

ശബരിമല വിമാനത്താവള പദ്ധതിക്ക് വീണ്ടും അനക്കം വയ്ക്കുന്നു. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് നടപടികളാരംഭിച്ചു. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുക്കുക.
വിദഗ്ധ സമതിയുടെ ശുപാര്‍ശ, സാമൂഹികാഘാത പഠനറിപ്പോര്‍ട്ട്, കോട്ടയം കളക്ടറുടെ റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചാണ് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയത്. ഏറ്റെടുക്കുന്ന ഭൂമിയില്‍ നെല്‍വയല്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമങ്ങള്‍ അനുസരിച്ചു മാത്രമേ ഭൂമി പരിവര്‍ത്തനം ചെയ്യാവൂവെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ കണ്ടെത്തിയ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്നുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു.
പ്രാഥാമിക വിജ്ഞാപനം അടുത്ത ഓഗസ്റ്റിൽ
2023 ഓഗസ്റ്റ് 22നാണ് വിദഗ്ദ സമിതി ശുപാര്‍ശ സമര്‍പ്പിച്ചത്. 2013ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ധ സമിതി ശുപാർശ സമർപ്പിക്കുന്ന തീയതി മുതൽ ഒരു വർഷത്തിനകം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുള്ളതാണ് വ്യവസ്ഥ. ഇപ്രകാരം 2024 ആഗസ്റ്റില്‍ തന്നെ ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂരേഖകളുടെ പരിശോനയ്ക്ക് ശേഷം ഭൂമി സര്‍സര്‍വേ ചെയ്യുന്ന നടപടികളിലേക്ക് കടക്കും. അതിന് ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ശബരിമല വിമാനത്താവളത്തിനായുള്ള എല്ലാ നടപടികളും അതിവേഗത്തില്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ കേന്ദ്ര അനുമതികള്‍ ഇനിയും ലഭിക്കാനുണ്ട്. ഭൂമിയുടെ അതിര്‍ത്തി നിര്‍ണയത്തിന് അംഗീകാരം ലഭിച്ചശേഷം വ്യോമയാനന്ത്രാലയം പ്രതിരോധ മന്ത്രാലയം എന്നിവയുടെയും അനുമതി തേടേണ്ടതുണ്ട്. ഇതിനു ശേഷമാകും വിശദമായ പദ്ധതിരേഖ തയ്യാറാക്കല്‍.
Read DhanamOnline in English
Subscribe to Dhanam Magazine