

വിശ്വസ്തതയും ഉപഭോക്തൃ സേവനരംഗത്തെ പാരമ്പര്യവും കൈമുതലാക്കി നൂതന ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് നാളെ (ജനുവരി 29) 97-ാം സ്ഥാപകദിനം ആഘോഷിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായം കൈവരിച്ചതിന്റെ ആവേശത്തിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇത്തവണ സ്ഥാപകദിനത്തിലേക്ക് കടക്കുന്നത്. 1929-ല്‍ തൃശൂരില്‍ തുടക്കം കുറിച്ച സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഇന്ന് ഇന്ത്യയൊട്ടാകെ 948 ശാഖകളും 82 ലക്ഷം ഉപഭോക്താക്കളുമാണുള്ളത്.
''സൗത്ത് ഇന്ത്യന്‍ ബാങ്ക് പുലര്‍ത്തിവരുന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തന ശൈലിയും, ഉപഭോക്താക്കള്‍ നല്‍കി വരുന്ന അചഞ്ചലമായ പിന്തുണയുമാണ് 97 വര്‍ഷങ്ങളുടെ വിശ്വാസപൂര്‍ണമായ യാത്രയിലേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിച്ചത്. ബന്ധങ്ങളെ വിലമതിക്കുന്ന ഞങ്ങളുടെ മൂല്യബോധവും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമാണ് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ വഴിയൊരുക്കിയത്. ശതാബ്ദിയുടെ അരികിലെത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍, ഉപഭോക്താക്കള്‍ക്കും ഓഹരിയുടമകള്‍ക്കും സുസ്ഥിര നേട്ടം പ്രദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നയിക്കുന്ന മുഖ്യലക്ഷ്യം,''സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ വി. ജെ. കുര്യന്‍ പറഞ്ഞു.
2025-26 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 374.32 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (341.87 കോടി) ഒന്‍പത് ശതമാനം വളര്‍ച്ചയാണിത്. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പത് മാസത്തെ ആകെ ലാഭം 1047.64 കോടി രൂപയായി ഉയര്‍ന്നു. പ്രീ-പ്രോവിഷനിംഗ് പ്രവര്‍ത്തന ലാഭത്തിലും 10 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
'സൗത്ത് ഇന്ത്യന്‍ ബാങ്ക് 97 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍, ഈ സമുജ്ജ്വലയാത്ര ഞങ്ങളുടെ ഉപഭോക്താക്കള്‍ അര്‍പ്പിച്ച ദീര്‍ഘകാല വിശ്വാസത്തിന്റെയും 9000-ലധികം വരുന്ന ജീവനക്കാരുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റെയും പ്രതിഫലനമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും മൂല്യങ്ങളില്‍ ഉറച്ചുനിന്നും ഉള്‍ക്കരുത്തോടെ മുന്നേറാന്‍ ബാങ്കിനെ പര്യാപ്തമാക്കിയത് ഇവരുടെ കൂട്ടായ പരിശ്രമമാണ്. മുന്നോട്ടുള്ള കുതിപ്പില്‍ ഈ കൂട്ടായ പരിശ്രമം ഞങ്ങളുടെ പാതയില്‍ ഇനിയും കരുത്തോടെ ശക്തിപകരും.', സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു.
South Indian Bank celebrates 97th anniversary with record profits, eyes sustainable growth ahead of centenary
Read DhanamOnline in English
Subscribe to Dhanam Magazine