

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നാളെ (നവംബര്‍ 20) പ്രാബല്യത്തില്‍ വരുംവിധം കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്( എം.സി.എല്‍.ആര്‍) ആണ് 0.05 ശതമാനം കുറച്ചത്.
പുതുക്കിയ നിരക്കുകള്‍ പ്രകാരം ഓവര്‍നൈറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.20 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമാകും. ഒരുമാസക്കാലവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.65ല്‍ നിന്ന് 8.60 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ളവയുടേത് 9.605 ശതമാനത്തില്‍ നിന്ന് 9.55 ശതമാനത്തിലേക്കും കുറച്ചു. ആറുമാസ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.60 ശതമാനമാണ്. നേരത്തെ ഇത് 9.65 ശതമാനമായിരുന്നു. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.70ല്‍ നിന്ന് 9.65 ശതമാനത്തിലേക്കും കുറച്ചിട്ടുണ്ട്.
സ്വര്‍ണപ്പണയം, ബിസിനസ് വായ്പകള്‍, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ തുടങ്ങിയവയുടെ പലിശ നിരക്കാണ് ഇതുപ്രകാരം കുറയുക. വായ്പകളുടെ അടിസ്ഥാന പലിശ നിരക്കാണ് എം.സി.എല്‍.ആര്‍. ഈ നിരക്കിനേക്കേള്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല.
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ചതാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍). റിസര്‍വ് ബാങ്കിന്റെ റിപ്പോ റേറ്റില്‍ അധിഷ്ഠിതമാണ് എം.സി.എല്‍.ആര്‍. റിപ്പോ നിരക്ക് മാറുന്നതിന് അനുസരിച്ച് എം.സി.എല്‍.ആറും മാറും. എന്നാല്‍, ഇതിനു പുറമേ വായ്പാത്തുക, തിരിച്ചടവ് കാലാവധി, ബാങ്കിന് വായ്പയിന്മേല്‍ ഉണ്ടാകുന്ന പ്രവര്‍ത്തനച്ചെലവ് തുടങ്ങിയ ഘടങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാ പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തി. ഓഹരി വില ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 41.19 രൂപയിലെത്തുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ 79 ശതമാനമാണ് ഓഹരിയുടെ നേട്ടം. ഈ വര്‍ഷം ഇതുവരെയുള്ള ഉയര്‍ച്ച 63 ശതമാനവും.
Read DhanamOnline in English
Subscribe to Dhanam Magazine