പാഷനെ ബിസിനസാക്കി ₹1,000 കോടി വിറ്റുവരവിലേക്കുള്ള 'റോയല്‍ ഡ്രൈവ്'

അയല്‍പക്കത്തെ വീട്ടിലെ കാറ് കണ്ട് മോഹിച്ച് നോക്കി നിന്ന മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തിലെ പയ്യന്‍ വളര്‍ന്നപ്പോള്‍ കാറിന്റെ ലോകത്ത് തന്നെ ബിസിനസ് തുടങ്ങി. കേരളം മുഴുവന്‍ പുതിയൊരു ട്രെന്‍ഡ് തന്നെ അതുണ്ടാക്കി. അതും കടന്ന് ലോകപ്രശസ്ത മാനേജ്മെന്റ് ഗുരു ഡോ. ഫിലിപ് കോട്ലറുടെ പുസ്തകത്തില്‍ വരെ ഇടം നേടി ആ ബിസിനസ് മോഡല്‍.

കോട്ലറുടെ ശ്രദ്ധ പതിഞ്ഞ ആ മലപ്പുറംകാരന്‍ മറ്റാരുമല്ല പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ റീറ്റെയ്ല്‍ രംഗത്ത് ട്രെന്‍ഡ് സെറ്ററായ റോയല്‍ ഡ്രൈവിന്റെ സാരഥി കെ. മുജീബ് റഹ്‌മാനാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ വില്ലാളി വീരന്‍ വിരാട് കോലി ഉപയോഗിച്ച
ലംബോര്‍ഗിനി
കാര്‍ വരെ കേരളത്തിലെ ഷോറൂമിലെത്തിച്ച ആളാണ് മുജീബ് റഹ്‌മാന്‍. അടുത്തിടെ തിരുവനന്തപുരത്ത് ഏറ്റവും പുതിയ ഷോറും തുറന്ന റോയല്‍ ഡ്രൈവ് വന്‍ ലക്ഷ്യങ്ങളോടെയാണ് മുന്നേറുന്നത്.
പാഷന്റെ പിന്നാലെ
ഗള്‍ഫിലുള്‍പ്പെടെ മറ്റ് ബിസിനസുകള്‍ നടത്തിയിരുന്ന മുജീബ് റഹ്‌മാനെ കാറുകളോടുള്ള ഇഷ്ടമാണ് റോയല്‍ ഡ്രൈവ് എന്ന ബ്രാന്‍ഡിലേക്ക് എത്തിച്ചത്. പക്ഷെ ഇഷ്ടം കൊണ്ട് മാത്രം ബിസിനസ് തുടങ്ങിയ വിജയിപ്പിക്കാനാകില്ലെന്ന് അറിയാവുന്ന മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങളോളം പഠനം നടത്തിയശേഷമാണ് റോയൽ ഡ്രൈവിന് തുടക്കം കുറിക്കുന്നത്. മാത്രമല്ല വരുന്ന കുറെയധികം വര്‍ഷത്തേക്കുള്ള വലിയ പ്ലാന്‍ തന്നെ എഴുതി തയ്യാറാക്കുകയും ചെയ്തു.

അതുവരെ കണ്ടു ശീലിച്ച യൂസ്ഡ് കാര്‍ വില്‍പ്പനയുടെ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കസ്റ്റമേഴ്‌സിന് റോയലായ അനുഭവം നല്‍കുന്ന രീതിയില്‍ ഷോറൂമുകള്‍ തന്നെ തുറന്നുകൊണ്ടാണ് റോയല്‍ ഡ്രൈവ് വരവറിയിച്ചത്. ലക്ഷ്വറി വാഹനങ്ങള്‍ക്കായുള്ള ആദ്യ ഷോറൂം 2016ല്‍ മലപ്പുറത്ത് തുറന്നു. 2018ല്‍ കോഴിക്കോടും പിന്നാലെ 2022ല്‍ കൊച്ചിയിലൊരു വമ്പന്‍ ഷോറൂമും തുറന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരത്ത് ഷോറും തുറക്കുന്നത്. ഇതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും തന്നെ സാന്നിധ്യമറിയിക്കാന്‍ റോയല്‍ ഡ്രൈവിന് സാധിച്ചു.
ലക്ഷ്വറിയില്‍ തുടങ്ങി ബജറ്റ് കാറുകളും ബൈക്കുകളും വരെ

പ്രീ ഓണ്‍ഡ് ലക്ഷ്വറി വാഹനങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന റോയല്‍ ഡ്രൈവ് വെവിധ്യവത്കരണക്കിന്റെ ഭാഗമായി ബജറ്റ് കാറുകള്‍ക്കായി റോയല്‍ ഡ്രൈവ് സ്മാര്‍ട്ട് എന്നൊരു വിഭാഗവും തുടങ്ങിയിരുന്നു. അഞ്ച് ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വില വരുന്ന കാറുകള്‍ക്കായുള്ളതാണിത്. നിലവില്‍ മലപ്പുറത്തും തിരുവനന്തപുരത്തുമാണ് സ്മാര്‍ട്ട് ഷോറൂമുകളുള്ളത്. കൊച്ചിയിലെ നെട്ടൂരില്‍ സ്മാര്‍ട്ട് ഷോറൂമിന്റെ പണി പുരോഗമിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് ഷോപ്പായിരിക്കുമിതെന്ന് മുജീബ് റഹ്‌മാന്‍ പറയുന്നു. പ്രതിമാസം 100 കാറുകള്‍ വില്‍ക്കുകയെന്ന ലക്ഷ്യത്തിലാണ് ഷോറൂം വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ഷോറൂമിനൊപ്പം തന്നെ സ്മാര്‍ട്ട് വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ ലക്ഷ്വറി ബൈക്കുകളുടെ വലിയൊരു ശേഖരവും റോയല്‍ ഡ്രൈവ് ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഇതിനായി എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ ഒരുക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ ബൈക്കുകള്‍ക്ക് മാത്രമായി ബാംഗളൂരില്‍ ഷോറൂം തുറക്കാനും പദ്ധതിയുണ്ട്.
കസ്റ്റമേഴ്‌സിന്റെ ഭാഗത്ത് നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നതിനു പിന്നാലെ ലക്ഷ്വറി വാഹനങ്ങള്‍ക്കായി റോയല്‍ ഡ്രൈവ് കെയര്‍ എന്ന പേരില്‍ വര്‍ക്ക്‌ഷോപ്പും ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലായിരുന്നു ആദ്യ വര്‍ക്ക്‌ഷോപ്പ്. കോഴിക്കോടും ഇതിന്റെ പണി പുരോഗമിക്കുന്നുണ്ട്. അധികം വൈകാതെ തിരുവനന്തപുരത്തും വര്‍ക്ക്‌ഷോപ്പ് തുറക്കാന്‍ പദ്ധതിയുണ്ട്.
വാഹന പ്രേമികളുടെ ഡെസ്റ്റിനേഷനാകാന്‍
വാഹന പ്രേമികളുടെ ഡെസ്റ്റിനേഷന്‍ എന്ന രീതിയിലേക്ക് മാറുകയാണ് റോയല്‍ ഡ്രൈവിന്റെ ലക്ഷ്യം. അതു പ്രീ ഓണ്‍ഡ് കാറുകളിലും ബൈക്കുകളിലും മാത്രമാകില്ല മൊബിലിറ്റിയുമായി ബന്ധപ്പെട്ട ഏതു മേഖലയിലുമാകാമെന്നും മുജീബ് റഹ്‌മാന്‍ പറയുന്നു.
ഔഡി, ജാഗ്വൂര്‍, ബി.എം.ഡബ്ല്യു, ലെക്‌സസ്, മെഴ്‌സിഡീസ്‌ ബെന്‍സ്, ബെന്റ്‌ലി, ലംബോര്‍ഗിനി, വോള്‍വോ, ലാന്‍ഡ് റോവര്‍, പോര്‍ഷെ, മിനി കൂപ്പര്‍ തുടങ്ങിയ ആഡംബര കാറുകളെല്ലാം തന്നെ റോയല്‍ ഡ്രൈവിന്റെ ഷോറൂമിലെത്തിച്ചിട്ടുണ്ട്.

കേരളത്തില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റി കസ്റ്റമേഴ്‌സും റോയല്‍ ഡ്രൈവിനുണ്ട്.


വലിയ ലക്ഷ്യങ്ങള്‍

നിലവില്‍ 120 കോടി രൂപയാണ് റോയല്‍ ഡ്രൈവിന്റെ വിറ്റുവരവ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി കമ്പനിയായി മാറാനുള്ള രീതിയിലാണ് റോയല്‍ ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍. 2028ല്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുകയെന്ന വലിയ ലക്ഷ്യവും കമ്പനിക്കുണ്ട്. കൂടാതെ കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും ഷോറൂം തുറക്കാനുള്ള പദ്ധതിയും റോയല്‍ ഡ്രൈവിനുണ്ട്.

കമ്പനി വലിയ വിപുലീകരണത്തിലേക്ക് കടക്കുമ്പോഴും മികവ് ഉറപ്പാക്കാന്‍ വേണ്ട സിസ്റ്റവും പ്രോസസുമൊക്കെ റോയല്‍ഡ്രൈവ് നടപ്പാക്കിയിട്ടുണ്ടെന്നും മുജീബ് റഹ്‌മാന്‍ പറയുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it