

ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനാകാത്തവിധം പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് ഓണക്കാലത്ത് റെക്കോഡ് വരുമാനം. ഓണം അവധിക്ക് ശേഷമുള്ള ആദ്യ ദിനമായ സെപ്റ്റംബര്‍ നാലിന് 8.79 കോടി രൂപയാണ് കെ.എസ്.ആര്‍.ടിസിയുടെ കളക്ഷന്‍. ശബരിമല സീസണില്‍ ജനുവരി 16ന് നേടിയ 8.48 കോടി രൂപയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
പ്രതിദിനം ഏഴ് കോടിയിലധികം
ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 10 ദിവസത്തില്‍ കെ.എസ് ആര്‍.ടി.സിയുടെ മൊത്ത വരുമാനം 70.97 കോടി രൂപയാണ്. ഇതില്‍ അഞ്ച് ദിവസവും ഏഴ് കോടി രൂപയ്ക്കു മുകളിലാണ് പ്രതിദിന കളക്ഷന്‍. ഓഗസ്റ്റ് 26ന് 7.88 കോടി രൂപ, ഓഗസ്റ്റ് 27ന് 7.58 കോടി രൂപ, ഓഗസ്റ്റ് 31 ന് 7.11 കോടി രൂപ, സെപ്റ്റംബര്‍ 1ന് 7.79, സെപ്റ്റംബര്‍ 2ന് 7.29 എന്നിങ്ങനെയാണ് കളക്ഷന്‍.
ലക്ഷ്യം 9 കോടി
പ്രവര്‍ത്തന ചെലവ് നേരിടാന്‍ പ്രതിദിനം 9 കോടി രൂപ കളക്ഷന്‍ നേടാനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തി ലക്ഷ്യം നേടാനാകുമെന്ന് കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ബിജു പ്രഭാകര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ പുതിയ ബസുകള്‍ ലഭിക്കാനുള്ള കാലതാമസമാണ് ഇതിനു തടസമാകുന്നത്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (KIIFB) പുതിയ ബസുകള്‍ വാങ്ങാനായി 814 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ധനകാര്യമന്ത്രാലയത്തിന്റെ എതിര്‍പ്പു കാരണം കോര്‍പ്പറേഷന് ഇതുവരെ പണം ലഭിച്ചിട്ടില്ല.
ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം നല്‍കാനാകാതെ വന്നതോടെ ഓണക്കാലത്ത് കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയിരുന്നു. പിന്നീട് ഓണം അവധിക്ക് രണ്ട് ദിവസം മുന്‍പാണ് മന്ത്രിമാരുടെ കൂടികാഴ്ചയ്ക്ക് ശേഷം ശമ്പളം വിതരണം ചെയ്തത്. 72 കോടി രൂപയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine