സൗത്ത് ഇന്ത്യന്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് വീണ്ടും കൂട്ടി, നാളെ മുതല്‍ പ്രാബല്യത്തില്‍

ഓഗസ്റ്റിലാണ് ഇതിനു മുമ്പ് നിരക്കുകളില്‍ മാറ്റം വരുത്തിയത്‌
Cash in hand, SIB Logo
Image by Canva
Published on

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കൂട്ടി. പുതിയ നിരക്കുകള്‍ നാളെ (നവംബര്‍ 20) മുതല്‍ പ്രാബല്യത്തില്‍ വരും.

അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവും (EMI/എം.സി.എല്‍.ആര്‍) കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം.

പുതിയ നിരക്കുകള്‍ ഇങ്ങനെ

പുതിയ നിരക്കു പ്രകാരം ഒറ്റനാള്‍ (Overnight) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ സെപ്റ്റംബറിലെ 7.90 ശതമാനത്തില്‍ നിന്ന് 7.95 ശതമാനമാകും.

ഒരു മാസക്കാലാവധിയുള്ള വായ്പകളുടേത് 8.55 ശതമാനത്തില്‍ നിന്ന് 8.60 ശതമാനത്തിലേക്കും മൂന്നു മാസക്കാലാവധിയുള്ള വായ്പകളുടേത് 9.85 ശതമാനത്തില്‍ നിന്ന് 9.90 ശതമാനത്തിലേക്കും ഉയര്‍ത്തി.

ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.95 ശതമാനമാണ്. സെപ്റ്റംബറില്‍ ഇത് 9.90 ശതമാനമായിരുന്നു. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 10 ശതമാനത്തില്‍ നിന്ന് 10.05 ശതമാനമായും കൂട്ടി.

എന്താണ് എം.സി.എല്‍.ആര്‍?

ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശ നിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടു വന്നതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ അധിഷ്ഠിതമാണിത്.

റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റം വരും. എന്നാല്‍ റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് പണം കണ്ടെത്തുന്ന സ്രോതസുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് (ഉദാഹരണത്തിന് സ്ഥിര നിക്ഷേപം, സേവിംഗ്‌സ്-കറന്റ് അക്കൗണ്ട് നിക്ഷേപം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള വായ്പ), കരുതല്‍ ധന അനുപാതം (CRR) തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാ പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com