സണ്‍റൈസ് ഹോസ്പിറ്റല്‍സ്: ആരോഗ്യ രംഗത്തെ ജനകീയ മുഖം

കീഹോള്‍ സര്‍ജറികള്‍ക്കാണ് സണ്‍റൈസ് ഹോസ്പിറ്റല്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
Sunrise Hospital Management
ഡോ. ഹഫീസ് റഹ്‌മാൻ, പര്‍വീണ്‍ ഹഫീസ്
Published on

വിദഗ്ധ സേവനം, താങ്ങാനാവുന്ന നിരക്ക്, അത്യാധുനിക സാങ്കേതികവിദ്യ- കേരളത്തില്‍ വേഗത്തില്‍ വളരുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശൃംഖലകളിലൊന്നായി മാറിയ സണ്‍റൈസ് ഹോസ്പിറ്റലിനെ ജനകീയമാക്കിയ ഘടകങ്ങളാണിവ. ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തില്‍ തന്നെ കേരളം മുന്നില്‍ നില്‍ക്കുമ്പോള്‍, സണ്‍റൈസ് ഹോസ്പിറ്റല്‍സിനും അതില്‍ നിര്‍ണായക പങ്കുണ്ട്.

മിനിമല്‍ ആക്‌സസ് സര്‍ജറി

സണ്‍റൈസ് ഹോസ്പിറ്റലുകളെ മറ്റ് ആശുപത്രികളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകം 'മിനിമല്‍ ആക്സസ് സര്‍ജറി', അഥവാ കീഹോള്‍ സര്‍ജറികള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണെന്ന് അധികൃതര്‍ പറയുന്നു. പഴയ കാലത്തെ ഓപണ്‍ സര്‍ജറികളില്‍ നിന്ന് മാറി, രോഗിയെ അധികം വേദനിപ്പിക്കാതെ ചെയ്യുന്ന ലാപ്രോസ്‌കോപ്പിക് രീതികളാണ് സാധ്യമായ എല്ലാ വിഭാഗങ്ങളിലും സണ്‍റൈസ് പിന്തുടരുന്നത്.

ഓപണ്‍ സര്‍ജറി രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ശാരീരിക ആഘാതമാണ് ഉണ്ടാക്കുന്നത്. മുറിവുകള്‍ ഉണങ്ങാന്‍ എടുക്കുന്ന സമയം, ദീര്‍ഘനാളത്തെ ആശുപത്രി വാസം, ജോലിയില്‍ നിന്നും ജീവിതത്തില്‍ നിന്നുമുള്ള നീണ്ട ഇടവേളകള്‍ എന്നിവയെല്ലാം ഇതിന്റെ പോരായ്മകളാണ്. രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനോടൊപ്പം മുറിവുകള്‍ ഉണങ്ങുന്നതിനുള്ള കാലതാമസം കുറക്കുകയും ചെയ്യുന്നു എന്നത് കീഹോള്‍ ശസ്ത്രക്രിയകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ശസ്ത്രക്രിയക്ക് ശേഷം വേഗത്തില്‍ മുറിവുകള്‍ ഉണങ്ങുന്നു എന്നത് മാത്രമല്ല, ആശുപത്രി വാസം പകുതിയായി കുറക്കാനും ഇതിലൂടെ സാധിക്കുന്നു. 'വേഗത്തിലുള്ള രോഗമുക്തി, സാധാരണ ജീവിതം' (Faster recovery, back to life) എന്ന ആശയമാണ് സണ്‍റൈസ് തങ്ങളുടെ ചികിത്സാ നയത്തിലൂടെ പ്രാവര്‍ത്തികമാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

സേവനം കേരളമൊട്ടാകെ

കൊച്ചിയിലെ കാക്കനാട് ആസ്ഥാനമായി 2005-ല്‍ പ്രവര്‍ത്തനമാരംഭിച്ച സണ്‍റൈസ് ഹോസ്പിറ്റല്‍സ് ഇന്ന് ചങ്ങരംകുളം, ഈരാറ്റുപേട്ട, കോഴിക്കോട്, കുളനട, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിങ്ങനെ ഏഴിടങ്ങളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദഗ്ധ ചികിത്സാരീതി, സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച മികച്ച ഡോക്ടര്‍മാരുടെ സേവനം എന്നിവ ഗ്രാമപ്രദേശങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി ഗ്രാമ-നഗര മേഖലകള്‍ക്ക് ഒരുപോലെ പ്രാധാന്യം നല്‍കിയാണ് സണ്‍റൈസ് ഹോസ്പിറ്റല്‍സ് അവരുടെ പ്രവര്‍ത്തനമേഖലകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇടുക്കിയിലെ അടിമാലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന എട്ടാമത്തെ ആശുപത്രി സണ്‍റൈസിന്റെ വളര്‍ച്ചയുടെ അടുത്തഘട്ടമാണ്. ഇതോടെ ഹൈറേഞ്ച് മേഖലയിലെ ജനങ്ങള്‍ക്കും സണ്‍റൈസിന്റെ സേവനം ലഭ്യമാകും.

ഉത്തരവാദിത്തവും പ്രതിബദ്ധതയും

ഓരോ യൂണിറ്റിലും രാജ്യാന്തര നിലവാരമുള്ള ചികിത്സ ഉറപ്പാക്കുമ്പോഴും, അത് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ നല്‍കാന്‍ സണ്‍റൈസ് ശ്രദ്ധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ലാപ്രോസ്‌കോപ്പിക്‌സര്‍ജറി രംഗത്തെ പ്രമുഖനായ ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്‌മാന്റെയും മാനേജിങ് ഡയറക്റ്റര്‍ പര്‍വീണ്‍ ഹഫീസിന്റെയും കീഴില്‍, മികച്ച പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ വലിയ സംഘം കൂടി അണിചേരുമ്പോള്‍, സണ്‍റൈസ് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴികാട്ടിയാകുന്നു.

ചികിത്സാരംഗത്തെ മികവിനൊപ്പം, മനുഷ്യത്വപരമായ സമീപനവും കൂടിച്ചേരുന്നു എന്നതാണ് സണ്‍റൈസ് ഹോസ്പിറ്റലുകളുടെ പ്രത്യേകത.

ദീര്‍ഘവീക്ഷണമുള്ള സാരഥികള്‍

സണ്‍റൈസ് ഗ്രൂപ്പിന്റെ വിജയഗാഥക്ക് പിന്നില്‍ ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്‌മാന്റെ ദീര്‍ഘവീക്ഷണമാണ്. ലാപ്രോസ്‌കോപ്പിക് സര്‍ജറി രംഗത്തെ ലോകപ്രശസ്തനായ ഗൈനക്കോളജിസ്റ്റ് കൂടിയാണ് അദ്ദേഹം. രണ്ട് ലക്ഷത്തോളം ഗൈനക് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി, ഏറ്റവും കൂടുതല്‍ ലാപ്രോസ്‌കോപ്പിക് ഗൈനക്കോളജിക്കല്‍ സര്‍ജറികള്‍ ചെയ്തതിനുള്ള ലോക റെക്കോഡ് ഡോ. ഹഫീസ് റഹ്‌മാന്റെ പേരിലുണ്ടെന്ന് അധികൃതര്‍ പറയുന്നു.

കേവലം ഒരു ഡോക്ടര്‍ എന്നതിലുപരി, സങ്കീര്‍ണമായ ശസ്ത്രക്രിയകളെ ലളിതവല്‍ക്കരിക്കാനും, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യമാണ് സണ്‍റൈസ് ഹോസ്പിറ്റലിന്റെ അടിത്തറ. വൈദ്യശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളെയും സാങ്കേതികവിദ്യകളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ സമീപനം സണ്‍റൈസിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തി. വരും തലമുറയിലെ ഡോക്ടര്‍മാര്‍ക്ക് ഈ രംഗത്ത് പരിശീലനം നല്‍കുന്നതിലും അദ്ദേഹം മുന്‍പന്തിയിലുണ്ട്.

ഡോ. ഹഫീസ് റഹ്‌മാന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തുറ്റ പിന്തുണയുമായി പര്‍വീണ്‍ ഹഫീസും കൂടെയുണ്ട്. ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നത് അവരാണ്.ഏഴ് ആശുപത്രികളടങ്ങുന്ന ഒരു വലിയ‌ ശൃംഖലയെ ഏകോപിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്ന പര്‍വീണ്‍ ഹഫീസ്, വെല്ലുവിളികളെ ധീരമായി നേരിടുകയും പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ നില്‍ക്കുകയും ചെയ്യുന്നു. ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം, ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ കൊണ്ടുപോകുന്നതിലും അവരുടെ പങ്ക് വലുതാണ്.

(ധനം മാഗസിൻ 2026 ഫെബ്രുവരി 28 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com