Begin typing your search above and press return to search.
കടം കെങ്കേമം; ഓണത്തിന് മുണ്ടു മുറുക്കി ഉടുക്കാൻ സപ്ലൈകോ - സർക്കാർ കനിഞ്ഞത് വെറും 100 കോടി
ഓണത്തിന് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതടക്കമുള്ള വിപണി ഇടപെടലിനായി സര്‍ക്കാരിനോട് 500 കോടി രൂപ ആവശ്യപ്പെട്ട സപ്ലൈകോയ്ക്ക് ലഭിച്ചത് വെറും 100 കോടി രൂപ. സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കിയ വിതരണക്കാര്‍ക്ക് മാത്രം 650 കോടിയിലേറെ രൂപയുടെ കുടിശിക ഉള്ളപ്പോഴാണ് ധനവകുപ്പ് അടിയന്തര സഹായമായി 100 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
കുടിശിക കിട്ടാതെ സാധനങ്ങള്‍ എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി പല സാധനങ്ങളും സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ ലഭ്യമല്ല. പഞ്ചസാര, ശര്‍ക്കര, സാമ്പാര്‍ പരിപ്പ് തുടങ്ങിയ ഇനങ്ങള്‍ ഔട്ട്‌ലറ്റുകളിലെത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞതായി സപ്ലൈകോ ജീവനക്കാര്‍ പറയുന്നു.
മിക്കയിടത്തും 13 ഇനം സബ്‌സിഡി സാധനങ്ങളില്‍ ഉഴുന്ന്, പയര്‍, മുളക്, കെ-റൈസ് തുടങ്ങിയവ മാത്രമാണ് ലഭ്യം. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിലക്കിഴിവ് ഉള്‍പ്പെടെ വിവിധ പാക്കേജുകള്‍ സപ്ലൈകോ വില്‍പ്പന ശാലകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ പകുതിയും ലഭ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഓണം കൊഴുക്കുമോ?
കിട്ടിയ തുക വിതരണം ചെയ്ത് ഓണക്കാലത്തേക്കുള്ള ടെന്‍ഡറില്‍ വിതരണക്കാരെ പങ്കെടുപ്പിക്കാനാണ് സപ്ലൈകോ ശ്രമിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്തും സാമ്പത്തിക പ്രതിസന്ധി മൂലം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കും മാത്രമായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. 13 ഇനം അവശ്യ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാന്‍ സാധാരണ മാസങ്ങളില്‍ പോലും 40 കോടി രൂപയ്ക്ക് മുകളില്‍ ചെലവു വരും. ഓണക്കാലത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കേണ്ടതുള്ളതിനാല്‍ തുക ഇരട്ടിലധികമാകും. ഈ സാഹചര്യത്തില്‍ മുണ്ടു മുറുക്കിയുടുത്തു മുന്നോട്ടു പോകാനെ സപ്ലൈകോയ്ക്ക് തരമുള്ളു.
നിത്യോപയോഗ സാധനങ്ങള്‍ 35 ശതമാനം വരെ വിലകുറവില്‍ വിതരണം ചെയ്യാനാണ് സഹായം എന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചത്. വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനുമായി 2,075 കോടിയോളം രൂപയാണ് സപ്ലൈക്കോയ്ക്ക് മൊത്തം ആവശ്യമായി വരിക. ഇതിനായാണ് 700 കോടി രൂപ അടിയന്തര സഹായം ചോദിച്ചത്. നെല്ല് സംഭരണത്തിന് മാത്രം 600 കോടി വേണ്ടത് പരിഗണിച്ചതുമില്ല. വിപണി ഇടപെടലിനായി കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത് 205 കോടി രൂപയാണ്.
Next Story
Videos