ഭവന നിര്‍മാണ ബജറ്റ്‌ തകിടം മറിയുന്നു; ഫിനിഷിംഗ് ഘട്ടത്തിൽ മാത്രം 40% വരെ അധികച്ചെലവ്! കമ്പിയും ടൈലും വയറിങ് സാധനങ്ങളും പൊള്ളുന്നു

ഒരു 2000 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കുമ്പോൾ ഏകദേശം 6 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഉടമസ്ഥർക്ക് ഉണ്ടാകുന്നത്
ഭവന നിര്‍മാണ ബജറ്റ്‌
തകിടം മറിയുന്നു; ഫിനിഷിംഗ് ഘട്ടത്തിൽ മാത്രം 40% വരെ അധികച്ചെലവ്! കമ്പിയും ടൈലും വയറിങ് സാധനങ്ങളും പൊള്ളുന്നു
Published on

കോവിഡിനും സാമ്പത്തിക മാന്ദ്യത്തിനും ശേഷം പച്ചപിടിച്ചു വരികയായിരുന്ന കേരളത്തിലെ നിർമ്മാണ മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരമേകി നിർമ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. സിമന്റ്, കമ്പി എന്നിവയ്ക്ക് പുറമെ ഇലക്ട്രിക്കൽ വയറുകൾ, ടൈലുകൾ, പ്ലാസ്റ്റിക് അനുബന്ധ ഉത്പന്നങ്ങൾ എന്നിവയ്ക്കുണ്ടായ ഭീമമായ വിലവർധന സാധാരണക്കാരായ വീടുപണിക്കാരുടെയും കരാറുകാരുടെയും ബജറ്റിനെ പൂർണ്ണമായി താളംതെറ്റിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഒരു വീടുപണിയുടെ ആകെ ബജറ്റിൽ 30 മുതൽ 40 ശതമാനം വരെ വര്‍ധനയുണ്ടായേക്കാമെന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്തുള്ളവര്‍ പറയുന്നു.

മുൻപ് സ്ക്വയർ ഫീറ്റിന് 2,200 രൂപയ്ക്ക് ചെയ്യാമായിരുന്ന നിർമ്മാണത്തിന് ഇപ്പോൾ കുറഞ്ഞത് 2,500 രൂപയെങ്കിലും ആവശ്യമായി വരുന്നു. അതായത്, ഒരു 2000 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കുമ്പോൾ ഏകദേശം 6 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഉടമസ്ഥർക്ക് ഉണ്ടാകുന്നത്.

നിർമ്മാണ മേഖലയിൽ ഏറ്റവും കൂടുതൽ വിലവർധന നേരിടുന്നത് കമ്പി, ജി.ഐ പൈപ്പുകൾ, റൂഫിംഗ് ഷീറ്റുകൾ എന്നിവയ്ക്കാണ്. മുൻപ് കിലോഗ്രാമിന് 55 - 60 രൂപ നിരക്കിലുണ്ടായിരുന്ന കമ്പി വില ഇപ്പോൾ 72 - 75 രൂപയിലേക്ക് ഉയർന്നു. വിപണിയിൽ ടണ്ണിന് 5,000 രൂപ മുതൽ 7,000 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. ഇരുമ്പ് പൈപ്പുകൾക്ക് 25 ശതമാനത്തോളം വില ഉയർന്നു.

ഒരു ചാക്ക് ബ്രാൻഡഡ് സിമന്റിന് നിലവിൽ 430 രൂപ മുതൽ 460 രൂപ വരെയാണ് വില. കഴിഞ്ഞ ഏതാനും മാസങ്ങളായി സിമന്റ് വിലയിൽ 10 മുതൽ 20 രൂപ വരെയുള്ള വ്യത്യാസങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളിൽ 30 മുതൽ 50 രൂപ വരെയുള്ള വർധന പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്.

വലിയ വിലക്കയറ്റം ഫിനിഷിംഗ് സാമഗ്രികൾക്ക്‌

വീടുപണിയുടെ ഫിനിഷിംഗ് ഘട്ടത്തിലാണ് സാധാരണക്കാരന് താങ്ങാനാവാത്ത വിധം വില വര്‍ധിച്ചിരിക്കുന്നത്. ഈ ഘട്ടത്തിൽ മാത്രം 30% മുതൽ 40% വരെ ചിലവ് കൂടി. മുൻപ് സ്ക്വയർ ഫീറ്റിന് 78-79 രൂപയ്ക്ക് ലഭിച്ചിരുന്ന ടൈലുകൾക്ക് ഇപ്പോൾ 130-140 രൂപ വരെയായി (ഏകദേശം ഇരട്ടിയോളം വർധന). പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളും ഗ്യാസിന്റെ ലഭ്യതക്കുറവുമാണ് സെറാമിക്, ടൈൽസ് ഉത്പന്നങ്ങളെ ബാധിച്ചത്. പ്ലംബിംഗ് സാമഗ്രികൾക്കും സമാനമായ വിലവർധനയുണ്ട്‌.

ആഗോള വിപണിയിൽ ചെമ്പിന്റെ (Copper) വില കുതിച്ചുയര്‍ന്നതോടെ ഇലക്ട്രിക്കൽ കേബിളുകൾക്കും വയറുകൾക്കും 30 ശതമാനത്തിലധികം വില ഉയർന്നു. റോ മെറ്റീരിയലായ ചെമ്പിന് വില കൂടുന്നതിനനുസരിച്ച് കമ്പനികൾ അപ്പപ്പോൾ വില കൂട്ടുന്നതിനാൽ, ഇന്ന് നൽകുന്ന ഓർഡർ തൊട്ടടുത്ത ദിവസം പ്ലേസ് ചെയ്യുമ്പോൾ പോലും വില വ്യത്യാസം ബില്ലിൽ പ്രതിഫലിക്കുന്ന അവസ്ഥയാണ്.

ആഗോളതലത്തിലെ പെട്രോളിയം പ്രതിസന്ധികൾ കാരണം പ്ലാസ്റ്റിക് ഗ്രാനുൾസിന്റെ (Plastic Granules) വില വർധിച്ചതോടെ പ്ലാസ്റ്റിക് ബേസ്ഡ് പ്രൊഡക്റ്റുകൾക്ക് 50 ശതമാനം വരെ വില കൂടി. തട്ട് വാർക്കുമ്പോൾ മുകളിൽ വിരിക്കാനും ഇൻസുലേഷനുമായി ഉപയോഗിക്കുന്ന പോളിഫോം (Polyfoam) റോളിന് 2,000 രൂപയോളം വർധിച്ചു (മുൻപ് വില 2,800 രൂപ). ടാർപോളിൻ വിലയിൽ 40 ശതമാനത്തോളം വർധനയുണ്ടായി. എന്നാൽ പെയിന്റുകൾക്ക് വിപണിയിൽ 3 ശതമാനത്തിന്റെ നേരിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

കൺസ്ട്രക്ഷൻ ഘട്ടത്തിൽ ഉപയോഗിക്കുന്ന ചെങ്കല്ല്, സോളിഡ് ബ്ലോക്ക്, എം-സാൻഡ് (M-sand) തുടങ്ങിയവയ്ക്ക് വലിയ വിലക്കയറ്റം ബാധിച്ചിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ ലഭ്യതക്കുറവ് കാരണം താൽക്കാലികമായി കല്ലൊന്നിന് 2-3 രൂപയുടെ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും ഇത് നിർമ്മാണച്ചെലവിനെ കാര്യമായി ബാധിക്കുന്നില്ല.

ഡിമാൻഡ് കുറയുന്നു; നിർമ്മാണങ്ങൾ മാറ്റിവെക്കുന്നു

മുൻപ് ഒപ്പിട്ട കരാറുകളിലെ (Agreements) പഴയ നിരക്കിൽ പണി പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കരാറുകാർ. നിർമ്മാണ സാമഗ്രികൾക്ക് ഇരട്ടി വില കൊടുക്കേണ്ടി വരുമ്പോഴും, കരാർ ഉള്ളതിനാൽ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ ഇവർക്ക് സാധിക്കുന്നില്ല.

വിലക്കയറ്റം താങ്ങാനാകാതെ വന്നതോടെ സാധാരണക്കാരായ ആളുകൾ വീടുപണികളും എക്സ്റ്റൻഷൻ പോലുള്ള നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി മാറ്റിവെക്കുകയാണ്. മെയ് മാസത്തിനുള്ളിൽ തീർക്കേണ്ട സ്കൂൾ കെട്ടിടങ്ങളുടെ പണികളും മറ്റ് അത്യാവശ്യ പ്രൊജക്റ്റുകളും മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇത് വിപണിയിൽ കച്ചവടം പകുതിയോളമായി കുറയാൻ കാരണമായിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

മറുഭാഗത്ത് കനത്ത തൊഴിലാളി ക്ഷാമം

വിലക്കയറ്റത്തിന് പുറമെ അന്യസംസ്ഥാന തൊഴിലാളികളുടെ (പ്രത്യേകിച്ച് ബംഗാൾ സ്വദേശികളുടെ) കനത്ത ക്ഷാമവും മേഖലയെ ഉലയ്ക്കുന്നു. വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് പോയ തൊഴിലാളികളിൽ പകുതി പേർ പോലും തിരിച്ചെത്തിയിട്ടില്ല. പശ്ചിമ ബംഗാളിൽ പുതിയ പ്രൊജക്റ്റുകൾ പ്രഖ്യാപിച്ചതും അവിടെ ശമ്പളം വര്‍ധിച്ചതുമാണ് തൊഴിലാളികൾ കേരളത്തിലേക്ക് മടങ്ങാൻ മടിക്കുന്നതിന് കാരണം.

തൊഴിലാളികളുടെ കുറവ് കാരണം ചെങ്കല്ല് മടകളിൽ കട്ടിംഗ് നടക്കുന്നില്ല. ഇത് വിപണിയിൽ ചെങ്കല്ല് കിട്ടാതാകാനും ഗുണനിലവാരമില്ലാത്ത പഴയ സ്റ്റോക്കുകൾ നിർമ്മാണ സൈറ്റുകളിൽ എത്താനും ഇടയാക്കുന്നുണ്ട്. നിർമ്മാണ മേഖലയ്ക്ക് പുറമെ അലുമിനിയം ഫാബ്രിക്കേഷൻ ഉൾപ്പെടെയുള്ള അനുബന്ധ വ്യവസായങ്ങളെയും ഈ ലേബർ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

Rising construction material prices are adding an estimated Rs 6 lakh burden to the cost of building a 2000 sq ft house.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com