

കേരളത്തിൽ പുരപ്പുറ സോളാർ പദ്ധതികൾക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ള സഹകരണം പലപ്പോഴും നിരാശാജനകമാണെന്ന ആരോപണം ശക്തമാകുന്നു. ഉപഭോക്താക്കൾ സ്വന്തം പണം മുടക്കി ഊർജ ഉൽപ്പാദകരായി (Prosumers) മാറുന്ന അവസ്ഥയില്‍ കെഎസ്ഇബിയുടെ നിലപാടുകള്‍ പ്രോത്സാഹജനകമല്ല. വി.ഡി സതീശന്റെ നേതൃത്വത്തില്‍ പുതിയ യുഡിഎഫ് സർക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായുളള ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുകയാണ് കേരള ഡൊമസ്റ്റിക് സോളാര്‍ പ്രൊസ്യുമേഴ്സ് കമ്മ്യൂണിറ്റി (KDSPC).
സോളാർ നിക്ഷേപകരെ സംബന്ധിച്ച് കെഎസ്ഇബി ഇപ്പോൾ സ്വീകരിക്കുന്നത് തികച്ചും തെറ്റായ ഒരു നിലപാടാണെന്ന് (Wrong Narrative) KDSPC കോര്‍ കമ്മറ്റി അംഗവും കെഎസ്ഇബി റിട്ടയേര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുമായ ജോര്‍ജ് സി.പി പറഞ്ഞു. കേന്ദ്ര ഗവൺമെന്റ് സോളാർ ഊർജത്തെ പ്രോത്സാഹിപ്പിക്കുകയും വൻതോതിൽ സബ്‌സിഡികൾ നൽകുകയും ചെയ്യുമ്പോൾ കേരളത്തിലെ വൈദ്യുതി ബോർഡ് ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള നറേറ്റീവുകളാണ് പ്രചരിപ്പിക്കുന്നത്.
അഞ്ച് പൈസയുടെ ഗവൺമെന്റ് ചെലവില്ലാതെ കൺസ്യൂമർ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച 2000 മെഗാവാട്ടോളം സോളാർ വൈദ്യുതി ശരിയായ രീതിയിൽ വിനിയോഗിക്കാനോ ഗ്രിഡിലേക്ക് ആഗിരണം ചെയ്യാനോ കെഎസ്ഇബിക്ക് സാധിക്കുന്നില്ല.
മാത്രമല്ല, സാങ്കേതികമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വലിയൊരു വെല്ലുവിളിയാണ്. 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം നടന്നാലും അത് താഴെ തട്ടിലുള്ള കൺസ്യൂമറിലേക്ക് എത്തിക്കാൻ ആവശ്യമായ ഡൗൺസ്ട്രീം സിസ്റ്റങ്ങളോ ഇൻഫ്രാസ്ട്രക്ചറോ വികസിപ്പിച്ചിട്ടില്ല. ട്രാൻസ്‌ഫോർമർ തലത്തിൽ കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതും ലോഡ് വർദ്ധിക്കുന്നയിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാക്കാത്തതിനാലും സോളാർ വിപുലീകരണത്തിന് തടസമാകുന്നതായി ജോര്‍ജ് സി.പി ധനം ഓണ്‍ലൈനോട് പറഞ്ഞു. ശരിയായ രീതിയിലുള്ള ഒരു കാഴ്ചപ്പാടില്ലാതെ വൻകിട ലൈനുകൾ സ്ഥാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും അത് സാധാരണക്കാരിലേക്ക് എത്തണമെന്നും ജോര്‍ജ് സി.പി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ പുതിയ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് സോളാർ പ്രൊസ്യൂമർമാരുടെ കൂട്ടായ്മ പ്രധാനമായും താഴെ പറയുന്ന ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്:
ദേശീയ നയവുമായി ഒത്തുപോവുക: കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പിഎം സൂര്യഘർ മുഫ്ത് ബിജിലി യോജന പോലുള്ള പദ്ധതികൾ സംസ്ഥാനത്തും കാര്യക്ഷമമായി നടപ്പിലാക്കണം. ദേശീയ പോളിസിക്ക് അനുസൃതമായി കേരളത്തിന്റെ ഊർജ നയങ്ങളെ മാറ്റിയെടുക്കുകയും കേന്ദ്ര ഫണ്ടുകൾ പൂർണമായി വിനിയോഗിക്കുകയും വേണം.
അടിസ്ഥാന സൗകര്യ വികസനം: ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമർ ലെവലിൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തണം. ട്രാൻസ്‌ഫോർമറുകളുടെ ശേഷിക്കുറവ് പറഞ്ഞ് സോളാർ കണക്ഷനുകൾ നിഷേധിക്കുന്ന രീതി അവസാനിപ്പിക്കണം.
അശാസ്ത്രീയ നിയമങ്ങൾ മാറ്റുക: റെഗുലേറ്ററി കമ്മീഷൻ സോളാർ ഉടമകളെ ദ്രോഹിക്കുന്ന രീതിയിലുള്ള അശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കണം. നെറ്റ് മീറ്ററിംഗ് നടപടികൾ ലളിതമാക്കുകയും സോളാർ ഉടമകളിൽ നിന്ന് ഈടാക്കുന്ന അന്യായമായ ചാർജുകൾ ഒഴിവാക്കുകയും വേണമെന്നും പ്രൊസ്യുമേഴ്സ് കമ്മ്യൂണിറ്റി കോര്‍ കമ്മിറ്റി അംഗങ്ങളായ ഡോ. ജയരാമൻ ചില്ലയിൽ, ക്ലൈമറ്റ് & എനർജി കൺസൾട്ടന്റ്, മുൻ സീനിയർ മാനേജർ (ഇലക്ട്രിക്കൽ), കൊച്ചിൻ റിഫൈനറി; ജേക്കബ് മാത്യു, ടെലികമ്മ്യൂണിക്കേഷൻ കൺസൾട്ടന്റ്, മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രോജക്ട്സ് (ടെക്നോളജി), വോഡഫോൺ ഐഡിയ ലിമിറ്റഡ്; ഡോ. സി.പി. ഗീവൻ, റിട്ടയര്‍ഡ് സയന്റിസ്റ്റ് (പരിസ്ഥിതി ശാസ്ത്രം), ജെയിംസ്കുട്ടി തോമസ്, റിട്ടയര്‍ഡ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ തുടങ്ങിയവര്‍ പറഞ്ഞു. സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്നവരെയാണ് പ്രൊസ്യുമേഴ്സ് എന്നു പറയുന്നത്. 3000 ത്തോളം അംഗങ്ങളാണ് പ്രൊസ്യുമേഴ്സ് കമ്മ്യൂണിറ്റിയിലുളളത്. ഇതില്‍ ഭൂരിപക്ഷവും ഗാര്‍ഹിക ഉപഭോക്താക്കളാണ് എന്നതും ശ്രദ്ധേയമാണ്.
സ്റ്റോറേജ് സപ്പോർട്ട്: പവർ കട്ട് സമയത്തും വൈദ്യുതി ലഭ്യമാക്കുന്ന ഓഫ്-ഗ്രിഡ് സംവിധാനങ്ങൾക്കും ലിഥിയം ബാറ്ററി സ്റ്റോറേജിനും സബ്‌സിഡി അനുവദിക്കണം.
ആറ്റിറ്റ്യൂഡ് മാറ്റം: സോളാർ എന്നത് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ടെക്നോളജിയാണ്. ഇതിനെ ശരിയായ രീതിയിൽ ഹാർവെസ്റ്റ് ചെയ്യാൻ കെഎസ്ഇബിയും സർക്കാരും തയാറാകണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പ്രോത്സാഹനജനകമായ ഒരു നിലപാട് (Attitude) ഉണ്ടാകണം.
കേരളത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കാനും സ്വന്തം വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനും സോളാർ അത്യന്താപേക്ഷിതമാണ്. അതിനാൽ ഉപഭോക്താക്കളെ വെറും ഉപഭോക്താക്കളായല്ല, മറിച്ച് വൈദ്യതി ഉല്‍പ്പാദനത്തില്‍ പങ്കാളികളായി കണ്ട് മുന്നോട്ട് പോകാൻ സർക്കാർ തയാറാകണമെന്നും പ്രൊസ്യുമേഴ്സ് കമ്മ്യൂണിറ്റി ആവശ്യപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine