എതിര്‍പ്പുകളെ അവഗണിക്കേണ്ടത് വിജയത്തിന് അനിവാര്യം; ഓസ്‌കാറിലേക്കുള്ള വഴിയിലെ പ്രതിസന്ധികള്‍ പങ്കുവെച്ച് ഗുനീത് മോംഗ കപൂര്‍

വിദേശത്ത് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസമായപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രപതി ഉൾപ്പെടെയുള്ളവരെ നിരന്തരം ബന്ധപ്പെട്ടാണ് ലക്ഷ്യം നേടിയത്.
ധനം ബിസിനസ് സമിറ്റില്‍ മുഖ്യാതിഥിയായ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ഗുനീത് മോംഗ കപൂറിന് ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം ഉപഹാരം നല്‍കുന്നു.
ധനം ബിസിനസ് സമിറ്റില്‍ മുഖ്യാതിഥിയായ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ഗുനീത് മോംഗ കപൂറിന് ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം ഉപഹാരം നല്‍കുന്നു.
Published on

ജീവിതത്തില്‍ വിജയം കൈയെത്തിപ്പിടിക്കാന്‍ എതിര്‍പ്പുകളെ അവഗണിക്കേണ്ടി വരുമെന്നും സ്ഥിരോല്‍സാഹമാണ് മുന്നോട്ടുള്ള വഴിയില്‍ ഊര്‍ജമാകേണ്ടതെന്നും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും പ്രമുഖ ഇന്ത്യന്‍ ചലചിത്ര പ്രവര്‍ത്തകയുമായ ഗുനീത് മോംഗ കപൂര്‍. കൊച്ചിയില്‍ ധനം ബിസിനസ് സമിറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇടത്തരം കുടുംബത്തില്‍ ജനിച്ച് സിനിമാ നിര്‍മാണ രംഗത്ത് പ്രതിസന്ധികളെ അതിജീവിച്ച് ഓസ്‌കാര്‍ അവാര്‍ഡ് നേട്ടം വരെ എത്തിയ ഗുനീതിന്റെ ജീവിതാനുഭവം സമിറ്റിനെത്തിയ പ്രതിനിധികള്‍ക്ക് പ്രചോദനം പകരുന്നതായിരുന്നു.

ലക്ഷ്യത്തിലേക്ക് പരിശ്രമം തുടരണം

ലക്ഷ്യം നേടാന്‍ സ്ഥിരോല്‍സാഹം ആവശ്യമാണ്. ലക്ഷ്യത്തിലെത്തും വരെ പുതിയ വഴികള്‍ തേടികൊണ്ടിരിക്കണം. എന്റെ ആദ്യ ചിത്രം വിദേശത്ത് പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായപ്പോള്‍ പ്രധാന തടസം ഭാരിച്ച ചെലവുകളായിരുന്നു. പലരുടെയും സഹായം തേടി. ഇന്ത്യന്‍ രാഷ്ട്രപതി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയില്‍ സന്ദേശമയച്ചു. രാഷ്ട്രപതിയുടെ ഓഫീസും കിംഗ് ഫിഷര്‍ ഉള്‍പ്പടെയുള്ള കമ്പനികളും സഹായിച്ചതോടെയാണ് ആദ്യം വിദേശത്ത് സിനിമ പ്രദര്‍ശിപ്പിക്കാനായത്. ഓസ്‌കാര്‍ നേട്ടത്തിന് പിന്നില്‍ നിരന്തരമായ പരിശ്രമങ്ങള്‍ ഉണ്ടായിരുന്നെന്ന് ഗുനീത് മോംഗ കപൂര്‍ പറഞ്ഞു.

വിധിയെന്ന് പഴിച്ച് ഇരിക്കരുത്

ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളെ വിധിയെന്ന് പഴിച്ച് ഇരിക്കരുതെന്നും ഗുനീത് പറഞ്ഞു. ഒരാള്‍ക്ക് പ്രതിസന്ധിയെ നേരിടേണ്ടി വരുന്നത് അയാളുടെ മാത്രം പിഴവു കൊണ്ടാകണമെന്നില്ല. മറ്റുള്ളവരുടെ പിഴവുകളും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കാം. മുന്നോട്ടുള്ള യാത്രകള്‍ക്ക് ലക്ഷ്യം വേണം. സാമ്പത്തികമായി പിന്നോക്കമായിരുന്ന തന്റെ മാതാപിതാക്കളുടെ വലിയ സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. സിനിമയില്‍ പ്രവര്‍ത്തിക്കുകയെന്ന മോഹവുമായി താനും കൂടുംബവും മുംബൈയില്‍ എത്തിയപ്പോള്‍ മാതാപിതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അയ്യായിരം രൂപ വാടകയുള്ള വീട്ടിലാണ് താമസിച്ചത്. താന്‍ ബോളിവുഡില്‍ പ്രൊഡക്ഷന്‍ രംഗത്ത് വിവിധ ജോലികള്‍ ചെയ്താണ് കുടുംബത്തെ പിന്തുണച്ചത്. ഏറെ വൈകാതെ വീട് സ്വന്തമാക്കിയെങ്കിലും അപ്പോഴേക്കും മാതാപിതാക്കള്‍ വേർപിരിഞ്ഞിരുന്നെന്നും ഗുനീത് പറഞ്ഞു. ചടങ്ങില്‍ ഗുനീതിനെ ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ എബ്രഹാം ഉപഹാരം നല്‍കി ആദരിച്ചു.

ഡല്‍ഹിയില്‍ മാസ് കമ്യൂണിക്കേഷന്‍ ബിരുദ പഠനത്തിന് ശേഷം അയല്‍വാസിയില്‍ നിന്ന് കടം വാങ്ങിയ 75 ലക്ഷം രൂപയുമായി സിനിമ നിര്‍മിക്കാന്‍ മുംബൈയിലെത്തിയത് ഗുനീത് മോംഗയുടെ ജീവിതത്തില്‍ വഴി തിരിവായിരുന്നു. ഹിന്ദി സിനിമാ രംഗത്തെ പ്രമുഖരുമായി പരിചയപ്പെടുന്നതിനും അന്താരാഷ്ട്ര സിനിമയുമായി ബന്ധം ആരംഭിക്കുന്നതിനും മുംബൈയിലെ ജീവിതം സഹായകമായി. ഏറ്റവുമൊടുവില്‍ ഓസ്കാര്‍ പുരസ്‌കാരം നേടിയ ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഷോട്ട് ഫിലിം ഉള്‍പ്പടെ ഗുനീതിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സിക്കിയ എന്റര്‍ടൈന്‍മെന്റ്‌സ് അന്താരാഷ്ട്ര ചലചിത്ര വേദികളില്‍ തിളങ്ങിയ ഒട്ടേറെ സിനിമകള്‍ക്കാണ് ജന്മം നല്‍കിയത്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും സിനിമാ നിര്‍മാതാക്കളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളിലൊരാളായി ഗുനീത് മോംഗ കപൂര്‍ മാറി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com