₹82.43 കോടി സമാഹരണ ലക്ഷ്യം; സില്‍വര്‍സ്റ്റോം ഐ.പി.ഒയ്ക്ക് തുടക്കമായി, നിക്ഷേപിക്കാനുള്ള മിനിമം തുകയും മറ്റ് വിശദാംശങ്ങളും അറിയാം

പ്രൈസ് ബാന്‍ഡ് 123-133 രൂപ; ബി.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്ഫോമില്‍ ജൂലൈ 31-ന് ലിസ്റ്റ് ചെയ്യും; സമാഹരിക്കുന്ന തുക വികസന പദ്ധതികള്‍ക്ക് വിനിയോഗിക്കും
silver storm water theme park
Published on

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിനോദസഞ്ചാര സംരംഭമായ സില്‍വര്‍സ്റ്റോം പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) ആരംഭിച്ചു.. ജൂലൈ 28 വരെയാണ് നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള അവസരം. 82.43 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

ഓഹരി വിലയും ലോട്ട് സൈസും

ഐ.പി.ഒ വഴി മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് വിറ്റഴിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 123 രൂപ മുതല്‍ 133 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഈ പ്രൈസ് ബാന്‍ഡ് പ്രകാരം കമ്പനിക്ക് 301.6 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചിന്റെ (ബി.എസ്.ഇ) എസ്.എം.ഇ. പ്ലാറ്റ്ഫോമില്‍ ജൂലൈ 31-ഓടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യും.

നിക്ഷേപകര്‍ക്ക് കുറഞ്ഞത് 2,000 ഓഹരികളുടെ ഒരു ലോട്ട് ആയിട്ടാണ് അപേക്ഷിക്കാന്‍ സാധിക്കുക. തുടര്‍ന്ന് 1,000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷ തുക കൂട്ടാം. ഓഹരിയുടെ ഉയര്‍ന്ന പ്രൈസ് ബാന്‍ഡ് പ്രകാരം കുറഞ്ഞത് 2,66,000 രൂപ മുടക്കേണ്ടി വരും.

ആങ്കര്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത് 17.16 ലക്ഷം ഓഹരികള്‍

ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡ്ഡിങ് ഇന്നലെ (ജൂലൈ 23) നടന്നു. വിറ്റഴിക്കുന്ന ആകെ ഓഹരികളില്‍ 17.16 ലക്ഷം ഓഹരികളാണ് ആങ്കര്‍ നിക്ഷേപകര്‍ക്കായി വകയിരുത്തിയിട്ടുള്ളത്. ആങ്കര്‍ നിക്ഷേപകരല്ലാത്ത സ്ഥാപനങ്ങള്‍ക്ക് (NII) 11.76 ലക്ഷം ഓഹരികളും വ്യക്തിഗത റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കായി 20.62 ലക്ഷം ഓഹരികളും ലഭ്യമാകും.

പുതിയ പദ്ധതികളും വിപുലീകരണവും

ഐ.പി.ഒയിലൂടെ ലഭിക്കുന്ന മൂലധനത്തില്‍ നിന്ന് 26.11 കോടി രൂപ ലഖ്നൗവിലെ സ്‌നോപാര്‍ക്ക്, ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍ എന്നിവയുടെ നിര്‍മാണത്തിനും 15.1 കോടി രൂപ കേരളത്തിലെ അതിരപ്പിള്ളിയിലുള്ള തീം പാര്‍ക്കിന്റെ വികസന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിക്കുക. കടങ്ങള്‍ വീട്ടാന്‍ 24 കോടി രൂപ വിനിയോഗിക്കും. വിപണിയിലെ തരംഗത്തിനനുസരിച്ച് ബിസിനസ് വിപുലീകരിക്കാനും പുതിയ ആകര്‍ഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഐ.പി.ഒ വഴി സാധിക്കുമെന്ന് സില്‍വര്‍സ്റ്റോം പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് മാനേജിങ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍ വ്യക്തമാക്കി.

2000 ഓഗസ്റ്റില്‍ തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയിലാണ് സില്‍വര്‍ സ്റ്റോം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അമ്യൂസ്മെന്റ്-വാട്ടര്‍ പാര്‍ക്ക്, ഇന്‍ഡോര്‍ സ്‌നോ പാര്‍ക്ക്, റിസോര്‍ട്ട്, ഭക്ഷണശാലകള്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതാണ് അതിരപ്പിള്ളിയിലെ കേന്ദ്രം. വരാനിരിക്കുന്ന ഓണക്കാലത്തോടെ ഇവിടെ കേബിള്‍ കാര്‍, സിംഗപ്പൂരിലേതിന് സമാനമായ ഫോറസ്റ്റ് വില്ലേജ് എന്നിവ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. കൂടാതെ റോപ്വേ പദ്ധതിയും പുരോഗമിക്കുകയാണ്.

അതിരപ്പിള്ളിക്ക് പുറമെ 2025 ഒക്ടോബറില്‍ ജംഷെഡ്പൂരില്‍ കമ്പനി പുതിയ ഇന്‍ഡോര്‍ സ്‌നോ പാര്‍ക്ക് ആരംഭിച്ചിരുന്നു. ലഖ്നൗവിലെ ഓമാക്സ് ഹസ്രത്ഗഞ്ച് മാളിലും സ്‌നോ പാര്‍ക്കും വിനോദകേന്ദ്രവും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സില്‍വര്‍‌സ്റ്റോം.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 44.85 കോടി രൂപയുടെ മൊത്തം വരുമാനമാണ് നേടിയത്. അറ്റാദായം 19.10 കോടി രൂപയായി ഉയര്‍ന്നു. 2025-26ല്‍ 6.71 ലക്ഷം പേരാണ് സില്‍വര്‍‌സ്റ്റോം പാര്‍ക്ക് സന്ദര്‍ശിച്ചത്. തൊട്ടു മുന്‍വര്‍ഷം ഇത് 5.14 ലക്ഷമായിരുന്നു.

(Disclaimer: ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിവരങ്ങളും ഐ.പി.ഒ സംബന്ധിച്ച വിശകലനങ്ങളും പഠനാവശ്യാര്‍ത്ഥം പങ്കുവെച്ചതാണ്. ഇത് നിര്‍ദ്ദിഷ്ട ഐ.പി.ഒ/ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നേരിട്ടുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് സ്വന്തം നിലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുകയോ നിങ്ങളുടെ ഫിനാന്‍ഷ്യല്‍ അഡൈ്വസറില്‍ നിന്നും മാര്‍?ഗനിര്‍ദേശം തേടുകയോ ചെയ്യേണ്ടതാണ്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com