

സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക- ബിസിനസ് സ്റ്റാര്‍ട്ടപ്പ് സമ്മേളനങ്ങളിലൊന്നായ ടൈകോണ്‍ കേരള 2025ന് കുമരകം ദി സൂരിയില്‍ ആവേശകരമായ തുടക്കം.
''സെലിബ്രേറ്റിംഗ് എന്റര്‍പ്രണര്‍ഷിപ്പ്'' എന്ന പ്രമേയത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് സംസ്ഥാനത്തെ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും രാജ്യത്തെ നിരവധി വ്യവസായികളും മുന്‍നിര ബിസിനസുകാരും നിക്ഷേപകരും മെന്റര്‍മാരും ഒരുമിക്കുന്ന അപൂര്‍വ വേദിയായി.
കാവിന്‍ കെയര്‍ ചെയര്‍മാന്‍ സി.കെ. രംഗനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംരംഭകയാത്രയിലെ ആകസ്മിക വളര്‍ച്ചയല്ല യഥാര്‍ത്ഥ വിജയം. തുടര്‍ച്ചയായ ചിന്തയുടെയും, ഉള്‍ക്കാഴ്ചയുടെയും അച്ചടക്കമുള്ള പ്രവര്‍ത്തനത്തിന്റെയും ഫലമാണതെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന നിലയില്‍ നിന്ന് ബിസിനസിനെ നയിക്കുന്ന നിലയിലേക്ക് മാറുമ്പോഴാണ് സംരംഭങ്ങള്‍ ഉയരങ്ങള്‍ താണ്ടുന്നത്. വിശ്വാസം, ധൈര്യം, പഠന മനോഭാവം എന്നിവയാണ് പ്രാരംഭ വിജയത്തെ നിര്‍ണയിക്കുന്നതെന്നും, സംരംഭകര്‍ ഏത് ഘട്ടത്തിലാണ് തടസ്സപ്പെട്ട് നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ബോധപൂര്‍വ്വം മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ സ്തംഭിച്ചിരിക്കുന്നുവെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് കെ.എസ്.ഐ.ഡി.സി ചെയര്‍മാനും മുഖ്യ പ്രഭാഷകനുമായ സി. ബാലഗോപാല്‍ പറഞ്ഞു.
2000 മുതല്‍ ജിഎസ്ഡിപി ആറിരട്ടിയായി വളര്‍ന്നതും പ്രതിശീര്‍ഷ വരുമാനം 1,000 ഡോളറില്‍ നിന്ന് 12,000 ഡോളറിലേയ്ക്ക് ഉയര്‍ന്നതും വസ്തുതയാണ്. അതിദാരിദ്ര്യം 0.5 ശതമാനമായി താഴ്ന്ന കേരളം ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ഉപഭോക്തൃ വിപണികളിലൊന്നാണ്. സംരംഭകര്‍ നിരാശ മനോഭാവം ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ ആന്തരികമായ ശക്തിയും ഡിജിറ്റല്‍ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
അടുത്ത തലമുറയിലെ സംരംഭകരെ വളര്‍ത്തിയെടുക്കുക എന്ന സംഘടനയുടെ കാഴ്ചപ്പാടാണ് ടൈകോണ്‍ കേരള 2025 മുന്നോട്ട് വെക്കുന്നതന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.
സാങ്കേതികവിദ്യയും നിര്‍മ്മിത ബുദ്ധിയും ബിസിനസ് രീതികള്‍ പൊളിച്ചെഴുതുന്ന കാലമാണിത്. സംസ്ഥാനത്തെ യുവസംരംഭകരെ അതിനൂതന ഡിജിറ്റല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ആഗോളതലത്തില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ശരിയായ നെറ്റ്വര്‍ക്കുകള്‍ കണ്ടെത്തുവാനും ടൈക്കോണ്‍ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ടൈകോണ്‍ സുസ്ഥിരതയും വളര്‍ച്ചയും മുന്‍ഗണന നല്‍കുന്നതാണെന്ന് വൈസ് പ്രസിഡന്റും ടൈകോണ്‍ 2025 ചെയര്‍മാനുമായ ഡോ. ജീമോന്‍ കോര പറഞ്ഞു.
പുതിയ സംരംഭകര്‍ക്കും പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവരുടെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ഓണ്‍-ദി-സ്‌പോട്ട് ഫണ്ടിംഗ് അവസരങ്ങള്‍ നേടാനുമുള്ള തത്സമയ വേദിയായ പിച്ച് ബേയായിരുന്നു ഈ വര്‍ഷത്തെ ടൈകോണ്‍ കേരളയുടെ പ്രധാന ആകര്‍ഷണം. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപകര്‍ നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്ന വേദിയായിരുന്നുവിത്. സംസ്ഥാനത്തെ 200 ഓളം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പുകളാണ് പിച്ചബേയില്‍ പങ്കെടുത്തത്. ഇതില്‍ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ചേര്‍ന്ന് ഏകദേശം നാല് കോടിയോളം രൂപയുടെ നിക്ഷേപം നേടി.
കരിക്കിന്‍ വെള്ളം ഉണ്ടാക്കാന്‍ സാധിക്കുന്ന ഇന്‍സ്റ്റന്റ് പൗഡര്‍ മിക്‌സ് അവതരിപ്പിച്ച നേച്ചര്‍അപ്പ്, എനര്‍ജി ഓഡിറ്റിംഗ് എ.ഐ സൊല്യൂഷന്‍ സ്ഥാപനമായ സീറോ വര്‍ത്ത്, ഓണ്‍ലൈന്‍ ചെസ് കോച്ചിംഗ് പ്ലാറ്റ്‌ഫോമായ എയിറ്റ് ടൈംസ് എയിറ്റ് എന്നിവരാണ് പിച്ച്‌ബേയില്‍ നിക്ഷേപം നേടിയത്.
സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, നെസ്റ്റ് ഡിജിറ്റല്‍ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നസ്‌നീന്‍ ജഹാംഗീര്‍, എംഎന്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ അജിത് മൂപ്പന്‍, വെസ്റ്റേണ്‍ ഇന്ത്യ കാഷ്യൂ കമ്പനി പ്രസിഡന്റ് ഹരി കൃഷ്ണന്‍ നായര്‍, ടീംവണ്‍ അഡൈ്വര്‍ട്ടൈസിങ്ങ് എംഡി വിനോദിനി സുകുമാര്‍, ടൈ കേരള വൈസ് പ്രസിഡന്റും ടൈകോണ്‍ കേരള 2025 ചെയറുമായ ഡോ. ജീമോന്‍ കോര എന്നിവരാണ് പിച്ച് ബേ സെഷന്‍ നയിച്ചത്.
പ്രമുഖ നിക്ഷേപകരുമായി നവ സംരംഭകരെ ബന്ധിപ്പിക്കുന്ന ടൈ കേരള ക്യാപിറ്റല്‍ കഫേ ഫൈനലില്‍ രണ്ട് സംരംഭങ്ങള്‍ ശ്രദ്ധ നേടി. പരിസ്ഥിതി സൗഹൃദ മെറ്റേണിറ്റി പാഡുകളും ബേബി വൈപ്പുകളും നിര്‍മിക്കുന്ന ഫെമിക്യൂറ ഹെല്‍ത്ത് ടെക്ക്, അഞ്ച് മുതല്‍ പതിനഞ്ച് വയസുകാരുടെ ശ്രദ്ധയും ഏകാഗ്രതയും ശക്തിപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ചെസ് പഠന പ്ലാറ്റ്ഫോമായ എയ്റ്റ് ടൈംസ് എയ്റ്റ് (Eight Times Eight) എന്നിവയാണത്.
Read DhanamOnline in English
Subscribe to Dhanam Magazine