

പ്രൗഢവും വിശാലവുമായ ലോബി. ഓരോ മുറിയിലേയും കാഴ്ചകള്‍ തുറക്കുന്നത് കണ്ണും മനസും നിറയ്ക്കുന്ന പച്ചപ്പിലേക്ക്. ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ആരോഗ്യകരമായ ഭക്ഷണവിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റൊറന്റുകള്‍. മികച്ച സിനിമകള്‍ സദാ പ്രദര്‍ശിപ്പിക്കുന്ന മിനി തിയേറ്റര്‍. സുപ്രധാനമായ ബിസിനസ് മീറ്റിംഗുകള്‍ നടത്താന്‍ സാധിക്കുന്ന കോണ്‍ഫറന്‍സ് റൂം...
ഇതൊക്കെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ വിവരണമാണെന്ന് കരുതിയാല്‍ തെറ്റി. എറണാകുളം പള്ളിക്കരയില്‍ എവിഎ ഗ്രൂപ്പ് പടുത്തുയര്‍ത്തിയിരിക്കുന്ന ആയുര്‍വേദ ഹോസ്പിറ്റല്‍ സഞ്ജീവനത്തിന്റെ നേര്‍ക്കാഴ്ചയാണ്. ആയുര്‍വേദ ചികിത്സാ കേന്ദ്രമെന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഉയര്‍ന്നുവരുന്ന ധാരണകളെ അപ്പാടെ മാറ്റിമറിക്കുന്നു സഞ്ജീവനം. നഗരത്തിരക്കുകളില്‍ നിന്ന് അകന്ന് ശാന്തമായ ഗ്രാമീണ പശ്ചാത്തലത്തില്‍ അതിവിശാലതയില്‍ സഞ്ജീവനം തലയുയര്‍ത്തി നില്‍ക്കുന്നു, ഫലസിദ്ധിയുള്ള ആയുര്‍വേദ ചികിത്സ ലഭ്യമാക്കിക്കൊണ്ട്.
അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങളും തനതായ ആയുര്‍വേദ ചികിത്സയും സഞ്ജീവനത്തില്‍ സമ്മേളിക്കുന്നു. ഹോളിസ്റ്റിക് വെല്‍നസ് രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട് സഞ്ജീവനത്തിന്. കൊച്ചിയിലെ സഞ്ജീവനം ഹോസ്പിറ്റലില്‍ ആധുനിക സാങ്കേതികവിദ്യയും തനതായ ആയുര്‍ വേദ ചികിത്സയും സമന്വയിപ്പിച്ചിരിക്കുകയാണ്. ഓരോവ്യക്തിക്കും അങ്ങേയറ്റത്തെ ശ്രദ്ധ നല്‍കി അവരെ സ്വാസ്ഥ്യത്തിലേക്കും പുനരുജ്ജീവനത്തിലേക്കും നയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,'' എവിഎ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. എ.വി അനൂപ് പറയുന്നു.
മേളം, മെഡിമിക്സ് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കള്‍ കൂടിയാണ് എവിഎ ഗ്രൂപ്പ്. തിരക്കിട്ട ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദങ്ങളും പുതിയ കാലത്തെ മനുഷ്യര്‍ക്ക് സമ്മാനിച്ചിരിക്കുന്ന രോഗാവസ്ഥകളെ വേരോടെ പിഴുതുകളയാന്‍ പ്രാപ്തമായ ആയുര്‍വേദ ചികിത്സയാണ് സഞ്ജീവനം നല്‍കുന്നത്.
ഓരോ വ്യക്തിയെയും ആഴത്തില്‍ അറിഞ്ഞ്, അവര്‍ക്കുവേണ്ട ഔഷധങ്ങള്‍ പരമ്പരാഗത രീതിയില്‍ തന്നെ സജ്ജമാക്കി ആയുര്‍വേദ പാരമ്പര്യമുള്ള ഡോക്ടര്‍മാര്‍ ഇവിടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നു. ആയുര്‍വേദ ആശുപത്രിയുടേതായ ഗന്ധമോ അസൗകര്യങ്ങളോ ഒന്നും സഞ്ജീവനത്തിലില്ല. പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യം നില്‍ക്കുന്ന ഫസിലിറ്റി മാനേജ്‌മെന്റാണ് ഇവിടെയുള്ളത്. മാത്രമല്ല, തിരക്കേറെയുള്ള പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ചികിത്സാ വേളയിലും അവരുടെ സുപ്രധാന മീറ്റിംഗുകളും മറ്റ് ജോലികളും ചെയ്യാനാവുന്ന സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.
ഫിഷര്‍, ഫിസ്റ്റുല, പൈല്‍സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ആയുര്‍വേദ ചികിത്സയില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത് പരമ്പരാഗത ചികിത്സാരീതികള്‍ വേദന സമ്മാനിക്കുന്നതുകൊണ്ടാണ്. എന്നാല്‍ സഞ്ജീവനത്തില്‍ പരമ്പരാഗത ചികിത്സ അനസ്‌തേഷ്യയുടെ പിന്‍ബലത്തിലാണ് നല്‍കുന്നത്. ഇതിനായി ആധുനിക വൈദ്യശാസ്ത്രത്തിലും ആയുര്‍വേദ ശസ്ത്രക്രിയയിലും പ്രഗത്ഭനായ ഡോ. പി.സി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘമുണ്ട്.
സ്‌പോര്‍ട്‌സ് മെഡിസിനിലും പ്രഗത്ഭനാണ് ഡോ. ശ്രീജിത്ത്. സഞ്ജീവനം ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടന്റും ചീഫ് ഫിസിഷ്യനുമായി സേവനമനുഷ്ഠിക്കുന്ന ഡോ. അനില്‍ വി കൈമളിന് ചികിത്സാ മേഖലയില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുണ്ട്. കേരളത്തിലെ പരമ്പരാഗത ആയുര്‍വേദ വൈദ്യകുടുംബാംഗം കൂടിയാണ് ഇദ്ദേഹം.
ഇപ്പോഴത്തെ കാലത്ത് സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന രോഗങ്ങള്‍ക്ക് ഡോ. ആര്‍.എസ് ഹൃദ്യയുടെ നേതൃത്വത്തില്‍ സ്ത്രീ രോഗ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നു. ആയുര്‍വേദ ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദമുള്ള ഡോ. ഹൃദ്യ വന്ധ്യതാനിവാരണ ചികിത്സയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ആയുര്‍വേദ പീഡിയാട്രിക്‌സ് വിഭാഗമാണ് സഞ്ജീവനത്തിന്റെ മറ്റൊരു സവിശേഷത. ഡോ. നന്ദു എം.എസ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നു. ഡോ. രാഹുല്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ വെല്‍നസ് & പഞ്ചകര്‍മ വിഭാഗവും ഇവിടെയുണ്ട്.
നേത്രരോഗങ്ങള്‍ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്താല്‍ കണ്ടെത്തി, ആയുര്‍വേദ വിധിയാല്‍ ചികിത്സിച്ച് ഭേദമാക്കുന്ന വിഭാഗത്തിന് ഡോ. നീന രവീന്ദ്രന്‍ നേതൃത്വം നല്‍കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചികിത്സ തേടിയെത്തുന്നവര്‍ക്ക് സുഖകരവും ആഡംബരം നിറഞ്ഞതുമായ താമസത്തിനായി വിവിധ വിഭാഗങ്ങളിലുള്ള മുറികളും ഇവിടെയുണ്ട്. സുസ്ഥിരതയ്ക്ക് ഊന്നല്‍ നല്‍കുന്ന സഞ്ജീവനം എല്ലാ രംഗത്തും പുനരുപയോഗത്തിനും കാര്യക്ഷമമായ മാലിന്യ നിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്‍കുന്നുണ്ട്.
(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine