

എപ്പോഴും കൈയ്യില്‍ കൊണ്ടുനടക്കുന്നതുകൊണ്ട്, മൊബൈല്‍ ഫോണിനെ മനുഷ്യ ശരീരത്തിലെ എഴുപത്തി ഒമ്പതാമത്തെ അവയവം എന്ന് പറയാറുണ്ട്. എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണ്‍ ഒരു അവയവം മാത്രമല്ല, നമ്മുടെ ആകെ സ്വത്വത്തിന്റെ ഭാഗമായിരിക്കുന്നു. ഒരാളെ അടയാളപ്പെടുത്തുന്നത് അയാളുടെ ഒപ്പ് ആയിരുന്നത് മാറി മൊബൈല്‍ നമ്പര്‍ ആയി മാറിക്കഴിഞ്ഞു. സാമ്പത്തിക ഇടപാടുകളില്‍, ആധാറില്‍, റേഷന്‍ കാര്‍ഡില്‍, വാഹനം വാങ്ങുമ്പോള്‍, വീട് വാങ്ങുമ്പോള്‍ എല്ലാം നമ്മുടെ ഐഡന്റിറ്റി ഇന്ന് മൊബൈല്‍ നമ്പര്‍ ആണ്. ബാങ്കിടപാടുകളിലാവട്ടെ, മൊബൈല്‍ നമ്പര്‍ ഇല്ലാതെ മറ്റൊരു പരിപാടിയുമില്ല. ഇടപാടുകാരുടെ ഒപ്പായും OTP ആയും അതോറിറ്റിയായും ഓതറൈസേഷന്‍ ആയും സന്ദേശമായും അലെര്‍ട് ആയും എല്ലാം മൊബൈല്‍ നമ്പര്‍ തന്നെ.
എന്നാല്‍ ഈ മൊബൈല്‍ നമ്പര്‍ വെച്ച് തന്നെ നമ്മോട് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന, ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവരാണ് സൈബര്‍ കുറ്റവാളികള്‍! നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ട് ഇക്കൂട്ടര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്! എത്രമാത്രം പേരാണ് ദിനംപ്രതി ഇവരുടെ വലയില്‍ കുടുങ്ങുന്നത്! എത്രമാത്രം തുകയാണ് ഓരോ ദിവസവും ഈ കള്ളന്‍മാര്‍ നമ്മുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്! അപരിചിതമായ നമ്പറുകളില്‍ നിന്ന് വരുന്ന ഫോണ്‍ വിളികള്‍ എടുക്കാതിരിക്കുക, എടുത്താല്‍ തന്നെ കാര്യം പൂര്‍ണമായും നേരിട്ട് ബോധ്യപ്പെട്ട് മാത്രം പ്രതികരിക്കുക, അടിയന്തിരമായി പണമിടപാട് നടത്താതിരിക്കുക, വാട്‌സ്ആപ്പ്, SMS, മറ്റ് സമൂഹ മാധ്യമങ്ങള്‍ വഴി വരുന്ന ലിങ്കുകളിലും ആപ്പുകളിലും ക്ലിക്ക് ചെയ്തും ഡൌണ്‍ലോഡ് ചെയ്തും ആപത്തില്‍ ചാടാതിരിക്കുക ഒക്കെയാണ് ഈ ചതികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്.
സാമ്പത്തിക ഇടപാടുകളില്‍ വര്‍ധിച്ചു വരുന്ന ഈ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിനും തടയുന്നതിനും വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും റിസര്‍വ് ബാങ്കും കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ മറ്റു ധനകാര്യസ്ഥാപനങ്ങളും പോലീസും ടെലഫോണ് ഡിപ്പാര്‍ട്‌മെന്റും എല്ലാം തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്തവിനിമയ ഡിപ്പാര്‍ട്‌മെന്റിന്റെ കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം, നീണ്ടകാലം ഉപയോഗിക്കാത്തതോ, കള്ള നമ്പറെന്നു ശ്രദ്ധയില്‍ പെട്ടതോ, നമ്പര്‍ എടുത്തയാളിന്റെ വിലാസവും മറ്റു വിവരങ്ങളും ശരിയല്ലാത്തതോ, കുറച്ചു നാളായി റീചാര്‍ജ് ചെയ്യാത്തതോ, സൈബര്‍ ക്രൈം അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോ, സാങ്കേതികവിദ്യ സേവന ദാതാവിന്റെ വിശകലനത്തില്‍ ശരിയല്ലെന്ന് കണ്ടെത്തിയതോ ആയ മൊബൈല്‍ നമ്പറുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്; ബാങ്കുകളുടെ ഡാറ്റ ബേസില്‍ ഈ നമ്പറുകള്‍ ഉണ്ടെങ്കില്‍ അവ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ അവിടെനിന്ന് മാറ്റാനും കൊമേര്‍ഷ്യല്‍ ബാങ്കുകള്‍, സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ തുടങ്ങി പണമിടപാട് നടത്തുന്ന എല്ലാവരോടും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചത്.
ഈ നിര്‍ദേശമനുസരിച്ച് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റഫോമില്‍ (DIP) കൊടുത്തിരിക്കുന്ന, അസാധുവാക്കിയ മൊബൈല്‍ നമ്പറുകള്‍ (Mobile Number Revocation List - MNRL) ബാങ്കുകള്‍ പരിശോധിക്കുകയും നിരീക്ഷിക്കുകയും ആവശ്യമെന്ന് കണ്ടാല്‍, അക്കൗണ്ടില്‍ നിന്ന് മാറ്റുകയും ചെയ്യും. ഡാറ്റ ബേസില്‍ നിന്നും അതായത് ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്നും, ഈ വിധം മൊബൈല്‍ നമ്പര്‍ മാറ്റുകയാണെങ്കില്‍ അക്കാര്യം ബാങ്കുകള്‍ ഇടപാടുകാരെ അറിയിക്കും. അറിയിപ്പ് ലഭിക്കുമ്പോള്‍ ഇടപാടുകാര്‍ക്ക് തങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ട് ആവശ്യമായ വിവരങ്ങള്‍, രേഖകള്‍, അപേക്ഷകള്‍ എന്നിവ നല്‍കി പുതിയ നമ്പര്‍ ചേര്‍ക്കുകയോ പഴയ നമ്പര്‍ പുനഃസ്ഥാപിക്കുകയോ ചെയ്യാം. ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്ന് ഓരോ ബാങ്കും ആലോചിച്ച് തീരുമാനിക്കുകയും അത് രേഖപ്പെടുത്തി വെക്കുകയും (Standard Operating Procedure - SOP) വേണം എന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ സുരക്ഷയുടെയും മുന്‍കരുതലിന്റെയും തന്നെ ഭാഗമായിട്ടാണ് ബാങ്കുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, മറ്റു സാമ്പത്തിക സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, SME കള്‍, ചെറുതും വലുതുമായ കച്ചവടക്കാര്‍, ബിസിനസുകാര്‍ തുടങ്ങി ഏതു വിഭാഗത്തില്‍ പെടുന്നവരുമാകട്ടെ, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടപാടുകാരുമായി ഫോണില്‍ സംസാരിക്കുന്നത് '1600xx' എന്നു തുടങ്ങുന്ന നമ്പറുകളില്‍ നിന്ന് മാത്രമേ സാധിക്കൂ എന്ന തീരുമാനം വന്നിരിക്കുന്നത്. സ്ഥാപനങ്ങളുടെ മാര്‍ക്കറ്റിംഗ്, സെയില്‍സ് പ്രൊമോഷന്‍ എന്നിങ്ങനെയുള്ള ഫോണ്‍ വിളികള്‍ ഇനി മുതല്‍ '140xx' എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്ന് മാത്രമേ പാടുള്ളൂ. അതുപോലെ തന്നെ SMS സന്ദേശങ്ങള്‍ അയക്കാന്‍ സ്ഥാപനങ്ങള്‍ പ്രത്യേകം തലക്കെട്ടുകള്‍ (Headers) രജിസ്റ്റര്‍ ചെയ്യണം. ഈ തലക്കെട്ടുകള്‍ വെച്ച് മാത്രമേ SMS അയക്കാവൂ. ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റിയുടെ (TRAI) നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. ഈ തീരുമാനങ്ങള്‍ 2025 മാര്‍ച്ച് 31 ന് മുമ്പ് ബാങ്കുകളും മറ്റു സ്ഥാപനങ്ങളും പൂര്‍ണമായും നടപ്പിലാക്കേണ്ടതാണ്.
ബാങ്കുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. വളരെ സദുദ്ദേശത്തോടു കൂടിയാണ് ഈ നടപടികള്‍ തുടങ്ങിവെച്ചിരിക്കുന്നത് എങ്കിലും ഇതിന്റെ നടത്തിപ്പില്‍ ചിലപ്പോള്‍ സത്യസന്ധമായി നേരെ ചൊവ്വേ ഇടപാടുകള്‍ നടത്തുന്ന ഇടപാടുകാര്‍ക്ക്, അപൂര്‍വമായെങ്കിലും ബുദ്ധിമുട്ട് ഉണ്ടായേക്കാം. ടെലി കമ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്നും ലഭിക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് ബാങ്കുകള്‍ മൊബൈല്‍ നമ്പറുകള്‍ അക്കൗണ്ടുകളില്‍ നിന്ന്, ആവശ്യമെന്ന് കണ്ടാല്‍, മാറ്റുക. ഇങ്ങനെ മാറ്റിയാല്‍ പിന്നെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഇടപാടും, പ്രത്യേകിച്ച്, ഡിജിറ്റല്‍, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വരും. ടെലിഫോണ്‍ വകുപ്പ് ലിസ്റ്റ് തയാറാക്കുന്നത് ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതം അനുസരിച്ചാണ്. ഇതനുസരിച്ച് ഐഡന്റിഫൈ ചെയ്യുന്ന നമ്പറുകള്‍ ചിലപ്പോള്‍ ഇടപാടുകാര്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതാവാം. അതുകൊണ്ടാണ് അതേകുറിച്ച് അന്വേഷിച്ച് ഉചിതമായത് ചെയ്യുക എന്ന് പറഞ്ഞിരിക്കുന്നത്.
ഈ സംവിധാനം വഴി ഏതെങ്കിലും സത്യസന്ധരായ ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ഉടനെ അതാത് ബാങ്കുമായി ബന്ധപ്പെടുക എന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. ബാങ്കുകള്‍ അത്തരം അപേക്ഷകളോ പരാതികളോ പരിശോധിക്കുകയും എത്രയും വേഗം അക്കാര്യത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.
സംശയാസ്പദമായ ഏതെങ്കിലും കാരണങ്ങള്‍ ഇല്ലാതെ ഒരു മൊബൈല്‍ നമ്പര്‍ ഈ ലിസ്റ്റില്‍ വരില്ല. ഒരു നമ്പര്‍ തന്നെ ഒന്നിലധികം പേര് ഉപയോഗിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ ഒരു നമ്പര്‍ തന്നെ അറിഞ്ഞോ അറിയാതെയോ ഒന്നിലധികം അക്കൗണ്ടുകളില്‍ ചേര്‍ത്തിട്ടുണ്ടാകാം. കള്ള അക്കൗണ്ടുകള്‍ തുറക്കാന്‍ (Mule അക്കൗണ്ടുകള്‍ മുതലായവ) ഒരു നമ്പര്‍ പല തവണ ഉപയോഗിച്ചിട്ടുണ്ടാകാം. സൈബര്‍ തട്ടിപ്പുകള്‍ അടക്കമുള്ള കള്ളത്തരങ്ങള്‍ക്ക് യഥാര്‍ത്ഥ ഇടപാടുകാരന്‍ അറിയാതെ അതെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചിട്ടുണ്ടാകാം. ഇങ്ങനെ പല കാരണങ്ങള്‍ ഉണ്ടാകാം.
എന്ത് കാരണം കൊണ്ടായാലും മൊബൈല്‍ നമ്പര്‍ അസാധുവാക്കിയെന്ന് ബാങ്കിന് വിവരം ലഭിച്ചാല്‍ ഓരോ നമ്പറിലും പ്രാഥമിക അന്വേഷണം നടത്തി യുക്തമായ തീരുമാനം ബാങ്കുകള്‍ കൈക്കൊള്ളും. ഇത് ഇടപാടുകാരുടെ താല്പര്യവും സാമ്പത്തിക സംവിധാനത്തിന്റെ കെട്ടുറപ്പും രാജ്യത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തുവാന്‍ വേണ്ടിയാണ്. ഈ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി മൊബൈല്‍ നമ്പര്‍ അക്കൗണ്ടില്‍ നിന്നും ക്യാന്‍സല്‍ ആക്കിയിരിക്കുന്നു എന്ന വിവരം ലഭിച്ചാല്‍ അക്കാര്യം ഏതു വിധത്തില്‍ പരിഹരിക്കാം എന്ന് ബാങ്കുമായി സംസാരിച്ചു ഉചിതമായത് ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങളുടെ മാത്രം ഐഡന്റിറ്റി ആയിരിക്കട്ടെ.
Read DhanamOnline in English
Subscribe to Dhanam Magazine