യൂറോപ്പില്‍ കൂടുതല്‍ തിളക്കം ആര്‍ജിക്കാന്‍ കേരള ടൂറിസം

കേരളത്തിലേക്ക് ഏറെ സഞ്ചാരികളെ എത്തിക്കുന്ന യൂറോപ്പിലെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (ഡബ്ല്യുടിഎം) 2019ല്‍ ശക്തമായ സാന്നിധ്യമറിയിച്ചതിന്റെ സംതൃപ്തിയുമായി സംസ്ഥാന ടൂറിസം വകുപ്പ്. കേരളാ ടൂറിസം ഈമാസം നിരവധി റോഡ്ഷോകളില്‍ പങ്കെടുത്തു. ഡെന്‍മാര്‍ക്കിലേയും ഫിന്‍ലാന്‍ഡിലെയും വിപണികളില്‍ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേ നേടിയതായി പത്രക്കുറിപ്പില്‍ പറയുന്നു.

ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ ഹോട്ടല്‍, റിസോര്‍ട്ട്, ടൂര്‍ ഓപ്പറേറ്റര്‍, സേവനദാതാക്കള്‍ എന്നിവിടങ്ങളിലെ പ്രതിനിധികളുമടങ്ങിയ സംഘത്തെ ഡബ്ല്യുടിഎമ്മിലും കോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്), ഹെല്‍സിങ്കി (ഫിന്‍ലാന്റ്) റോഡ്ഷോകളിലും ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ ആണ് നയിച്ചത്.

അടുത്തിടെ പുറത്തിറക്കിയ 'ഹ്യൂമന്‍ ബൈ നേച്ചര്‍' എന്ന നൂതന ഹ്രസ്വചിത്രത്തിലെ ആശയം പ്രമേയമാക്കി 120 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പവിലിയനാണ് കേരള ടൂറിസം ഡബ്ല്യുടിഎമ്മില്‍ സജ്ജമാക്കിയത്. സംസ്ഥാനത്തെ ജനങ്ങളേയും പ്രകൃതിഭംഗിയേയും കോര്‍ത്തിണക്കിയ മൂന്നു മിനിറ്റ് ചിത്രം ലണ്ടനില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രമുഖ യാത്രാ പ്രസിദ്ധീകരണങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, ദീര്‍ഘദൂര ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരുമായി പവിലിയനില്‍ ചര്‍ച്ചകള്‍ നടന്നു. കേരള സംഘാംഗങ്ങള്‍ ഈ മേഖലകളിലെ പ്രതിനിധികളുമായി ബിസിനസ് ടു ബിസിനസ് മീറ്റിംഗുകളും നടത്തി. ഡബ്ല്യുടിഎമ്മിന്റെ ഇന്‍സ്പിരേഷന്‍ സോണില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ടൂറിസം ഡയറക്ടര്‍ പങ്കെടുത്തു. പ്രളയത്തില്‍നിന്ന് ആറുമാസംകൊണ്ട് കരകയറാന്‍ കേരളാ ടൂറിസം ഏറ്റെടുത്ത ദൗത്യങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.

ലണ്ടനിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ മികച്ച ലക്ഷ്യസ്ഥാനമാകാനുള്ള കേരളത്തിന്റെ യോഗ്യതകള്‍ക്ക് ശക്തിയേകാന്‍ ഈ റോഡ്ഷോകളിലൂടെ കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യൂറോപ്പിലെ സഞ്ചാരപ്രിയരുടെ സുപ്രധാന വിപണിയായ സ്‌കാന്‍ഡിനേവിയന്‍ മേഖലയില്‍ ചുവടുറപ്പിക്കുന്നതിന് റോഡ്ഷോകള്‍ സഹായകമാകും. യൂറോപ്പില്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ളതിനാല്‍ വിദൂരസ്ഥലങ്ങളിലേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നവരുടെ മികച്ച വിപണിയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. കഴിഞ്ഞ മാസം വാര്‍സോയിലും ബുഡാപെസ്റ്റിലും റോഡ് ഷോകള്‍ നടന്നു. 2018 ല്‍ 201,258 വിനോദസഞ്ചാരികളാണു കേരളത്തിലെത്തിയത്. യു.കെയില്‍ നിന്നുള്ളവരായിരുന്നു ഒന്നാം സ്ഥാനത്ത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it