Begin typing your search above and press return to search.
കേരളത്തിന് ആശ്വാസം, സംസ്ഥാനത്തിന്റെ ഹ്രസ്വകാല വായ്പാ പരിധി ₹ 2300 കോടിയാക്കി റിസര്‍വ് ബാങ്ക്
കേരളത്തിന് ഹ്രസ്വകാലത്തേക്ക് എടുക്കാവുന്ന വായ്പാ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഹ്രസ്വകാലത്തേക്ക് വായ്പ ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് നടപ്പിലാക്കിയ വേസ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് (Ways and means advances -WMA) സൗകര്യത്തിന്റെ പരിധി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. ഇതനുസരിച്ച് കേരളത്തിന്റെ ഹ്രസ്വകാല വായ്പാ പരിധി 1683 കോടി രൂപയില്‍ നിന്നും 2300 കോടി രൂപയായി, 37 ശതമാനം വര്‍ധന. മൂന്ന് മാസം വരെ കാലയളവിലേക്കുള്ള വായ്പകളെയാണ് ഹ്രസ്വകാല വായ്പകളായി പരിഗണിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 47,010 കോടി രൂപയുടെ ഹ്രസ്വകാല വായ്പാ അനുമതിയാണ് ആര്‍.ബി.ഐ നല്‍കിയിരുന്നത്. ഇത് ജൂലൈ ഒന്ന് മുതല്‍ 60,118 കോടി രൂപയാക്കി വര്‍ധിപ്പിച്ചു, 28 ശതമാനം വര്‍ധന. കുറച്ച് കാലത്തെ സംസ്ഥാനങ്ങളുടെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിച്ചാണ് ഇത് സംബന്ധിച്ച വിദഗ്ദ സമിതി വായ്പാ പരിധി കൂട്ടാനുള്ള ശുപാര്‍ശ നല്‍കിയതെന്ന് ആര്‍.ബി.ഐ വിശദീകരണത്തില്‍ പറയുന്നു. 2022 ഏപ്രില്‍ ഒന്നിനാണ് അവസാനമായി വായ്പാ പരിധിയില്‍ മാറ്റം കൊണ്ടുവന്നത്.
കേരളത്തിന് നേരിയ ആശ്വാസം
അതേസമയം, ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഹ്രസ്വകാല വായ്പാ പരിധി വര്‍ധിപ്പിച്ചത് നേരിയ ആശ്വാസമാണ്. ദൈനംദിന ചെലവുകള്‍ മുടക്കമില്ലാതെ നടത്താനും ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാനുമാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഹ്രസ്വകാല വായ്പകളെ ഉപയോഗിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന കേരളം അടിക്കടി ഹ്രസ്വകാല വായ്പകള്‍ എടുക്കാറുമുണ്ട്. വിപണിയില്‍ നിന്നുള്ള കടമെടുപ്പ്, ഓവര്‍ഡ്രാഫ്റ്റ് എന്നിവയേക്കാല്‍ ചെലവ് കുറഞ്ഞ രീതിയാണിത്.
സെപ്തംബര്‍ 30നുള്ളില്‍ ബോണ്ടുകള്‍ ഇറക്കി 15,000 കോടി രൂപ സമാഹരിക്കാനാണ് കേരളത്തിന്റെ ശ്രമം . കേരളം ഇതിനോടകം തന്നെ വിപണിയില്‍ നിന്നും 8,000 കോടി രൂപ കടമെടുത്തിട്ടുണ്ട്. ആര്‍.ബി.ഐ ചട്ടമനുസരിച്ച് ഈ കാലയളവിനുള്ളില്‍ 7,000 കോടി രൂപ കൂടി കേരളത്തിന് കടമെടുക്കാം. ഈ മാസം 3,000 കോടിയും അടുത്ത രണ്ട് മാസങ്ങളില്‍ 2,000 കോടി രൂപ വീതവും കടമെടുക്കാനാണ് കേരളത്തിന്റെ പദ്ധതി. ഡിസംബര്‍ വരെ 21,253 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര അനുമതി.
Next Story
Videos