

പാര്‍ക്കിന്‍സണ്‍സും മറവി രോഗവും പിടിപെട്ട് ഒരു വര്‍ഷത്തോളം കിടപ്പിലായ അച്ഛനെ ശുശ്രൂഷിക്കാന്‍ സ്വയം നിര്‍മിച്ചെടുത്ത സ്മാര്‍ട്ട് കട്ടില്‍ ഇനിയങ്ങോട്ട് ആയിരങ്ങള്‍ക്ക് ഉപകാരമാക്കി മാറ്റുകയാണ് ആലപ്പുഴക്കാരന്‍ ദിലീപ് കുമാര്‍. കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ പരസഹായത്താല്‍ ജീവിതം തള്ളിനീക്കേണ്ടി വരുന്ന പ്രായം ചെന്നവര്‍ക്ക് ഈ കളര്‍കോട് സ്വദേശിയുടെ സംരംഭം ഒരു ആശ്രയമാകും, തീര്‍ച്ച. ഓസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച്, ഭാര്യയേയും മക്കളെയും അവിടെ നിര്‍ത്തിക്കൊണ്ടാണ് സ്മാര്‍ട്ട് കട്ടില്‍ കേരളത്തിലും പുറം ലോകത്തും എത്തിക്കാന്‍ ദിലിപ്കുമാര്‍ പണിപ്പുരയിലെ ശ്രമം മുന്നോട്ടു നീക്കുന്നത്.
എന്താണ് ഈ കട്ടിലിന്റെ പ്രത്യേകത? കിടപ്പു രോഗിക്ക് എഴുന്നേല്‍ക്കാതെ കട്ടിലില്‍ കിടന്നു കൊണ്ടു തന്നെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന വലിയ സജ്ജീകരണങ്ങളാണ് സ്മാര്‍ട്ട് കട്ടിലില്‍. സന്ദര്‍ശകര്‍ക്കോ കിടക്കുന്നവര്‍ക്കോ പരിചരിക്കുന്നവര്‍ക്കോ അസുഖകരവും മലിനീകൃതവുമായ അന്തരീക്ഷം മുറിയില്‍ ഉണ്ടാവില്ല. മലവും മൂത്രവും മറ്റും കട്ടിലിനു താഴത്തു നിന്ന് നേരെ സെപ്ടിക് ടാങ്കിലേക്കു ഫ്‌ളഷ് ചെയ്യാനുള്ള സജ്ജീകരണമുണ്ട്. ചൂടുവെള്ളവും തണുത്ത വെള്ളവും കിട്ടാന്‍ ക്രമീകരണം. കുളിമുറിയില്‍ കൊണ്ടുപോകാതെയും മറ്റൊരാളുടെ സഹായമില്ലാതെയും കുളിപ്പിക്കാം. ഡയപ്പറോ കത്തീറ്ററോ വേണ്ട. കട്ടിലില്‍ നിന്ന് വീഴുമെന്ന പേടി വേണ്ട. പരിചരണം അത്രമേല്‍ എളുപ്പം; രോഗിക്കും ആശ്വാസകരം. ദീര്‍ഘകാലം കിടപ്പിലാകുന്നതോടെ ശരീരത്തില്‍ മുറിവുകളോ വ്രണങ്ങളോ അണുബാധയോ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്ന കിടക്കയും ഓപ്ഷണല്‍ ആക്‌സസറിയായി ഈ കട്ടിലില്‍ ഉപയോഗിക്കാം.
കരുതല്‍ തൊട്ടില്‍ എന്നര്‍ഥം വരുന്ന 'കെയര്‍ഡില്‍' എന്നാണ് ഈ കട്ടിലിന് പേര്. മരണം വരെ അച്ഛനെ കാത്ത കട്ടില്‍ തയാറാക്കാന്‍ അന്ന് 13 ലക്ഷത്തോളം രൂപ വേണ്ടിവന്നു. ഓസ്ട്രേലിയയില്‍ നിന്നും ചൈനയില്‍ നിന്നും മറ്റുമാണ് ആവശ്യമായ സാധനങ്ങള്‍ ഇറക്കുമതി ചെയ്തത്. അച്ഛനെ കാണാന്‍ വന്നും പോയുമിരുന്ന ബന്ധുമിത്രാദികളാണ് സ്മാര്‍ട്ട് കട്ടില്‍ മറ്റുള്ളവര്‍ക്കും ഉപകാരമാകാന്‍ പാകത്തില്‍ വിപണിയില്‍ എത്തിക്കണമെന്ന താല്‍പര്യം പ്രകടിപ്പിച്ചത്. അതോടെ ദിലീപിന്റെ ജീവിതം തന്നെ ആ വഴിക്കായി എന്നേ പറയേണ്ടൂ. ഓസ്ട്രേലിയയില്‍ സീനിയര്‍ ഹോസ്പിറ്റല്‍ സയന്റിസ്റ്റായി ജോലി നോക്കിയിരുന്ന ദിലീപ്, ആ ജോലി ഉപേക്ഷിച്ചാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമാവാനായി ഈ കട്ടിലിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചത്.
കെയര്‍ഡില്‍ (Caredle) എന്ന സ്മാര്‍ട്ട് കട്ടിലിന്റെ നിര്‍മാണ-വിപണന സ്ഥാപനമായ ദിവാന്‍ വെല്‍നെസ് (Diva'N Wellness) സി.ഇ.ഒയാണ് ഇന്ന് ദിലീപ് കുമാര്‍. സ്മാര്‍ട്ട് കട്ടില്‍ ആകെപ്പാടെ പരിഷ്‌കരിച്ചു. ഉറങ്ങാനുള്ള കിടക്ക, കട്ടിലിന്റെ ഭാഗമായ ടോയ്ലറ്റ്, ഷവര്‍ സംവിധാനം, മാലിന്യ ഔട്ട്ലെറ്റ് എന്നിവ ഉള്‍പ്പെടുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്മാര്‍ട്ട് കട്ടിലിന് പേറ്റന്റ് കിട്ടാറായി. നിര്‍മാണ ചെലവ് രണ്ട് ലക്ഷം രൂപയില്‍ താഴെയാക്കാന്‍ കഴിഞ്ഞു. ഓസ്ട്രേലിയയില്‍ തെറാപ്യൂട്ടിക് ഗുഡ്‌സ് ആന്റ് അഡ്മിനിസ്‌ട്രേഷ (TGA)ന്റെയും ഇന്ത്യയില്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷ(CDSCO)ന്റെയും അംഗീകാരമായി.
ഇന്ത്യക്കു പുറമെ യു.എസ്, ഓസ്ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ പേറ്റന്റുകള്‍ കൂടി എടുക്കാനുള്ള നടപടികള്‍ മുന്നോട്ടു നീങ്ങുന്നു. കയറ്റുമതി അടക്കം വിപണനം ലക്ഷ്യമിട്ട് കട്ടില്‍ നിര്‍മാണ സജ്ജീകരണങ്ങള്‍ വിശാഖപട്ടണത്ത് തയാറാക്കി. ആദ്യഘട്ടത്തില്‍ ഇന്ത്യയിലും ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും വിപണനത്തിന് എത്തിക്കാനുള്ള നടപടികളും മുന്നോട്ട്. വീടുകളിലും പാലിയേറ്റീവ് കെയര്‍ സെന്ററുകളിലും വയോജന സ്ഥാപനങ്ങളിലും ശുചിത്വമാര്‍ന്ന, സാന്ത്വനമേകുന്ന പരിചരണത്തിന് തന്റെ സ്മാര്‍ട്ട് കട്ടില്‍ പ്രയോജനപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദിലീപ് കുമാര്‍.
Read DhanamOnline in English
Subscribe to Dhanam Magazine