തലമുറകള്‍ കൈമാറിയ കൈപ്പുണ്യത്തിനൊപ്പം പുതുമയുടെ രുചിക്കൂട്ടുകളും, ഇന്നും ഹിറ്റ് സീതാ ബേക്കറി!

40 വര്‍ഷം മുന്‍പ്‌, പ്രീഡിഗ്രി പഠനത്തിന് ശേഷം രാജീവ് സജീവമായി ബിസിനസിലേക്ക് ഇറങ്ങിയതോടെയാണ് സീതാ ബേക്കറിയുടെ പെരുമ കൂടുതല്‍ ഇടങ്ങളിലേക്ക് ഉയര്‍ന്നത്
ബി.രാജീവും മകള്‍ ദേവിക രാജീവും
ബി.രാജീവും മകള്‍ ദേവിക രാജീവും
Published on: 

സ്വാതന്ത്ര്യലബ്ധിക്കും മുന്‍പേ പ്രവര്‍ത്തനം തുടങ്ങിയ ഒരു സ്ഥാപനം. കാലങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആ രുചിമന്ത്രത്തിനും നറുമണത്തിനും തെല്ലും മങ്ങലേല്‍ക്കാതെ ഒരു ദേശത്തിന്റെ തന്നെ പെരുമയായി നിലനില്‍ക്കുക. കേള്‍ക്കുമ്പോള്‍ ഇതൊരു കാല്‍പ്പനിക കഥയായി തോന്നാമെങ്കിലും കൊല്ലം ജില്ലയിലെ പരവൂരിലുള്ള 'സീതാ ബേക്കറി'ക്ക് പറയാനുള്ളത് സാധാരണ ഒരു കടയിൽ നിന്ന് ബ്രാൻഡിലേക്കുള്ള വളർച്ചയുടെയും ദീർഘവീക്ഷണത്തിന്റെയും യഥാർത്ഥ കഥയാണ്.

1945-ല്‍ പി. ഭാസ്‌കരന്‍ എന്ന സംരംഭകന്‍ തുടക്കമിട്ട വെറുമൊരു സോഡാക്കടയാണ് പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയിലൂടെയും മകനിലൂടെയും കാലത്തെ അതിജീവിക്കുന്ന ഒരു വലിയ ബേക്കറി ശൃംഖലയായി വളര്‍ന്നത്. ഇന്ന് പരവൂരിന്റെ അടയാളം കൂടിയാണ് സീതാ ബേക്കറി.

പ്രതിസന്ധികളെ അതിജീവിച്ച സംരംഭക യാത്ര

ഫ്രിഡ്ജ് പോലും ലഭ്യമല്ലാതിരുന്ന, ഐസ് ബ്ലോക്കുകള്‍ ചുമന്നു കൊണ്ടുവന്ന് കൂള്‍ ഡ്രിങ്ക്സ് വിറ്റിരുന്ന കാലത്താണ് ഭാസ്‌കരന്‍ ബിസിനസ് തുടങ്ങിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാസ്‌കരന്റെ കാഴ്ചശക്തിയെ ബാധിച്ച ചില ആരോഗ്യപ്രശ്‌നങ്ങള്‍ വില്ലനായെത്തി. ഇതോടെ ബേക്കറിയുടെ പൂര്‍ണ്ണ ചുമതല ഭാര്യ ഏറ്റെടുത്തു. രാത്രികാലങ്ങളില്‍ വീട്ടിലിരുന്ന് മിക്സ്ചറും ലഡുവുമൊക്കെ കൈകൊണ്ട് ഉണ്ടാക്കിയായിരുന്നു അവര്‍ തുടക്കം കുറിച്ചത്.

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മകന്‍ ബി. രാജീവും കടയില്‍ സഹായത്തിനെത്തി. 40 വര്‍ഷം മുന്‍പ്‌, പ്രീഡിഗ്രി പഠനത്തിന് ശേഷം രാജീവ് സജീവമായി ബിസിനസിലേക്ക് ഇറങ്ങിയതോടെയാണ് സീതാ ബേക്കറിയുടെ പെരുമ കൂടുതല്‍ ഇടങ്ങളിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞ 25 വര്‍ഷമായി രാജീവിന്റെ ഭാര്യ ലിസിയും ബേക്കറി മാനേജ്മെന്റില്‍ സജീവമാണ്. ബേക്കറിയുടെ ആധുനികവല്‍ക്കരണത്തിലും വര്‍ക്കലയിലെ പുതിയ ബേക്കറിയുടെ നിര്‍മ്മാണത്തിലുമെല്ലാം ലിസി പ്രധാന പങ്ക് വഹിച്ചു.

bakery items at seetha bakery

ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ല; ഇത് രുചിയുടെ ഗ്യാരണ്ടി

യാതൊരുവിധ പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാതെ അന്നന്ന് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ നല്‍കുന്നു എന്നതാണ് സീതാ ബേക്കറിയെ ഇന്നും ജനപ്രിയമാക്കുന്നത്. ക്വാളിറ്റിയും തനത് റെസിപ്പികളും കാത്തുസൂക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ബി. രാജീവ് വ്യക്തമാക്കുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലഹാരങ്ങള്‍ സപ്ലൈ ചെയ്യുന്നുണ്ടെങ്കിലും ഇക്കാലമത്രയും ഒറ്റ ശാഖ മാത്രമാണ് ബേക്കറിക്കുണ്ടായിരുന്നത്. ഒന്നിലധികം ബ്രാഞ്ചുകള്‍ തുറന്നാല്‍ എല്ലാറ്റിലും ഒരുപോലെ ശ്രദ്ധയെത്തിക്കാന്‍ സാധിക്കുമോ എന്ന സംശയമാണ് കൂടുതല്‍ ശാഖകള്‍ തുടങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചത്. എന്നാല്‍, മൂന്ന് ബേക്കറികളില്‍ നടക്കുന്ന കച്ചവടം ഒറ്റ കേന്ദ്രത്തില്‍ നിന്ന് തന്നെ നേടാന്‍ തങ്ങള്‍ക്ക് സാധിച്ചിരുന്നുവെന്നും രാജീവ് കൂട്ടിച്ചേര്‍ക്കുന്നു.

മൂന്നാം തലമുറയുടെ കടന്നുവരവ്; വര്‍ക്കലയില്‍ പുതിയ ശാഖ

മകള്‍ ദേവിക രാജീവ് കൂടി ബിസിനസിലേക്ക് കടന്നുവന്നതോടെയാണ് വര്‍ക്കലയില്‍ പുതിയൊരു ശാഖ തുറക്കാന്‍ തീരുമാനിച്ചത്. ദേവികയുടെ സ്വന്തം നിക്ഷേപത്തിലാണ് വര്‍ക്കല ബ്രാഞ്ച് സജ്ജമാക്കിയത്. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ഇവിടെ ലഭിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സ്ഥാപനത്തെ ബ്രേക്ക് ഈവന്‍ (Break-even) തലത്തിലെത്തിക്കാന്‍ ദേവികയ്ക്ക് സാധിച്ചു.

വര്‍ക്കലയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി റിസോര്‍ട്ടുകളിലേക്ക് നിലവില്‍ പലഹാരങ്ങള്‍ സപ്ലൈ ചെയ്യുന്നുണ്ട്. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ മാര്‍ക്കറ്റിംഗ് രംഗത്ത് പരിചയസമ്പന്നനായ ഭര്‍ത്താവ് അനൂപിന്റെ പിന്തുണയും ദേവികയ്ക്ക് തുണയാകുന്നു.

അടുത്ത ലക്ഷ്യം സെന്‍ട്രലൈസ്ഡ് കിച്ചന്‍

നിലവില്‍ 400-ലധികം ഉല്‍പ്പന്നങ്ങളാണ് സീതാ ബേക്കറിയുടെ പോര്‍ട്ട്ഫോളിയോയിലുള്ളത്.10,000-ത്തോളം അച്ചപ്പമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് 1,200 കിലോ മിക്സ്ചറും 1,300 കിലോ ചിപ്സും ഇവിടെ വിറ്റഴിച്ചു. ഇവരുടെ പ്രശസ്തമായ റൈസ് ഹല്‍വ ഓണനാളുകളില്‍ 800 കിലോ വരെ ചെലവായിരുന്നു. കഴിഞ്ഞ ക്രിസ്മസിന് ഒരു പ്രമുഖ ഗ്രൂപ്പിനായി 12,500 കേക്കുകള്‍ നിര്‍മ്മിച്ച് നല്‍കാനും സ്ഥാപനത്തിന് സാധിച്ചു.

പൂര്‍ണ്ണമായും മെക്കനൈസ്ഡ് ആയ ബോര്‍മെയാണ് നിലവിലുള്ളത്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ ശേഷിയിലായതിനാല്‍ ഇനി ഒരു സെന്‍ട്രലൈസ്ഡ് കിച്ചന്‍ (Centralized Kitchen) ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. വെജ് കട്ട്ലെറ്റ്, ചിക്കന്‍ കട്ട്ലെറ്റ്, സമോസ, ലോലിപോപ്പ് തുടങ്ങിയ ഫ്രോസണ്‍ (Frozen) വിഭവങ്ങള്‍ക്ക് വിവിധ ഹോട്ടലുകളില്‍ നിന്ന് ബള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. വെജ് പഫ്സ്, എഗ്ഗ് പഫ്സ് എന്നിവ കൂടി ഫ്രോസണ്‍ കാറ്റഗറിയില്‍ വിപണിയിലെത്തിക്കാന്‍ സെന്‍ട്രലൈസ്ഡ് കിച്ചന്‍ സഹായിക്കും.

മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ഫുഡ് എന്‍ജിനീയര്‍ കൂടിയായ രണ്ടാമത്തെ മകള്‍ ദേവലക്ഷ്മി രാജീവ് കൂടി ബിസിനസിലേക്ക് സജീവമാകാന്‍ ഒരുങ്ങുകയാണ്. അതോടെ ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. നിലവില്‍ 4 സ്റ്റാര്‍ കാറ്റഗറിയിലുള്ള ഈ സ്ഥാപനത്തില്‍ 50-ഓളം ജീവനക്കാരുണ്ട്. ഇതില്‍ ഭൂരിഭാഗവും 10 വര്‍ഷത്തിലധികമായി ഇവിടെ സേവനമനുഷ്ഠിക്കുന്നവരാണ്.

Built on quality and zero preservatives, Kollam’s iconic Seetha Bakery expands with a second outlet in Varkala and plans a centralized kitchen.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com