

റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇരുചക്രവാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഒരുങ്ങുന്നു. പുതിയ 'ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്' (AIS-223) പ്രകാരമായിരിക്കും ഈ മാറ്റങ്ങള്‍ നടപ്പിലാക്കുക. നിശ്ചിത വേഗപരിധി കടക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന ഓഡിയോ സ്പീഡ് അലര്‍ട്ട് സിസ്റ്റം, രാത്രിയിലും മഞ്ഞുള്ളപ്പോഴും വെളിച്ചം അടിക്കുമ്പോള്‍ തിളങ്ങുന്ന റിഫ്‌ലക്റ്റീവ് ടയറുകളും സ്റ്റിക്കറുകളും ഇതിന്റെ ഭാഗമായി നിര്‍ബന്ധമാക്കും.
അപകട സമയങ്ങളില്‍ റൈഡറുടെ കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാന്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത മികച്ച ലെഗ് ഗാര്‍ഡുകള്‍ പുതിയ മാനദണ്ഡത്തിലുണ്ട്. കൂടാതെ, സൈലന്‍സറില്‍ നിന്നുള്ള പുക കാല്‍നടയാത്രക്കാരുടെയും തൊട്ടുപിന്നാലെ വരുന്ന ബൈക്ക് യാത്രക്കാരുടെയും മുഖത്തേക്ക് നേരിട്ട് അടിക്കാത്ത വിധത്തില്‍ എക്‌സോസ്റ്റ് പൈപ്പുകളുടെ ദിശ മാറ്റും. നിശബ്ദമായി കടന്നുപോകുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വരുന്നത് കാല്‍നടയാത്രക്കാര്‍ തിരിച്ചറിയാനായി 'അക്കോസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ടിങ് സിസ്റ്റം' (AVAS) ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
ഒരുമിച്ച് എല്ലാ നിയമങ്ങളും നടപ്പാക്കി വാഹനങ്ങളുടെ വില കുത്തനെ കൂട്ടുന്നതിന് പകരം ഘട്ടങ്ങളായി നിയമം നടപ്പിലാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്പീഡ് അലര്‍ട്ട്, റിഫ്‌ലക്റ്ററുകള്‍, ഇ-വാഹനങ്ങളിലെ ശബ്ദസംവിധാനം എന്നിവ നിര്‍ബന്ധമാക്കിയേക്കും. നിര്‍മ്മാണച്ചെലവും വാഹനവിലയും പെട്ടെന്ന് കൂടാതിരിക്കാന്‍ ഇത് സഹായിക്കും.
രാജ്യത്ത് കാറുകളേക്കാള്‍ അഞ്ച് മടങ്ങിലധികം വില്‍പന നടക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2.17 കോടി ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ കാറുകളുടെ വില്‍പന 46.43 ലക്ഷമായിരുന്നു. 2024 ലെ കണക്കുകള്‍ പ്രകാരം രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട 81,740 പേരില്‍ 67 ശതമാനവും ഇരുചക്രവാഹന യാത്രക്കാരും കാല്‍നടയാത്രക്കാരുമായിരുന്നു.
പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ എത്രത്തോളം ഫലപ്രദമാണെന്ന് പഠിക്കാന്‍ ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി മദ്രാസ് തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. 18 മാസത്തോളം നീളുന്ന പഠനത്തിന് ശേഷമായിരിക്കും എല്ലാ സുരക്ഷാ സംവിധാനങ്ങളും പൂര്‍ണമായി നിര്‍ബന്ധമാക്കുക.
India’s Road Transport Ministry is considering a phased rollout of new safety standards, including speed alerts and reflective tyres, to cut two-wheeler road fatalities.
Read DhanamOnline in English
Subscribe to Dhanam Magazine