പാരഗണ്‍: വിശ്വാസത്തിന്റെ രുചിബന്ധം, 85 വർഷത്തെ ബ്രാന്‍ഡിന്റെ ജൈത്രയാത്ര സുമേഷ് ഗോവിന്ദ് വിവരിക്കുന്നു

പാരഗണ്‍ മലയാളികള്‍ക്ക് വെറുമൊരു റെസ്‌റ്റൊറന്റ് ബ്രാന്‍ഡല്ല; വികാരമാണ്. പല ദേശങ്ങളില്‍ പല ബ്രാന്‍ഡുകളില്‍ രുചിയുടെ മേളപ്പെരുക്കങ്ങള്‍ സൃഷ്ടിക്കുന്ന പാരഗണ്‍ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറും കളിനറി ക്യുറേറ്ററുമായ സുമേഷ് ഗോവിന്ദ് ബ്രാന്‍ഡിന്റെയും ബിസിനസ് യാത്രയുടെയും ഫിലോസഫി തുറന്നുപറയുന്നു
Paragon, Sumesh Govind
Published on

വ്യത്യസ്തമാണ് സുമേഷ് ഗോവിന്ദിന്റെ വഴി. പാരഗണിന്റെയും. കോഴിക്കോട് നിന്ന് രുചി വൈവിധ്യവുമായി രാജ്യാന്തര തലത്തിലേക്ക് വളര്‍ന്ന പാരഗണ്‍ മലയാളികള്‍ക്ക് ഒരു വികാരമാണ്, മലബാര്‍ രുചിയുടെ ഗ്ലോബല്‍ അംബാസഡറാണ്. ഈ ബ്രാന്‍ഡിനെ എങ്ങനെ വളര്‍ത്തി? എന്താണ് അതിന് പിന്നിലെ കഥ? ബിസിനസ് ഫിലോസഫി എന്താണ്? സുമേഷ് ഗോവിന്ദ് പറയുന്നു. ഒട്ടനവധി രാജ്യാന്തര, ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ, ഇന്ത്യയിലും ദുബായിലും ഏറ്റവും മികച്ച റെസ്റ്റൊറന്റുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ബ്രാന്‍ഡാണ് പാരഗണ്‍.

പേര് വന്ന വഴി

1939ല്‍ എന്റെ അച്ഛന്റെ അച്ഛനും, അച്ഛനും തുടങ്ങിയതാണ് സംരംഭം. അന്ന് ബ്രിട്ടീഷ് ഭരണമായിരുന്നല്ലോ. അക്കാലത്തെ അധികാരിയായിരുന്ന ബ്രിട്ടീഷുകാരന്റെ പത്നിയാണ് പാരഗണ്‍ എന്ന പേരിട്ടതെന്ന് കഥയുണ്ട്. പക്ഷേ എനിക്ക് പാരഗണ്‍ എവിടെ നിന്നോ ആരോ ഇട്ട പേരല്ല; എന്റെ കര്‍മഭൂമിയാണ്. പാരഗണ്‍ എന്ന വാക്കിന് ഇംഗ്ലീഷില്‍ മികവിനും അപ്പുറം എന്നര്‍ത്ഥമുണ്ട്. ഭാഷാപരമായി നോക്കിയാല്‍ അത് ഗ്രീക്ക് വാക്കാണ്. വജ്രം മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികള്‍ ഉരച്ച് മൂര്‍ച്ചപ്പെടുത്തുന്ന കല്ലിനെയാണ് ഗ്രീക്കില്‍ പാരഗണ്‍ എന്ന് വിളിക്കുന്നത്. ആ അര്‍ത്ഥവും വ്യാഖ്യാനവുമാണ് പാരഗണിന് ഞാന്‍ നല്‍കുന്നതും.

പ്രപഞ്ചത്തില്‍ ഏറ്റവും കടുപ്പമേറിയ ഒന്നാണ് വജ്രം. കണ്ടാല്‍ വെറും കല്ലുപോലെ തോന്നുന്നത് വിലപിടിപ്പുള്ള വജ്രമായി മാറുന്നത് അഞ്ച് കാര്യങ്ങള്‍ കൊണ്ടാണ്. അതിന്റെ കാരറ്റ്, കളര്‍, കട്ട്, ക്ലാരിറ്റി പിന്നെ അത് വില്‍പ്പന നടത്തുന്ന ആളുടെ ക്യാരക്റ്റര്‍. പാരഗണിന്റെ വിജയം ഒരു ടീമിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. പാരഗണ്‍ തിളങ്ങിനില്‍ക്കുന്നതിന് കാരണവും ഈ ടീമാണ്. പാരഗണ്‍ ടീമിലെ ഓരോരുത്തരെയും തേച്ചുമിനുക്കുന്ന, കട്ട് ചെയ്ത് വജ്രമാക്കി മാറ്റുന്ന കത്തിയുടെ റോളാണ് എന്റേത്. ഞാന്‍ എന്ന കത്തിയെ തേച്ചുമിനുക്കി ഷാര്‍പ്പായി നിര്‍ത്തുന്ന ഉരകല്ലാണ് പാരഗണ്‍. എന്റെ കര്‍മവുമായി ബന്ധപ്പെട്ടാണ് ഈ ബ്രാന്‍ഡ് നാമത്തെ ഞാന്‍ കാണുന്നതും.

വളച്ചയുടെ പടവുകള്‍?

ചെറുപ്രായത്തില്‍ എനിക്ക് പിതാവിനെ നഷ്ടപ്പെട്ടിരുന്നു. അച്ഛന്‍ ജീവിച്ചിരിക്കുമ്പോഴും ഒരുപാടൊന്നും വാരിക്കോരി തന്നിരുന്നില്ല. ഇല്ലായ്മ എന്തെന്ന് ശരിക്കും അറിഞ്ഞ ബാല്യവും കൗമാരവുമാണ് എന്റേത്. മുതിര്‍ന്നപ്പോള്‍ ഇറങ്ങിപ്പുറപ്പെടുന്ന ഓരോ കാര്യത്തിലും വിജയം വേണമെന്ന നിശ്ചയദാര്‍ഢ്യം എന്നില്‍ വളര്‍ത്തിയത് ഈ ഇല്ലായ്മയാകാം. കീഴടങ്ങാന്‍ എനിക്ക് ഇഷ്ടമല്ല. കീഴടക്കാനാണ് ശ്രമിക്കുക. അഗ്രസീവായ ഈ സ്വഭാവമാണ് പാരഗണിനെ വളര്‍ത്തിയത്.

വളരെ ചലനാത്മകമായ സ്വഭാവവിശേഷമാണ് പാരഗണിന്റേത്. പ്രകൃതമുള്ള ബിസിനസ് ആയതുകൊണ്ട് വളര്‍ച്ചാ അവസരങ്ങള്‍ തുറന്നു വന്നാല്‍ അത് ഉപയോഗപ്പെടുത്തും എന്നല്ലാതെ ഏറ്റെടുക്കലുകളിലൂടെ വളരാന്‍ ശ്രമിക്കാറില്ല. ഉദാഹരണത്തിന് ഇപ്പോള്‍ മുംബൈയിലെത്തുകയാണ് പാരഗണ്‍. അവിടെ അതിനുള്ള ഒരു സാഹചര്യം വന്നതുകൊണ്ടാണത്. അടിയുറച്ച ഈശ്വരവിശ്വാസിയാണ് ഞാന്‍. പരിശ്രമിച്ചാല്‍ നമ്മള്‍ എത്തേണ്ടിടത്തേക്ക് നാം നയിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ബിസിനസ് എന്നാല്‍

ഇതൊരു യാത്രയാണ്. എത്തിച്ചേരേണ്ട സ്ഥലം നിശ്ചയിക്കപ്പെടാനുള്ള തുടര്‍യാത്ര. ഈ യാത്രയില്‍ ചിലപ്പോള്‍ നമുക്ക് സുഗമമായി വണ്ടി ഓടിക്കാന്‍ പറ്റുന്ന റോഡുണ്ടാകും. ചിലപ്പോള്‍ റോഡ് വളരെ മോശമായിരിക്കും. നമ്മുടെ വണ്ടിയുടെ ടയര്‍ പഞ്ചറായെന്നിരിക്കാം. വണ്ടിക്ക് കേടുപാടുകള്‍ വന്നെന്നും ഇരിക്കാം. ഒരു യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യുക? നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി, കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് തീര്‍ത്ത്, വഴിയുടെ സ്വഭാവം നോക്കി ഓടിച്ച് പോകും. ഞാനും അതാണ് ചെയ്യുന്നത്. അങ്ങേയറ്റം ആസ്വദിച്ചുകൊണ്ട് ഈ യാത്ര ചെയ്യുക.

മനുഷ്യരില്‍ പല സ്വഭാവക്കാരുണ്ട്. ചിലര്‍ അഗ്രസീവായിരിക്കും. ചിലര്‍ വളരെ പാസീവായിരിക്കും. ചിലര്‍ ദുര്‍ബലരായിരിക്കും. ഇങ്ങനെ എല്ലാ വിഭാഗക്കാരുമുള്ള ടീമാണ് എന്റേതും. അവരെയൊക്കെ തേച്ചുമിനുക്കി മികച്ച ടീമാക്കി നിര്‍ത്തി മികവിലേക്ക് ഒരു യാത്ര.

ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്ന 3 കാര്യങ്ങള്‍

1. ഇന്നൊവേഷന്‍: പുതുമകള്‍ക്കായി, അതിനുള്ള ഗവേഷണത്തിനും പരീക്ഷണത്തിനും ഏറെ ഊന്നല്‍ നല്‍കുന്നുണ്ട്. ഇന്നൊവേഷനാണ് പാരഗണിനെ വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകം.

2. നൈര്‍മല്യം (സെന്‍സിറ്റീവ്‌നസ്): ഇന്നൊവേഷന്‍ ബിസിനസിലെ ക്രിയാത്മകതയ്ക്കാണ് ആക്കം പകരുന്നതെങ്കില്‍ ചെയ്യുന്നതെന്തിലും നൈര്‍മല്യം വേണമെന്ന കാഴ്ചപ്പാട് ബിസിനസിന്റെ നടത്തിപ്പിലാണ് പ്രയോഗത്തിലെത്തിക്കുന്നത്. റെസ്റ്റൊറന്റുകളുടെ വൃത്തിയിലും ശുദ്ധിയിലും മാത്രമല്ല അക്കൗണ്ടിംഗ് പ്രാക്ടീസ്, എച്ച്ആര്‍ പോളിസി എന്നുവേണ്ട ബിസിനസ് നടത്തിപ്പിന്റെ എല്ലാ വശങ്ങളിലും ഗുഡ് പ്രാക്ടീസസ് നടപ്പാക്കുന്നു.

3. വിഷന്‍: പാരഗണിന് മാത്രമല്ല, ഇവിടെയുള്ള ഓരോ ടീമംഗത്തിനും സ്വന്തം ജീവിതത്തില്‍ വിഷന്‍ വേണമെന്ന് ഞാന്‍ ശഠിക്കാറുണ്ട്. ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടുപോകണം. ജോലി ചെയ്യുന്ന സ്ഥാപനം മാത്രമല്ല, ഓരോരുത്തരും വിജയികളാകണം. ജീവിതലക്ഷ്യം വേണം, അത് നേടണം. അതിനുള്ള പ്ലാറ്റ്ഫോം ഒരുക്കുകയും ചെയ്യും.

പാരഗൺ ബ്രാൻഡ്

സ്ഥാപിത വര്‍ഷം : 1939

സ്ഥാപക സാരഥികള്‍ : ഗോവിന്ദന്‍, അദ്ദേഹത്തിന്റെ മകന്‍ പി.എം വല്‍സന്‍

നിലവിലെ സാരഥി: : സുമേഷ് ഗോവിന്ദ് (സ്ഥാപകന്റെ മകന്‍)

ഗ്രൂപ്പില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ : പാരഗണ്‍, ഫോര്‍ട്ട് പാരഗണ്‍, സല്‍ക്കാര, സല്‍ക്കാര എക്സ്പ്രസ്, എം ഗ്രില്‍, ബ്രൗണ്‍ ടൗണ്‍, കഫേ കാലിക്കറ്റ്, മീറ്റ് & മാക്കറല്‍, അപ്പം & കോ., പാരഗണ്‍ സ്പെഷ്യാലിറ്റി കേറ്ററിംഗ്

പ്രവര്‍ത്തന മേഖല : കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, ബംഗളൂരു, മുംബൈ, ദുബായ്, ഷാര്‍ജ

(Originally published in Dhanam Magazine August 31-September 15, 2025 issue.)

Paragon's 85-year journey from Kozhikode to global culinary fame, guided by Sumesh Govind’s visionary leadership.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com