വിഴിഞ്ഞത്ത് വരുന്നു ₹26,000 കോടിയുടെ വമ്പന്‍ ഹൈഡ്രജന്‍ പ്ലാന്റ്
റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ റിന്യു (ReNew) കേരളത്തില്‍ വഴിഞ്ഞം തുറമുഖത്തോട് ചേര്‍ന്ന് വന്‍കിട ഹൈഡ്രജന്‍ നിര്‍മാണ പദ്ധതി ആരംഭിക്കുന്നു. 26,400 കോടി രൂപയാണ് മുതല്‍ മുടക്ക്. പ്രതിവര്‍ഷം 220 കിലോ ടണ്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റ് വഴി 1,100 കിലോ ടണ്‍ അമോണിയയും ഉത്പാദിപ്പിക്കാനാകും. തുടക്കത്തില്‍ പ്രതിവര്‍ഷം 100 കിലോടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കും. പിന്നീട് ഓരോ മൂന്നു വര്‍ഷത്തിലും 500 കിലോ ടണ്‍ വീതം ഉത്പാദനശേഷി വര്‍ധിപ്പിക്കും. ഓരോ ഘട്ടത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ 36 മുതല്‍ 42 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് എനര്‍ജി റിപ്പോര്‍ട്ട് ചെയ്തു.
പദ്ധതിയുടെ ഭാഗമായി 5,000 പേര്‍ക്ക് നേരിട്ടും നിര്‍മാണവുമായി ബന്ധപ്പെട്ട് 18,000 പേര്‍ക്കും തൊഴില്‍ ലഭിക്കും. ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിവര്‍ഷം 14,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടി വരും. ഇതിനായി 6 ജിഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റ് വിഴിഞ്ഞത്ത് നിര്‍മിക്കും. കൂടാതെ 50 ദശലക്ഷം ലിറ്റര്‍ വെള്ളവും പ്രതിദിനം ആവശ്യമായി വരും. അതിനായി സീവാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും സ്ഥാപിക്കും. 26,400 കോടി രൂപ മുതല്‍ മുടക്ക് കൂടാതെയാണിത്.
സൂയസ് കനാല്‍ ഇക്കണോമിക് സോണില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി സ്ഥാപിക്കാനായി ഈജിപ്തുമായി 2022 നവംബറില്‍ റിന്യൂ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. രാജ്യത്തെ നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ ദൗത്യത്തിന്റെ ഭാഗമായാണ് പദ്ധതി. 2030 ഓടെ പ്രതിവര്‍ഷം 5 മെട്രിക് ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഗ്രീന്‍ ഹൈഡ്രജന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നു.
കാര്‍ബണ്‍ ഇല്ലാതെ ഹൈഡ്രജന്‍ ഉണ്ടാക്കുന്നതിനെയാണ് ഗ്രീന്‍ ഹൈഡ്രജനെന്ന് പറയുന്നത്. ഒട്ടും തന്നെ മാലിന്യം പുറന്തള്ളാത്ത ഗ്രീന്‍ ഹൈഡ്രജന്‍ ഭാവിയുടെ ഇന്ധനമെന്നാണ് അറിയപ്പെടുന്നത്. വ്യവസായങ്ങളിലും ഗതാഗത, ഊര്‍ജ മേഖലകളിലും കാര്‍ബണ്‍ മാലിന്യം കുറയ്ക്കാന്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം ഹൈഡ്രജന്‍ ഉപയോഗിക്കാം.