
കഴിഞ്ഞ 32 വര്‍ഷത്തിലധികമായി ബിസിനസ് രംഗത്ത് സജീവമായ കെ.പി.ജി ഗ്രൂപ്പ് 15 വര്‍ഷം മുന്‍പാണ് റൂഫിംഗ് ബിസിനസിലേക്ക് കടന്നത്. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ ഫ്രാഞ്ചൈസിംഗിലൂടെ വടക്കന്‍ ജില്ലകളിലെല്ലാം തന്നെ സാന്നിധ്യമറിയിച്ച കമ്പനി തെക്കന്‍ ജില്ലകളിലും സാന്നിധ്യം ശക്തമാക്കി വരുന്നു.
സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധ്യമാക്കിയും വളര്‍ച്ചയ്ക്ക് അവസരമൊരുക്കിയുമാണ് കെ.പി.ജി റൂഫിംഗ്‌സിന്റെ വളര്‍ച്ച. ഇംപോര്‍ട്ടഡ് റൂഫ് ടൈല്‍ മേഖലയില്‍ 20 ശതമാനം വിപണി പങ്കാളിത്തമുണ്ട് ഇന്ന് കമ്പനിക്ക്. എയര്‍ഫോഴ്‌സ് ജീവനക്കാരനായിരുന്ന കെ.പി പൂക്കോയ തങ്ങള്‍ തുടക്കം കുറിച്ച കെ.പി.ജി ഗ്രൂപ്പ് മുപ്പത് വര്‍ഷത്തിന് മുമ്പ് കല്ല് വെട്ട് മെഷീന്റെ ഫ്രാഞ്ചൈസ് നല്‍കികൊണ്ടാണ് സംരംഭക രംഗത്ത് സജീവമായത്.
എയര്‍ഫോഴ്‌സില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കുടുംബ വക സ്‌കൂളില്‍ അധ്യാപകനായി കുറച്ചു കാലം ജോലി ചെയ്‌തെങ്കിലും സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് കല്ല് വെട്ട് മെഷീന്‍ ബിസിനസിലേക്ക് എത്തിച്ചത്. ചെറിയ നിലയില്‍ തുടങ്ങിയ ബിസിനസ് വിജയമായതോടെ ഫ്രാഞ്ചൈസ് വഴി അത് വിപുലീകരിച്ചു. പിന്നീടാണ് റൂഫിംഗ് ടൈല്‍ രംഗത്തേക്ക് കടക്കുന്നത്. അതിനു പിന്നില്‍ രസകരമായൊരു കഥയുമുണ്ട് (കേള്‍ക്കാന്‍ വീഡിയോയില്‍ ക്ലിക്ക് ചെയ്യുക).
ചൈനയില്‍ നടക്കുന്ന കാന്റണ്‍ ഫെയറില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കെ.പി പൂക്കോയ തങ്ങള്‍. പക്ഷെ അബദ്ധത്തില്‍ അവിടെ വച്ച് പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് നഷ്ടമായി. തിരിച്ചു കിട്ടാന്‍ ഒരു മാസത്തോളം അവിടെ തങ്ങേണ്ടി വന്നു. അന്ന് അവിടെ പരിചയപ്പെട്ട ഒരാളാണ് എല്ലാത്തിനും സഹായിയായി നിന്നത്. റൂഫിംഗ് ടൈലുകളുടെ ബിസിനസായിരുന്നു അദ്ദേഹത്തിന്. അന്ന് കേരളത്തില്‍ ഇറക്കുമതി ചെയ്യുന്ന റൂഫിംഗ് ടൈലുകള്‍ കുറവായിരുന്നു. എന്നാലും സഹായിച്ചയാളെ തിരിച്ചു സഹായിക്കാമെന്നു കരുതി അദ്ദേഹത്തില്‍ നിന്ന് ഒരു കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. സഹോദരന്റെയും മറ്റും വീടു പണിയും ഒരു വില്ല പ്രോജക്ടും നടക്കുന്നുണ്ടായിരുന്നു. വില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ഈ പ്രോജക്ടുകളില്‍ ഉപയോഗിക്കാനാകും എന്ന ധൈര്യമായിരുന്നു മനസില്‍.
നാട്ടില്‍ അന്നു കിട്ടുന്നതിനേക്കാള്‍ വലിപ്പവും 10-15 മടങ്ങ് കരുത്തുമുള്ളതായിരുന്നു ഈ ടൈലുകള്‍. പക്ഷെ ആളുകളെ ഇതേകുറിച്ച് മനസിലാക്കിയെടുക്കാന്‍ കുറച്ച് സമയമെടുത്തെങ്കിലും പിന്നീട് വിജയമായി. അതോടെ ഈ രംഗത്തേക്ക് പതുക്കെ ചുവടുറപ്പിച്ചു. ചൈനയില്‍ കുടുങ്ങിയതു കൊണ്ടു മാത്രമാണ് 75 കോടി രൂപയുടെ ഈ ബിസിനസ് ആശയം ജനിച്ചതെന്ന് കെ.പി.ജി റൂഫിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.പി പൂക്കോയ തങ്ങള്‍ പറയുന്നു.
വെട്ടുകല്ല് മെഷീന്‍ ബിസിനസില്‍ പരീക്ഷിച്ച ഫ്രാഞ്ചൈസ് മോഡല്‍ ഇവിടെയും പരീക്ഷിച്ചു നോക്കുകയായിരുന്നു. അധികം താമസിയാതെ ഈ രംഗത്ത് മുന്‍ നിരക്കാരായി മാറുകയും ചെയ്തു. കേരളത്തിലും തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലുമായി ഗ്രൂപ്പിന് ഇന്ന് 42 ഔട്ട്‌ലെറ്റുകളുണ്ട്. ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം റൂഫ് ടൈല്‍സ് ഷോറൂമുകളുള്ളത് കെ.പി.ജി റൂഫിംഗിസിനാണ്. അതേപോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സെറാമിക് റൂഫ് ടൈല്‍സും കെ.പി.ജിയുടേതാണെന്ന് ഡയറക്ടര്‍ കെ.പി റജീല്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന റൂഫ് ടൈല്‍സ് എന്ന പേര് നേടിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
ഇന്ത്യയൊട്ടാകെ ഷോറൂമുകള്‍ വ്യാപിപ്പിക്കാനും അടുത്ത അഞ്ച്-ആറ് വര്‍ഷത്തില്‍ ബില്‍ഡ് മാര്‍ട്ട് എന്ന പേരില്‍ റൂഫിംഗിന് ആവശ്യമായ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ തുറക്കാനും കെ.പി.ജി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. നിലവില്‍ കര്‍ണാടകയില്‍ ബില്‍ഡ് മാര്‍ട്ടിന്റെ ട്രയല്‍ റണ്‍ നടത്തി വരുന്നുണ്ട്. 2032 ആകുമ്പോള്‍ ഇന്ത്യയിലാകമാനം 100 ബില്‍ഡ് മാര്‍ട്ടുകളാണ് ലലക്ഷ്യം വെക്കുന്നത് -കെ.പി റജീല്‍ പറയുന്നു.
ഫ്രാന്‍സ്, ചൈന, ഇന്തോനേഷ്യ, സ്‌പെയിന്‍ തുടങ്ങിയ പല രാജ്യങ്ങളില്‍ നിന്നും റൂഫിംഗ് മെറ്റീരിയലുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്തിടെ ഗുജറാത്തില്‍ സ്വന്തമായി ഉത്പാദനം ആരംഭിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ അതേ നിലവാരത്തില്‍ ഇവിടെ ഉത്പാദനം നടത്താനാകുന്നുണ്ട്. പാന്‍ ഇന്ത്യ വിപുലീകരണത്തിന് കൂടുതല്‍ സഹായകമാകാന്‍ ഗുജറാത്ത് പ്ലാന്റ് സഹായിക്കുമെന്ന് റജീല്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine