സപ്ലൈകോയില്‍ ക്രിസ്മസ്, പുതുവര്‍ഷം ആഘോഷമാകും, വിപണി ഇടപെടലിനായി അധിക വിഹിതം, സാധനങ്ങള്‍ക്ക് വില കുറയും

നവംബര്‍ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവ്
Supplyco Outlet
Image supplyco.in
Published on

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വിപണി ഇടപെടലിനായി സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് ഈ നീക്കം. ഈ വര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കി വച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ തുക മുഴുവന്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലാനി 250 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ 498 കോടി രൂപ അനുവദിച്ചിരുന്നു. 284 കോടി രൂപയാണ് അധികമായി നല്‍കിയത്. 2011-12 മുതല്‍ 2024-25 വരെ 15 വര്‍ഷക്കാലം സപ്ലൈക്കോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനായി 7,680 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത്. ബാക്കി 7,270 കോടി രൂപയും എല്‍.ഡി.എഫ് സര്‍ക്കാരുകളാണ് അനുവദിച്ചതെന്നും ബാലഗോപാല്‍ അറിയിച്ചു.

അന്‍പതാം വാര്‍ഷികത്തില്‍ സ്ത്രീകള്‍ക്ക് 10% വിലക്കിഴിവ്

സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികം പ്രമാണിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. സപ്ലൈകോ നിലവില്‍ നല്‍കുന്ന വിലക്കുറവിന് പുറമെയാണിത്.

250 കോടി രൂപയുടെ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. 140 നിയോജകമണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വര്‍ധിപ്പിക്കാനായി പുഴുക്കലരി സബ്‌സിഡി അരിയില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോഗ്രാം വീതം അരി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഇത് 10 കിലോഗ്രാം ആണ്.

സപ്ലൈകോയിലെ ഉപഭോക്താക്കള്‍ക്കായി പ്രിവിലേജ് കാര്‍ഡ്‌ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. ഓരോ പര്‍ച്ചേസിലും ലഭിക്കുന്ന പോയിന്റുകള്‍ അനുസരിച്ച് വിലക്കിഴിവ് നല്‍കും.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 30 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളും 15 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളും ആയി നവീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. തിരഞ്ഞെടുത്ത ചില സൂപ്പര്‍മാര്‍ക്കറ്റുകളെ സിഗ്നേച്ചര്‍മാര്‍ട്ടുകളും ആക്കും. ആറ് പുതിയ പെട്രോള്‍ പമ്പുകളും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com