

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ (Federal Bank) കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് കമ്പനിക്കും (ICICI Prudential AMC) ഐസിഐസിഐ ബാങ്ക് ഗ്രൂപ്പിനും റിസര്‍വ് ബാങ്കിന്റെ (RBI) അനുമതി. ബാങ്കിന്റെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിന്റെയോ വോട്ടിംഗ് അവകാശത്തിന്റെയോ 9.95 ശതമാനം വരെ 'അഗ്രഗേറ്റ് ഹോള്‍ഡിംഗ്' (Aggregate Holding) ആയി കൈവശം വെക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ഇന്നലെയാണ് (ഫെബ്രുവരി 11) ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ബാങ്കിന് ലഭിച്ചത്. നിലവില്‍ ഐസിഐസിഐ ഗ്രൂപ്പിന് ഫെഡറല്‍ ബാങ്കില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇത് 9.95 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് പുതിയ അനുമതി.
ആര്‍ബിഐയുടെ നിബന്ധനകള്‍ പ്രകാരം, അനുമതി ലഭിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ (2027 ഫെബ്രുവരി 10-നകം) നിക്ഷേപ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിക്ഷേപം 9.95 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും, ഏതെങ്കിലും സാഹചര്യത്തില്‍ ഓഹരി പങ്കാളിത്തം 5 ശതമാനത്തില്‍ താഴെയായാല്‍ വീണ്ടും 5 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും നിര്‍ദ്ദേശമുണ്ട്.
ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് (1949), സെബി (SEBI) മാനദണ്ഡങ്ങള്‍, ഫെമ (FEMA) നിയമങ്ങള്‍ എന്നിവ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം ഈ ഓഹരി കൈമാറ്റം.
ഫെഡറല്‍ ബാങ്കിന് പുറമെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (IndusInd Bank) ഉള്‍പ്പെടെയുള്ള മറ്റ് ചില പ്രമുഖ ബാങ്കുകളിലും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഐസിഐസിഐ ഗ്രൂപ്പിന് അനുമതി ലഭിച്ചിട്ടുണ്ട്. അടുത്തിടെ എച്ച്ഡിഎഫ്‌സി ബാങ്ക് ഉള്‍പ്പെടെയുള്ള ആറ് ബാങ്കുകളില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് ആര്‍ബിഐ സമാനമായ അനുമതി നല്‍കിയിരുന്നു.
ഫെഡറല്‍ ബാങ്കിന്റെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്താണ് ഐസിഐസിഐ ഗ്രൂപ്പിന്റെ ഈ നീക്കമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine