ബാങ്കിതര ധനകാര്യരംഗത്ത് കുറഞ്ഞ കാലംകൊണ്ട് മികച്ച വളര്‍ച്ചയുമായി റിച്ച്മാക്സ്

''മാസംതോറും നിന്റെ മുടിവെട്ടാന്‍ നല്ല കാശാകുന്നുണ്ട്. പറ്റുമെങ്കില്‍ നീ തന്നെ അതുണ്ടാക്ക്'' സ്വന്തം പിതാവ് ഒരിക്കല്‍ പറഞ്ഞ ഈ വാക്കുകള്‍ ഒരു ഒന്‍പതു വയസുകാരന്‍ കാര്യമായി തന്നെയെടുത്തു. വെളുപ്പിന് ഉണര്‍ന്ന് പത്രവിതരണത്തിനു പോയും വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളെയും മീനുകളെയുമെല്ലാം വില്‍പ്പന നടത്തിയും പണമുണ്ടാക്കാന്‍ തുടങ്ങി. അധ്വാനിച്ചുണ്ടാക്കുന്ന ഒരു പൈസ പോലും പാഴാക്കിയില്ല.

അത് പോസ്റ്റോഫീസില്‍ നിക്ഷേപിച്ചു. പിന്നെ മറ്റൊന്നുകൂടി ചെയ്തു. നാട്ടിലെ ചെറിയ സ്വര്‍ണക്കടകളില്‍ പോയി കൊച്ചുകൊച്ചു ആഭരണങ്ങളും വാങ്ങി. വര്‍ഷങ്ങളേറെ കഴിഞ്ഞു. കഷ്ടപ്പെട്ട് പണമുണ്ടാക്കിഅത് നഷ്ടമാകാതെ കാത്തുസൂക്ഷിച്ചിരുന്ന ആ ഒന്‍പതു വയസുകാരന്‍ ഇന്ന് കേരളത്തില്‍ ശക്തമായമത്സരമുള്ള ബാങ്കിതര ധനകാര്യ സ്ഥാപന രംഗത്ത് അതിവേഗ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന റിച്ച്മാക്സ് ഫിന്‍വെസ്റ്റിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമാണ്; അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത്! ചെറുപ്പത്തിലെ ശീലവും ഇഷ്ടങ്ങളും വളര്‍ന്നപ്പോള്‍ അദ്ദേഹം അതൊരു കരുത്തുറ്റ സംരംഭത്തിനുള്ള വിത്താക്കി മാറ്റി. സ്വര്‍ണപ്പണയ വായ്പാ രംഗത്ത് കുറഞ്ഞ കാലംകൊണ്ട് റിച്ച്മാക്സിന് ഗണ്യമായ വളര്‍ച്ച നേടാന്‍ സഹായിച്ചതും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് നേടിയ ഈ അനുഭവസമ്പത്ത് തന്നെ.
സ്വദേശം ആലുവയാണെങ്കിലും അമ്മ ബിബിയാന ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഹെല്‍ത്ത് സര്‍വീസിലായിരുന്നതുകൊണ്ട് കുട്ടിക്കാലത്തും പിന്നീട് ഉന്നതപഠന കാലത്തും അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് അലഹബാദില്‍ തന്നെയായിരുന്നു. ''അവിടെയായിരുന്നപ്പോള്‍ ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലേക്ക് തനിയെ ഞാന്‍ യാത്ര പോകുമായിരുന്നു. വളരെ ദയനീയമായ ജീവിത കാഴ്ചയാണ് അവിടങ്ങളില്‍ കണ്ടത്. എന്നെങ്കിലും ഇവരുടെയൊക്കെ ജീവിതത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്ന എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത അന്നേ മനസിലുണ്ടായിരുന്നു'' അഡ്വ. ജോര്‍ജ് ജോണ്‍ ഓര്‍ത്തെടുക്കുന്നു.
സഹോദരിക്ക് സ്വര്‍ണമോതിരം സമ്മാനിച്ച സഹോദരന്‍!
പറയത്തക്ക ബിസിനസ് പശ്ചാത്തലമുള്ള കുടുംബമല്ലെങ്കിലും കുട്ടിക്കാലം മുതല്‍ കച്ചവടമാണ് തനിക്ക് പറ്റുകയെന്ന് അഡ്വ. ജോര്‍ജ് ജോണ്‍ തിരിച്ചറിഞ്ഞിരുന്നു. മുടിവെട്ടാന്‍ മാത്രമല്ല, സ്വന്തം ആവശ്യങ്ങള്‍ക്കെല്ലാമുള്ള പണം സ്വയം കണ്ടെത്തുന്നതിനൊപ്പം അതില്‍ നിന്നൊരു ഭാഗം നീക്കിവെച്ച് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സഹോദരിക്ക് ചെറിയൊരു സ്വര്‍ണ മോതിരവും സമ്മാനിച്ചു. അലഹബാദ് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.സി.എയും പിന്നീട് ഉത്തരേന്ത്യയില്‍ തന്നെ പഠിച്ച് എം.ബി.എയും എല്‍.എല്‍.ബിയുമെല്ലാം പാസായി അധ്യാപക ജോലിയില്‍ പ്രവേശിച്ചെങ്കിലും വിവാഹ ശേഷം തിരികെ ആലുവയിലേക്ക് തന്നെ വന്നു. ''ബാങ്കിതര സ്ഥാപന രംഗത്ത് തന്നെയാണ് അവസരമെന്ന് തിരിച്ചറിഞ്ഞിരുന്നു. പത്തു വര്‍ഷത്തോളം കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു. ആ അനുഭവസമ്പത്തുമായാണ് സ്വന്തമായ സംരംഭത്തിന് ഇറങ്ങിത്തിരിച്ചത്'' അഡ്വ. ജോര്‍ജ് ജോണ്‍ പറയുന്നു.
അഡ്വ. ജോര്‍ജ് ജോണ്‍ വാലത്തും അമ്മ ബിബിയാന ജോണുമാണ് റിച്ച്മാക്സ് ഗ്രൂപ്പിന്റെ സാരഥ്യത്തിലുള്ളത്. വളരെ ചുരുങ്ങിയ കാലംകൊണ്ട് റിച്ച്മാക്സ് ഫിന്‍വെസ്റ്റ്ഗണ്യമായ ബിസിനസ് വളര്‍ച്ച നേടിയെടുത്തിട്ടുമുണ്ട്. ''ഓരോ പ്രദേശത്തെ സാധ്യതകള്‍ കണ്ടുമാത്രമാണ് ചുവടുവെയ്ക്കുന്നത്. ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത ശാഖകള്‍ പൂട്ടാനും മടിച്ചിട്ടില്ല'' അഡ്വ.ജോര്‍ജ് ജോണ്‍ പറയുന്നു.
കൂടെയുള്ളവരെ വളര്‍ത്തുന്നു, കൂട്ടായി വളരുന്നു
കളമശ്ശേരി അപ്പോളോ ടയേഴ്സിന്റെ എതിര്‍വശത്തെ കെട്ടിടത്തിലുള്ള ഓഫീസില്‍ നിന്ന് തുടക്കമിട്ട റിച്ച്മാക്സ് ഫിന്‍വെസ്റ്റിന് ഇന്ന് കേരളത്തിന് പുറമെ തമിഴ്നാട്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിലും ശാഖകളുണ്ട്. കേരളത്തില്‍ 76, തെലങ്കാനയില്‍ 10, തമിഴ്നാട്ടില്‍ ആറ്, ഒഡിഷയില്‍ മൂന്ന് എന്നിങ്ങനെയാണ് ശാഖകള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ശാഖകളുടെ എണ്ണം 100 കവിയും.
''ബാങ്കിതര ധനകാര്യ സേവന മേഖലയില്‍ മറ്റൊരു സ്ഥാപനം തുറന്ന് നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ ഇടപാടുകാര്‍ വരണമെന്നില്ല. അവര്‍ക്ക് ഇവിടെ വരാന്‍ തോന്നണം. വിശ്വാസം വേണം. അതിന് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഞാന്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. മൊത്തം ടീം അതിനായി പരിശ്രമിക്കണം. അങ്ങനെ ഒരു ടീമിനെ കെട്ടിപ്പടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന അടിത്തറ ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. എന്റെ ശ്രദ്ധ ഭാവി പദ്ധതികളില്‍ മാത്രമാണ്'' കുറഞ്ഞ കാലംകൊണ്ട് തന്നെ പ്രൊഫഷണലായ ഒരു ടീമിനെ കെട്ടിപ്പടുത്ത അഡ്വ. ജോര്‍ജ് ജോണ്‍ പറയുന്നു.
നിയമാനുസൃതമായ മിനിമം വേതനം കൊടുത്ത് ജീവനക്കാരെ കൂടെ നിര്‍ത്തുന്ന ശൈലിയല്ല ഇദ്ദേഹത്തിന്റേത്. മാന്യമായി ജീവിക്കാന്‍ പറ്റുന്ന ന്യായമായ വേതനം ജീവനക്കാര്‍ക്ക് നല്‍കുന്ന രീതിയാണ്. ലക്ഷ്യമിടുന്ന ബിസിനസ് വളര്‍ച്ചയെ കുറിച്ചുള്ള കൃത്യമായ ധാരണ ടീമിലെ ഓരോ അംഗത്തിനുമുണ്ട്. നിലവിലെ ബിസിനസ് എത്രയാണ്? ലക്ഷ്യം നേടാന്‍ ഓരോ ദിവസവും ഓരോ മാസവും എന്തൊക്കെ ചെയ്യണമെന്നൊക്കെ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ടീം തന്നെ. വളര്‍ച്ചയുടെ ഗുണഫലം അവരില്‍ ഓരോരുത്തര്‍ക്കും ഉണ്ടാവുകയും ചെയ്യും. ''ടീമിന് വെറുതെ ജോലികള്‍ വിഭജിച്ച് നല്‍കുന്നതല്ല ഇവിടുത്തെ രീതി. അത് നടപ്പാക്കിയെടുക്കാനുള്ള ഉത്തരവാദിത്തവും അധികാരവും മാന്യമായ വേതനവും നല്‍കും. കാരണം ഇടപാടുകാര്‍ കാണുന്നത് അവരെയാണ്,എന്നെയല്ല'' അഡ്വ. ജോര്‍ജ് ജോണ്‍ ചൂണ്ടിക്കാട്ടുന്നു.
17 വര്‍ഷക്കാലം ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിച്ചതിന്റെ അനുഭവസമ്പത്ത് റിച്ച്മാക്സിന്റെ വളര്‍ച്ചയിലും അഡ്വ. ജോര്‍ജ് ജോണ്‍ കൃത്യമായി ഇളക്കിച്ചേര്‍ത്തു. ''എനിക്ക് അവിടുത്തെ ഗ്രാമീണരെഅറിയാം. അവരുടെ ഭാഷയില്‍ സംസാരിക്കാനറിയാം. ആവശ്യങ്ങളറിയാം. മത്സരാധിഷ്ഠിതമായ പലിശ നിരക്ക് നല്‍കി അവരുടെ ആവശ്യത്തിന് പണം, സ്വര്‍ണാഭരണം ഈടായി വാങ്ങി നല്‍കിയാല്‍ ബിസിനസ് വളരും. ഹൈദരാബാദ്, ഒഡിഷ എന്നിവിടങ്ങളില്‍ 200 വീതം ശാഖകള്‍ 2024-25 വര്‍ഷത്തോടെ തുറക്കാനാകുമെന്നാണ് കരുതുന്നത്'' അഡ്വ. ജോര്‍ജ് ജോണ്‍ പറയുന്നു.
ആലുവയില്‍ നിന്ന് ദേശീയതലത്തിലേക്ക് വളര്‍ന്ന ബാങ്കാണ് ഫെഡറല്‍ ബാങ്ക്. അവിടെ നിന്നുള്ള രണ്ടാമത്തെ ബാങ്ക് സൃഷ്ടിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് വ്യക്തമാക്കുന്നു.
കേരളത്തില്‍ നിന്നുള്ള ബാങ്ക്, ബാങ്കിതര സ്ഥാപനങ്ങളുടെ വളര്‍ച്ചയും അവയുടെ സാരഥികളുടെ പ്രവര്‍ത്തന ശൈലിയുമെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് അതില്‍ നിന്ന് നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്ന അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് 2035-2040 ഓടെ റിച്ച്മാക്സ് ഗ്രൂപ്പില്‍ നിന്നുള്ള സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുമെന്ന് വിശ്വാസം പ്രകടിപ്പിക്കുന്നു. വളര്‍ച്ചാ പദ്ധതികളുടെ ഭാഗമായി മറ്റൊരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെ കൂടി ഏറ്റെടുക്കുന്നതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഈ സ്ഥാപനത്തെയാകും സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന തലത്തിലേക്ക് വളര്‍ത്തുക.
സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം വരുത്താവുന്ന, അതേസമയം പരിധികളില്ലാതെ വളര്‍ത്താനാവുന്ന ബിസിനസ് നടത്തുകയെന്നതായിരുന്നു അഡ്വ. ജോര്‍ജ് ജോണ്‍ വാലത്തിന്റെ സ്വപ്നം. അത് സാക്ഷാത്കരിക്കാനുള്ള യാത്ര തന്നെയാണ് അദ്ദേഹം നടത്തുന്നതും. 2027-28 കാലഘട്ടത്തില്‍ റിച്ച്മാക്സിന്റെ ഐ.പി.ഒയും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറയുന്നു.
ട്രാവല്‍ രംഗത്തേക്കും
റിച്ച്മാക്സ് ഗ്രൂപ്പില്‍ നിന്നുള്ള ട്രാവല്‍ കമ്പനി റിച്ച്മാക്സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ആദ്യ ബ്രാഞ്ച് കൂര്‍ക്കഞ്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുകയാണ്. എറണാകുളത്തും ദൂബായിലും ഈവര്‍ഷം തന്നെ ഇതിന്റെ ശാഖകള്‍ തുറക്കും. ഗ്രൂപ്പിന്റെ മറ്റൊരു സഹോദര സ്ഥാപനമായ വാലത്ത് ജൂവല്ലേഴ്സിന് നിലവില്‍ ഒരു ശാഖയാണുള്ളത്. രണ്ടാമത്തെ ശാഖ ആലുവയില്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുന്ന റിച്ച്മാക്സ് ഗ്രൂപ്പിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയത്തില്‍ തുറക്കും. റിച്ച്മാക്സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു സംരംഭം കൂടി ഗ്രൂപ്പിന്റെ ഭാഗമായുണ്ട്.
സാമൂഹ്യവിപത്തിനെ അകറ്റാന്‍, സമൂഹത്തെ ചേര്‍ത്തുനിര്‍ത്താന്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വരെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്ന് എന്ന വിപത്തിനെതിരെ ശക്തമായ ക്യാമ്പെയ്ന്‍ തന്നെ അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് നടത്തുന്നുണ്ട്. റിച്ച്മാക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നൂറോളം ലഹരി വിരുദ്ധ ക്യാമ്പെയ്നുകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
യുവാക്കള്‍ വിദ്യാഭ്യാസം നേടി തൊഴില്‍ ദാതാക്കളോ വൈദഗ്ധ്യമുള്ള തൊഴില്‍ സേനയോ ആവാതെ നാട് പുരോഗമിക്കുകയില്ലെന്ന് അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് അഭിപ്രായപ്പെടുന്നു. അവരെ നേരായ വഴിക്ക് മുന്നോട്ട് നയിക്കാന്‍ വേണ്ട പരിശ്രമം നടത്തിക്കൊണ്ടേയിരിക്കും.
ഇതിന് പുറമെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും റിച്ച്മാക്സ് ഗ്രൂപ്പ് സജീവമാണ്. പരിസ്ഥിതി ദിനത്തില്‍ റിച്ച്മാക്സ് ജീവനക്കാര്‍ അറുനൂറോളം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് മനുഷ്യ ഹൃദയത്തെ തൊട്ടറിഞ്ഞാണ് ബിസിനസ് പ്ലാനുകള്‍ വരെ തയാറാക്കുന്നത്. ''ഏത് മേഖലയിലായാലും ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന് അടിസ്ഥാനം സമാധാനവും സന്തോഷവുമുള്ള കുടുംബമാണ്. ഞാന്‍ നാല് മക്കളുടെ പിതാവാണ്. ഇളയകുട്ടി സ്‌കൂള്‍ പ്രായമായിട്ടില്ല. ഭാര്യ സ്റ്റെല്ല മരിയ തോമസ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ജി.എച്ച്.എസ്.എസിലെ അധ്യാപികയാണ്. അമ്മ റിച്ച്മാക്സിന്റെ ഡയറക്റ്ററും. കുടുംബമാണ് എല്ലാത്തിന്റെയും അടിസ്ഥാനം'' അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് പറയുന്നു.

(This article was originally published in Dhanam Magazine January 31st issue)

Related Articles

Next Story

Videos

Share it