

രാജ്യത്ത് വാഹന വിപണി സജീവമായതോടെ ടയര്‍ വില്പനയും കുതിക്കുന്നു. ടയര്‍ വില്പന വര്‍ധിച്ചതോടെ പ്രകൃതിദത്ത റബറിനായുള്ള ടയര്‍ കമ്പനികളില്‍ നിന്നുള്ള ആവശ്യകതയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് റബര്‍ വിലയും ഉയരുകയാണ്. ഉത്പാദനം കുറഞ്ഞതും വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് റബര്‍ വില ഉയരുകയാണ്. ഉത്പാദനം പെട്ടെന്ന് താഴ്ന്നതോടെ ചരക്ക് ലഭ്യത തീര്‍ത്തും കുറഞ്ഞിരുന്നു. ഇതാണ് പെട്ടെന്ന് വില കയറാന്‍ കാരണം. റബര്‍ ബോര്‍ഡിന്റെ വിലയനുസരിച്ച് ആര്‍എസ്എസ്4 ഗ്രേഡിന്റെ നിരക്ക് കിലോഗ്രാമിന് 207 രൂപയാണ്. ആര്‍എസ്എസ്5 ഗ്രേഡിന് 202 രൂപയും. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇതിലും കൂടിയ നിരക്കില്‍ വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നുണ്ട്.
വരുംദിവസങ്ങളില്‍ റബര്‍ വില കൂടിയേക്കുമെന്ന സൂചനയാണ് വ്യാപാരികളും കര്‍ഷക സംഘടനകളും നല്കുന്നത്. രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരത്തിനു ശേഷം വാഹന വില്പന കുത്തനെ ഉയര്‍ന്നിരുന്നു. ഇത് ടയര്‍ വില്പനയിലും പ്രതിഫലിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മൂന്നാംപാദ ഫലം പുറത്തുവിട്ട എംആര്‍എഫിന് ഉള്‍പ്പെടെ ഡിസംബറില്‍ വരുമാനം ഉയര്‍ന്നിരുന്നു. മറ്റ് ടയര്‍ കമ്പനികള്‍ക്കും മൂന്നാംപാദത്തില്‍ മികച്ച വില്പനയാണ് ഉണ്ടായത്. ടയര്‍ വില്പന ഉയരുന്നത് പ്രകൃതിദത്ത റബറിന്റെ ആവശ്യകത വലിയതോതില്‍ ഉയര്‍ത്തും. ഇത് റബര്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും ഗുണകരമാണ്.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള റബര്‍ ഉത്പന്നങ്ങള്‍ക്ക് യുഎസില്‍ വിപണി കണ്ടെത്താനുള്ള അവസരമൊരുക്കുകയാണ് വ്യാപാര കരാര്‍. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ച് എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം റബര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇളവില്‍ യുഎസ് മാര്‍ക്കറ്റിലേക്ക് കയറ്റുമതി ചെയ്യാം. രാജ്യത്തെ റബര്‍ കര്‍ഷകരെ സംബന്ധിച്ച് ഗുണകരമായേക്കും ഈ തീരുമാനം.
Read DhanamOnline in English
Subscribe to Dhanam Magazine