ട്രാറ്റജി, ട്രഷറി, ഫോറിന്‍ എക്‌സ്‌ചേഞ്ച്, റീറ്റെയ്ല്‍, അഗ്രികള്‍ച്ചര്‍, MSME ക്രെഡിറ്റ് എന്നീ മേഖലകളില്‍ പ്രാവീണ്യമുണ്ട്.
കേരളത്തിന്റെ ബാങ്കിംഗ് ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നേതൃത്വത്തിലേക്ക് കാനറ ബാങ്കില്‍ നിന്ന് ഡിജിറ്റല്‍ ബാങ്കിംഗിലും റീറ്റെയ്ല്‍, എം.എസ്.എം.ഇ ക്രെഡിറ്റ് മേഖലകളിലും മികവ് തെളിയിച്ച ഒരാള്‍ എത്തുന്നത് ബാങ്കിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് കരുത്താകും. പ്രത്യേകിച്ച് കേരളത്തിലെ പ്രവാസി നിക്ഷേപങ്ങളിലും (NRI) സ്വര്‍ണപ്പണയ വായ്പാ രംഗത്തും പുതിയ ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ബാങ്കിന് സഹായകരമാകും.
Read DhanamOnline in English
Subscribe to Dhanam Magazine