

സംസ്ഥാനത്ത് ഏറെ ദിവസങ്ങള്‍ക്കുശേഷം റബര്‍ വില 200 കടന്നു. റബര്‍ ബോര്‍ഡിന്റെ ബുള്ളറ്റിനില്‍ വില ആര്‍എസ്എസ്4ന് 203 രൂപയാണ്. എന്നാല്‍ വിപണിയില്‍ ലഭ്യത തീര്‍ത്തും കുറഞ്ഞതോടെ വ്യാപാരികള്‍ 206 രൂപ വരെ നല്കി ചരക്ക് ശേഖരിക്കുന്നുണ്ട്. മണ്‍സൂണ്‍ സമയത്ത് ടാപ്പിംഗ് തുടങ്ങിയ തോട്ടങ്ങളെല്ലാം ഇപ്പോള്‍ ഏകദേശം ടാപ്പിംഗ് അവസാനിപ്പിച്ചിട്ടുണ്ട്. ഇതും ചരക്ക് വരവ് കുറയാന്‍ കാരണമായി.
ഒട്ടുമിക്ക തോട്ടങ്ങളിലും റബര്‍ ഷീറ്റാക്കുന്നതിന് പകരം പാല്‍ ആയിട്ടാണ് നല്കുന്നത്. അതുകൊണ്ട് തന്നെ ഏറെക്കാലത്തേക്ക് അവര്‍ പാല്‍ ശേഖരിച്ചു വയ്ക്കുന്നില്ല. ഷീറ്റാക്കി മാറ്റിയിരുന്ന സമയത്ത് വില കൂടുന്നത് വരെ പിടിച്ചുവയ്ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചിരുന്നു. റബര്‍ പാലിന് ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ തോട്ടങ്ങളിലെത്തി ചരക്ക് ശേഖരിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ പരമാവധി നേരത്തെ ചരക്ക് വിറ്റഴിക്കാനാണ് കര്‍ഷകര്‍ ശ്രമിക്കുന്നത്.
ചരക്ക് ക്ഷാമമുള്ള സമയത്ത് വില കൂടുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടമില്ലെന്നാണ് കര്‍ഷക സംഘങ്ങള്‍ പറയുന്നത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ ആദ്യ വാരം വരെയാണ് കേരളത്തിലെ തോട്ടങ്ങള്‍ സജീവമാകുന്നത്. ഷീറ്റ് അല്ലെങ്കില്‍ പാല്‍ ലാഭ്യത ഈ സമയത്ത് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ മാര്‍ക്കറ്റില്‍ വില കുറഞ്ഞു നില്‍ക്കുന്ന സമയവും ഇതുതന്നെ.
ജനുവരി കഴിയുന്നതോടെ വേനലും ഇലകൊഴിച്ചിലും മൂലം പാല്‍ ഉത്പാദനം തീര്‍ത്തും കുറയും. ഗാര്‍ഡ് ഇടാതെ ടാപ്പിംഗ് നടത്തുന്നവര്‍ മാത്രമാണ് ഈ സമയത്ത് സജീവമാകുന്നത്. കൂടുതലും ചെറുകിട കര്‍ഷകരായിരിക്കും. മാത്രമല്ല, ഈ സമയത്ത് ഉത്പാദനം തീര്‍ത്തും കുറവായിരിക്കും താനും.
നിലവില്‍ റബറിന്റെ താങ്ങുവില 200 രൂപയാണ്. കഴിഞ്ഞ ഒക്ടോബര്‍ 29നാണ് 180ല്‍ നിന്ന് 20 രൂപ വര്‍ധിപ്പിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ താങ്ങുവില അപ്രസക്തമാണ്. മാര്‍ക്കറ്റ് വില 200 രൂപയ്ക്ക് മുകളിലാണെന്നത് തന്നെ കാരണം. സംസ്ഥാന ബജറ്റില്‍ താങ്ങുവില 250ലേക്ക് എത്തിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അനുകൂല തീരുമാനമല്ല എടുത്തത്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ താങ്ങുവിലയേക്കാള്‍ മാര്‍ക്കറ്റ് വില കൂടി നില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ താങ്ങുവില ഇനത്തില്‍ സര്‍ക്കാരിന് കാര്യമായ ചെലവഴിക്കല്‍ വേണ്ടിവന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ താങ്ങുവില നല്കുന്നതിനായി 600 കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക സര്‍ക്കാരിന് ലാഭിക്കാന്‍ സാധിച്ചു. 2015ല്‍ റബര്‍ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 2,070.98 കോടി രൂപ സബ്‌സിഡി ഇനത്തില്‍ റബര്‍ കര്‍ഷകര്‍ക്ക് നല്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine