ബിയറും വൈനും ഇനി റസ്റ്റോറൻ്റുകളിൽ; സീസണിൽ ടൂറിസം മേഖല കൂടുതൽ ഉണർവിലേക്ക്

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റസ്‌റ്റോറന്റുകളില്‍ ഇനി ബിയറും വൈനും വിളമ്പാം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിനെ ടൂറിസം സീസണായി കണക്കാക്കി റസ്റ്റോറന്റുകള്‍ക്ക് കുറഞ്ഞ ഫീസില്‍ വില്‍പ്പന ലൈസന്‍സ് നല്‍കാനാണ് തീരുമാനം. 2023-24 മദ്യനയത്തിന്റെ ഭാഗമായാണ് വിദേശസഞ്ചാരികള്‍ കൂടുതലെത്തുന്ന സ്ഥലങ്ങളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
നിലവില്‍ നാല് ലക്ഷം രൂപ ഫീസടച്ചാല്‍ ഒരു വര്‍ഷത്തേക്ക് മദ്യം വിളമ്പാനുള്ള എഫ്.എല്‍ 11 ലൈസന്‍സ് ത്രീ സ്റ്റാറിന് മുകളില്‍ കാറ്റഗറിയിലുള്ള ഹോട്ടലുകള്‍ക്ക് ലഭിക്കും. എന്നാല്‍ സീസണ്‍ കഴിഞ്ഞാല്‍ സഞ്ചാരികളുടെ എണ്ണം കുറയുമെന്നതിനാല്‍ ഇത് ലാഭകരമല്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ഇക്കാര്യം പരിഗണിച്ചാണ് ഒരു ലക്ഷം രൂപ ഫീസടച്ചാല്‍ മൂന്ന് മാസത്തേക്കുള്ള ലൈസന്‍സ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിലൂടെ അധിക വരുമാനവും വിനോദസഞ്ചാര മേഖലയിലും ഹോട്ടല്‍ വ്യവസായത്തിലും പുത്തന്‍ ഉണര്‍വ് നല്‍കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ചട്ടങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ആര്‍ക്കൊക്കെ ലൈസന്‍സ് കിട്ടും
ബിയറും വൈനും വിളമ്പാന്‍ 295 എഫ്.എല്‍ 11 ലൈസന്‍സുകളാണ് നിലവില്‍ കേരളത്തില്‍ അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിനോദസഞ്ചാര മേഖലയായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിലെ റസ്റ്റോറന്റുകള്‍ക്ക് സീസണില്‍ ബിയറും വൈനും വിളമ്പാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. ഇവര്‍ക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ക്ലാസിഫിക്കേഷനും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഒരു സ്റ്റാറോ അതിന് മുകളിലോ ക്ലാസിഫിക്കേഷനും ലഭിച്ചിരിക്കണം. എക്‌സൈസ് വകുപ്പിന്റെ വൈബ്‌സൈറ്റ് വഴി ലൈസന്‍സിന് അപേക്ഷിക്കാവുന്നതാണ്.
ടൂറിസം രംഗത്ത് ഉണര്‍വാകും
വിദേശ ടൂറിസ്റ്റുകള്‍ ധാരാളമായെത്തുന്ന പ്രദേശങ്ങളിലെ റസ്റ്റോറന്റുകളില്‍ ബിയരും വൈനും വിളമ്പാന്‍ അനുവദിക്കണമെന്ന് ഏറെക്കാലമായി ഹോട്ടല്‍ വ്യവസായികള്‍ ആവശ്യപ്പെടുന്ന കാര്യമാണ്. ഇത്തരം കേന്ദ്രങ്ങളില്‍ മദ്യം വിളമ്പേണ്ടത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അത്യാവശ്യവുമാണ്. നിലവില്‍ കേരളത്തില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം ഭക്ഷണത്തോടൊപ്പം വിളമ്പാന്‍ അനുവദിക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഊര്‍ജ്ജമാകും. നിയമത്തിലെ നൂലാമാലകളും ഉയര്‍ന്ന ലൈസന്‍സ് ഫീസും കാരണം പല റസ്‌റ്റോറന്റുകളും ലൈസന്‍സ് എടുക്കാതെ അനധികൃതമായി മദ്യം വിളമ്പുന്നതായി ആരോപണമുണ്ടായിരുന്നു. ഇത് കണ്ടെത്താന്‍ എക്‌സൈസും പൊലീസും നടത്തുന്ന പരിശോധനകള്‍ വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇതൊഴിവാക്കാനും തീരുമാനം വഴിവയ്ക്കും.

Related Articles

Next Story

Videos

Share it